പതിനാറ് വയസ്സുള്ള മകള്‍ക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ മാതാവിന് പിഴയും ഒരു ദിവസത്തെ തടവും ശിക്ഷയും
പ്രായപൂര്‍ത്തിയാകാത്ത മകൾക്ക് സ്കൂട്ടർ ഓടിക്കാൻ നൽകി; മാതാവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ
പതിനാറ് വയസ്സുള്ള മകള്‍ക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ മാതാവിന് പിഴയും ഒരു ദിവസത്തെ തടവും ശിക്ഷ വിധിച്ച് കാസര്‍ഗോഡ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി. ഉദിനൂര്‍ സ്വദേശി എം.ഫസീല(36)യ്ക്കാണ് ശിക്ഷ വിധിച്ചത്.
25,000 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ. 2020 മാര്‍ച്ച് 18നായിരുന്നു സംഭവം. അന്ന് ചന്തേര എസ്‌ഐ ആയിരുന്ന മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഓടിച്ചു വന്ന സ്‌കൂട്ടര്‍ പിടികൂടിയത്.
ചോദ്യം ചെയ്തപ്പോള്‍ മാതാവ് ഫസീലയാണ് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത പൊലീസ് ഫസീലയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു.
കുട്ടികൾ വാഹനമോടിച്ചാൽ കനത്ത പിഴ, രക്ഷിതാവിന് കടുത്ത ശിക്ഷ
18 വയസ്സിൽ താഴെയുള്ള കുട്ടികളെക്കൊണ്ട് വാഹനം ഓടിപ്പിക്കുകയൊ അതിനുള്ള ശ്രമം ജനിപ്പിക്കുന്നതൊ ആയ ഒരു കാര്യവും പ്രോത്സാഹിപ്പിക്കരുത്. നിലവിലെ മോട്ടോർ വാഹന നിയമത്തിൽ ഏറ്റവും കഠിനമായ ശിക്ഷാവിധികൾ പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതിനാണെന്ന് അറിയണം. 2019ൽ പുതുതായി 199(A) വകുപ്പ് കൂട്ടി ചേർക്കുക വഴി ജുവനൈൽ ആയ കുട്ടികൾ വാഹനം ഓടിക്കുന്നത് ഇപ്പോൾ 35,000 രൂപ പിഴയും രക്ഷിതാവിന് മൂന്ന് വർഷം വരെ ജയിൽ ശിക്ഷയും കിട്ടാവുന്ന കുറ്റമായി മാറ്റപ്പെട്ടിരിക്കുന്നു. മാത്രവുമല്ല വാഹനത്തിന്‍റെ രജിസ്ട്രേഷനും രക്ഷിതാവിന്‍റെ ലൈസൻസും റദ്ദു ചെയ്യപ്പെടാം. ആ കുട്ടിക്ക് 25 വയസ്സിന് ശേഷം മാത്രമെ ലൈസൻസിന് അപേക്ഷിക്കാനും കഴിയൂ.