ഭർത്താവിന്റെ മൊബൈൽ സന്ദേശം അപകീർത്തികരമെന്ന്; ഭാര്യക്ക് നഷ്ടപരിഹാരം നൽകണമെന്ന് റാസൽഖൈമ കോടതി.
റാസൽഖൈമ: ഭർത്താവ് മൊബൈൽ സന്ദേശത്തിലൂടെ അപമാനിച്ചുവെന്നുകാണിച്ച് കോടതിയെ സമീപിച്ച ഭാര്യക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ച് റാസൽഖൈമ കോടതി. ഭർത്താവ് അയച്ച സന്ദേശം മനോവിഷമത്തി നിടയാക്കിയെന്നും മനഃപൂർവം അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതു മായിരുന്നുവെന്നും കാണിച്ചാണ് യുവതി കേസ് നൽകിയത്. മാനനഷ്ടത്തിന് ഭർത്താവിൽ നിന്ന് 10,000 ദിർഹം ലഭ്യമാക്കണമെന്നും പരാതിക്കാരി ആവശ്യമുന്നയിച്ചു.
ഭാര്യയുടെ സന്ദേശത്തിന് മറുപടി നൽകുക മാത്രമാണ് താൻ ചെയ്തതെന്നും ഒരുവിധ മാനനഷ്ടമുണ്ടാക്കാനും മുതിർന്നിട്ടില്ലെന്നും കേസ് തള്ളണമെന്നും ഭർത്താവ് കോടതിയിൽ വാദിച്ചു. വിസ്താരങ്ങൾക്കൊടുവിൽ കോടതി ചെലവ് ഉൾപ്പെടെ 5,000 ദിർഹം പിഴ ഭർത്താവ് നൽകണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചു.