ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഷൂ മോഷ്ടിക്കുന്ന കള്ളന്‍റെ ദൃശ്യങ്ങള്‍ വൈറൽ


ഒരു ചെരുപ്പ് കള്ളനെ പേടിച്ച്‌ ചെരിപ്പുകള്‍ വീടിനു പുറത്തുവയ്ക്കാൻ പറ്റാത്ത ഗതികേടിയായിരിക്കുകയാണു ബംഗളൂരു നഗരവാസികള്‍. വീടിനു പുറത്ത് റാക്കുകളില്‍ സൂക്ഷിക്കുന്ന വിലപിടിപ്പുള്ള ഷൂകളാണു കള്ളൻ മോഷ്ടിച്ചു കൊണ്ടുപോകുന്നത്.


നിരവധിപ്പേരുടെ ഷൂകള്‍ അപ്രത്യക്ഷമായെങ്കിലും മോഷ്ടിക്കുന്നതാണെന്ന് ആദ്യം ആരും കരുതിയിരുന്നില്ല. ഒടുവില്‍ ഷൂ കള്ളൻ കാമറയില്‍ കുടുങ്ങിയപ്പോഴാണു കവർച്ചയാണെന്നു വ്യക്തമായത്.


ഹൗസിംഗ് സൊസൈറ്റികളില്‍നിന്നാണു പ്രധാനമായും ഷൂ മോഷ്ടിക്കുന്നത്. ഓരോ വീടിന്‍റെ മുന്നിലെത്തി അവിടെയുള്ള ചെരിപ്പുകള്‍ക്കിടയില്‍നിന്നു തനിക്ക് ഇഷ്ടപ്പെട്ട ഷൂ കള്ളൻ തെരഞ്ഞെടുക്കുന്നു. കാലില്‍ ഇട്ട് പാകമാണോ എന്നു നോക്കി സമയമെടുത്താണ് മോഷണം.


ഷൂ മോഷ്ടിക്കുന്ന കള്ളന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്.
മുഖംമൂടി ധരിച്ച്‌ കള്ളൻ ഇടനാഴിയിലൂടെ അലസമായി നടന്നുനീങ്ങുന്നതും റാക്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന ചെരിപ്പുകളില്‍ ഇഷ്ടപ്പെട്ട ഷൂ തെരഞ്ഞെടുക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. തുടർന്നു ഷൂ ചാക്കിലാക്കി സാവാധാനം നടന്നു മറയുന്നു. ഇടയ്ക്ക് ഇയാള്‍ കാമറയിലേക്കു നോക്കുന്നുമുണ്ട്. 1.1 ദശലക്ഷത്തിലധികം പേരാണ് ഇതിനകം വീഡിയോ കണ്ടത്. കള്ളനെ പിടികൂടിയതായി റിപ്പോർട്ടുകളിലില്ല.


വീഡിയോ പുറത്തുവന്നതോടെ ആശങ്ക പ്രകടിപ്പിച്ച്‌ ഒരുപാടുപേർ രംഗത്തെത്തി. ഈ കള്ളന് ഇത്ര എളുപ്പത്തില്‍ എങ്ങനെ അകത്ത് കയറാനും കവർച്ച നടത്തിയശേഷം ടെൻഷനില്ലാതെ പുറത്തിറങ്ങാനും കഴിയുന്നുവെന്നായിരുന്നു ഒരാളുടെ ചോദ്യം. ഇയാളെ നേരിൽ കിട്ടിക്കഴിഞ്ഞാൽ നല്ല രീതിയിൽ കൈകാര്യം ചെയ്തു വിടണമെന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്.