ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഓരോ കുഞ്ഞിന്റെയും ഉള്ളിൽ ഒരു പൊലീസുണ്ട്; കള്ളനും! കുഞ്ഞു വളരുമ്പോൾ ആരാകും ഒപ്പം വളരുക?



ഓരോ കുഞ്ഞിന്റെയും ഉള്ളിൽ ഒരു പൊലീസുണ്ട്; കള്ളനും! കുഞ്ഞു വളരുമ്പോൾ ആരാകും ഒപ്പം വളരുക? കള്ളനോ അതോ പൊലീസോ? ഉത്തരം ലളിതവും അതേസമയം സങ്കീർണവുമാണ്. അവളുടെ, അവന്റെ കുഞ്ഞു മനസിനെ സ്വാധീനിക്കുന്ന അനുഭവങ്ങൾ തന്നെയാണു ഭാവിയിൽ നേരിന്റെ പാതകളിലൂടെ വളരണോ തെറ്റിന്റെ ഇരുട്ടു വഴികളൂടെ നടക്കണോയെന്നു തീരുമാനിക്കുക. നല്ല അനുഭവങ്ങളും അറിവും പകർന്നു വാത്സല്യത്തിന്റെ കൈ പിടിച്ചു നയിച്ചാൽ അവരിലെ നന്മ ഉണരും.



കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്ന് മാറി അണുകുടുംബങ്ങളാണ് നമുക്കുള്ളത്.ഇക്കാരണത്താലും മറ്റു പലകാരണ ങ്ങളാലും കുട്ടികളുടെ ജീവിതം തടവറയിലായതു പോലെയാണ് ഇപ്പോൾ. സാമൂഹിക ഇടപെടലുകളില്ലാതെയും ജീവകാരുണ്യ ചിന്തകളില്ലാതെയും പ്രായോഗിക ജീവിതപാഠങ്ങള്‍ അറിയാതെയുമാണ് നമ്മുടെ കുട്ടികൾ വളരുന്നത്. സ്വയം ജീവിക്കാനുള്ള അവസ്ഥ അവര്‍ക്ക് അന്യമാകുകയാണ്. മാതാപിതാക്കളുടെ സ്വാര്‍ത്ഥതയും ജോലിത്തിരക്കും ഉയര്‍ന്ന വിദ്യാഭ്യാസ ചെലവുമെല്ലാം കാരണം ഒറ്റക്കുട്ടി മതി എന്ന തീരുമാനത്തിലേക്ക് പല മാതാപിതാക്കളും എത്തിപ്പെടുന്നു. മിക്ക വീടുകളിലും ആരോഗ്യപരമായ അന്തരീക്ഷം ഇല്ല എന്നതാണ് സത്യം..ഇളം പ്രായത്തില്‍ തന്നെ രൂപീകൃതമാകുന്ന സ്വഭാവമാകും ജീവിതാവസാനം വരെയും ഒരു വ്യക്തി നിലനിര്‍ത്തുക. 'ചൊട്ടയിലെ ശീലം ചുടല വരെ' എന്നാണല്ലോ...എന്താണ് ഉചിതമെന്ന് നിങ്ങളുടെ കുട്ടിക്ക് വ്യക്തമായ ബോധം നല്‍കുക. കുട്ടികള്‍ക്ക് ഒരു നല്ല അദ്ധ്യാപകനാവണം നിങ്ങള്‍. അവരെ അപമാനിക്കുകയോ അവര്‍ക്കു നേരെ ആക്രോശിക്കുകയോ ചെയ്യേണ്ടതില്ല. കുട്ടികളോട് കൃത്യമായ ആശയവിനിമയം നടത്തി അവര്‍ക്ക് തെറ്റും ശരിയുമേതാണെന്ന് ബോധ്യപ്പെടുത്തി കൊടുക്കുക.


ഒരു കഥ പറയാം ; ഒരു കുട്ടി, അവന്റെ മുത്തശ്ശി കത്തെഴുതുന്നത് നോക്കിയിരിക്കുകയായിരുന്നു... ഒരു ഘട്ടത്തിൽ അവൻ മുത്തശ്ശിയോട്‌ ചോദിച്ചു: " കഥയെഴുതുകയാണോ ? എന്നെക്കുറിച്ചുള്ള ഒരു കഥയാണോ ഇത്?"
മുത്തശ്ശി എഴുത്തു നിർത്തിയിട്ട്‌ പേരക്കുട്ടിയോട്‌ പറഞ്ഞു: "ഞാൻ നിന്നെക്കുറിച്ചെഴുതുകയാണ് സത്യത്തിൽ.... ,എന്നാൽ വാക്കുകളെക്കാൾ മുഖ്യം ഞാനുപയോഗിക്കുന്ന ഈ പെൻസിലാണ്. നീ വളരുമ്പോൾ ഈ പെൻസിൽ പോലെയായിത്തീരണമെന്ന് ഞാനാശിക്കുന്നു."


അവൻ ജിജ്ഞാസയോടെ ആ പെൻസിലിലേക്ക്‌ നോക്കി. അതിന് യാതൊരു സവിശേഷതയും അവന്‌ തോന്നിയില്ല. അവൻ മുത്തശിയോട്‌ പറഞ്ഞു :
"പക്ഷേ ഇത്‌ ഞാൻ കണ്ടിട്ടുള്ള മറ്റേതൊരു പെൻസിലിനെയും പോലെയാണല്ലോ...'
 മുത്തശ്ശി അവനോട്‌ പറഞ്ഞു : "നീ കാര്യങ്ങൾ എങ്ങനെ കാണുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുമത്. ഈ പെൻസിലിന്‌ അഞ്ചു ഗുണങ്ങളുണ്ട്. അവയെ നീയും മുറുകെ പിടിച്ചാൽ എല്ലായ്പ്പോഴും ലോകത്തോട് സമരസപ്പെട്ട് പോകാൻ കഴിയുന്നയാളായിത്തീരും നീ.


ഒന്നാമത്തെ ഗുണം: നിനക്ക് ഈ പെൻസിൽ പോലെ വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയും... പക്ഷേ നിന്റെ ചുവടുകളെ നയിക്കുന്ന ഒരു കൈയുണ്ടെന്നത് നീയൊരിക്കലും മറക്കരുത്. ആ കയ്യിനെ നാം ദൈവമെന്നു വിളിക്കുന്നു. അവൻ നമ്മളെ അവന്റെ ഹിതമനുസരിച്ച് നയിക്കുന്നു.


രണ്ടാമത്തെ ഗുണം: ഇടക്കിടെ, എഴുത്ത് നിർത്തിയിട്ട്‌ ഞാനിതിന്റെ മൂർച്ച കൂട്ടുന്നു. അത് കാരണം പെൻസിൽ അല്പം കഷ്ടപ്പെടുന്നുണ്ട്. എന്നാൽ അത്‌ കഴിയുമ്പോൾ ആ പെൻസിലിന്‌ കൂടുതല് മൂര്ച്ച കൈവരുന്നു..... അത് പോലെ, നീയും ചില വേദനകളും ദുഃഖങ്ങളും സഹിക്കാൻ പഠിക്കണം... അവ നിന്നെ കൂടുതൽ മെച്ചപ്പെട്ട ഒരു വ്യക്തിയാക്കി മാറ്റും.


മൂന്നാമത്തെ ഗുണം: ഈ പെൻസിൽ എപ്പോഴും ഒരു എറേസർ ഉപയോഗിക്കാൻ നമ്മെ അനുവദിക്കുന്നു, ഏതു തെറ്റും മായ്ക്കാനായി....അതായത്, നമ്മൾ ചെയ്യുന്നതെന്തെങ്കിലും തെറ്റാണെങ്കിൽ അത്‌ തിരുത്തുന്നത് ഒരു മോശപ്പെട്ട കാര്യമല്ല.
അത് നമ്മളെ നീതിയുടെ വഴിയിൽ നടക്കുവാൻ സഹായിക്കുന്നു.


നാലാം ഗുണം: ഒരു പെൻസിലിൽ പ്രധാനം തടി കൊണ്ടുള്ള അതിന്റെ പുറംതോടല്ല, അതിനുള്ളിലെ ഗ്രാഫൈറ്റാണ്. അത് കൊണ്ട് എപ്പോഴും നിന്റെ ഉള്ളിലുള്ളതിന് ശ്രദ്ധ നൽകാൻ ശ്രമിക്കുക.


പെൻസിലിന്റെ അഞ്ചാമത്തെ ഗുണം: അത് എപ്പോഴും ഒരു അടയാളം അവശേഷിപ്പിക്കുന്നു എന്നതാണ്‌.. അതേ രീതിയില്, നീ ജീവിതത്തിൽ ചെയ്യുന്ന ഓരോ കാര്യവും ഒരടയാളം ബാക്കി വയ്ക്കുമെന്ന് നീ മനസ്സിലാക്കണം. അതിനാൽ ഓരോ പ്രവൃത്തി ചെയ്യുമ്പോഴും അതേപ്പറ്റി ബോധവാനായിരിക്കാൻ ശ്രമിക്കണം." മുത്തശ്ശി പറഞ്ഞു നിർത്തി.


ഓരോ കുഞ്ഞിന്റെയും ഉള്ളിൽ ഒരു പൊലീസുണ്ട്; കള്ളനും! കുഞ്ഞു വളരുമ്പോൾ ആരാകും ഒപ്പം വളരുക? കള്ളനോ അതോ പൊലീസോ? ഉത്തരം ലളിതവും അതേസമയം സങ്കീർണവുമാണ്. അവളുടെ, അവന്റെ കുഞ്ഞു മനസിനെ സ്വാധീനിക്കുന്ന അനുഭവങ്ങൾ തന്നെയാണു ഭാവിയിൽ നേരിന്റെ പാതകളിലൂടെ വളരണോ തെറ്റിന്റെ ഇരുട്ടു വഴികളൂടെ നടക്കണോയെന്നു തീരുമാനിക്കുക. നല്ല അനുഭവങ്ങളും അറിവും പകർന്നു വാത്സല്യത്തിന്റെ കൈ പിടിച്ചു നയിച്ചാൽ അവരിലെ നന്മ ഉണരും.