ജീവിക്കാന്‍ മനുഷ്യര്‍ക്കു വളരെ കുറച്ചു കാര്യങ്ങള്‍ മതി. ഏതു സാഹചര്യത്തിലും മനുഷ്യനു പോസിറ്റീവായി ചിന്തിക്കാന്‍ ബലം നൽകുന്നതു സുതാര്യതയാണ്. ഞാന്‍ എന്തായിരിക്കുന്നുവോ അതുപോലെ മറ്റുള്ളവരുടെ മുമ്പിലും ആയിരിക്കുക എന്നതാണു സുതാര്യത.
നമ്മുടെയൊക്കെ ഒരായുസില്‍ അനുഭവിച്ചു തീര്‍ക്കാന്‍ കഴിയാത്തത്ര വിസ്മയങ്ങള്‍ നമുക്കു ചുറ്റുമുള്ള പ്രകൃതിയിലുണ്ട്. എങ്കിലും ഭൂരിപക്ഷം പേരും അതൊന്നും നോക്കാതെ കേള്‍ക്കാതെ യന്ത്രങ്ങളുടെ പിന്നാലെ പായുന്നു, യന്ത്രങ്ങള്‍ സ്വന്തമാക്കാന്‍. ധനം സമ്പാദിക്കാനും അധികാരം നേടാനും മോഷ്ടിക്കാനും പിടിച്ചുപറിക്കാനും തയ്യാറാകുന്നു. അതോടെ പ്രകൃതിയെ കണ്ടാനന്ദിക്കാനുള്ള നിഷ്കളങ്കത എന്ന സിദ്ധി നഷ്ടപ്പെടുന്നു. നിഷ്കളങ്കതയുടെ സുതാര്യത ഉണ്ടെങ്കിലേ പ്രകൃതിയില്‍ ദൈവം ഒരുക്കിയിരിക്കുന്ന വിസ്മയങ്ങള്‍ കണ്ടെത്താന്‍ കഴിയൂ. കണ്ണിലെ തിമിരംപോലെ കാപട്യം മനസ്സിന്‍റെ ആസ്വാദനശേഷിയെ ബാധിക്കുന്നു.
ആകാശത്തെ നക്ഷത്രങ്ങള്‍ എണ്ണി കളിക്കാനും ചക്രവാളത്തിലെ മഴവില്ലിനെ അടുത്തുകാണാന്‍ പോകാനും കഴിയുന്നത് ഏറ്റവും കുറഞ്ഞ സൗകര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്കാണ്. ഇപ്പോള്‍ നമ്മുടെ സ്കൂളുകളിലുള്ള കുട്ടികളോട് ഇതേക്കുറിച്ചു ചോദിച്ചാലറിയാം എത്ര പേര്‍ക്ക് ഈ സൗഭാഗ്യങ്ങള്‍ അനുഭവിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന്. ദൈവം അനുഗ്രഹങ്ങളുമായി കൈനീട്ടി നിൽപ്പുണ്ട്. അതു സ്വന്തമാക്കാന്‍ നമുക്കു സമയം വേണമെന്നു മാത്രം.
എല്ലാ ഭൗതിക സുഖസൗകര്യങ്ങളോടുംകൂടി മാതാപിതാക്കളോടൊത്തു സമൃദ്ധിയില്‍ ജീവിച്ചുപോന്ന രണ്ടു ബാല്യങ്ങള്‍ക്കു പെട്ടെന്നൊരു ദിവസം അവരെ നഷ്ടപ്പെട്ടു. ഒരു കാര്‍ ആക്സിഡന്‍റായിരുന്നു. ആദ്യമൊക്കെ കുട്ടികള്‍ ക്കു വേണ്ടത്ര കരുതലും സംരക്ഷണവും കിട്ടി. പിന്നീട് അവഗണനയും കുറ്റപ്പെടുത്തലും ശാസനകളും മാത്രമായി. പക്ഷേ മൂത്ത കുട്ടി ഇളയവനെ ധൈര്യപ്പെടുത്തി. " നമ്മുടെ അച്ഛന്‍ പറയാറില്ലേ, മിനിമം റിക്വയര്‍മെന്‍റില്‍ ജീവിക്കുന്നവരാണ് ഏറ്റവും വലിയ മനുഷ്യര്‍ എന്ന്." അച്ഛന്‍ അവര്‍ക്കു പറഞ്ഞുകൊടുത്ത കഥ ഇങ്ങനെ.
അര്‍ദ്ധനഗ്നനായ സന്ന്യാസിയെ കണ്ടു യുദ്ധവീരനായ ചക്രവര്‍ത്തി ചോദിച്ചു, നിങ്ങള്‍ക്കു ഞാന്‍ പട്ടും ആഭരണങ്ങളും തരട്ടെയെന്ന്. പക്ഷേ, സന്ന്യാസി അതു നിരസിച്ചിട്ടു പറഞ്ഞു: ഞാന്‍ വെയിലു കായുകയാണ്. താങ്കള്‍ വെയിൽ മറക്കാതെ മാറിനിന്നാല്‍ മതിയെന്ന്." ജീവിക്കാന്‍ മനുഷ്യര്‍ക്കു വളരെ കുറച്ചു കാര്യങ്ങള്‍ മതി. ഏതു സാഹചര്യത്തിലും മനുഷ്യനു പോസിറ്റീവായി ചിന്തിക്കാന്‍ ബലം നൽകുന്നതു സുതാര്യതയാണ്. . ഞാന്‍ എന്തായിരിക്കുന്നുവോ അതുപോലെ മറ്റുള്ളവരുടെ മുമ്പിലും ആയിരിക്കുക എന്നതാണു സുതാര്യത.
സുതാര്യതയും ലാളിത്യവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. പ്രകൃതിയില്‍ നിന്നു നമുക്ക് അനുദിനം ആവശ്യമുള്ളതു മാത്രം സ്വീകരിച്ചു ജീവിക്കുന്നതാണു ലാളിത്യം.ലാളിത്യമുള്ളവര്‍ക്ക് ഒന്നും പൂഴ്ത്തിവക്കാനും ഒളിച്ചുവക്കാനും ഉണ്ടാകില്ല. അതുകൊണ്ട് അവരുടെ ജീവിതത്തിനും സ്വാഭാവികമായിത്തന്നെ സുതാര്യത ഉണ്ടായിരിക്കും. നാട്ടിന്‍പുറങ്ങളിലെ ആളുകള്‍ സുതാര്യതയും ലാളിത്യവും ഇഷ്ടപ്പെടുന്നവരാണ് എന്നു നാം പറയാറില്ലേ.?
സുതാര്യത പറഞ്ഞതു കൊണ്ടു മാത്രം ഉണ്ടാക്കി എടുക്കാനാകില്ല. ജീവിച്ചു കാണിക്കണം... മാതാപിതാക്കള്‍, അദ്ധ്യാപകര്‍, നേതാക്കന്മാര്‍ ഇവർക്കൊക്കെ അതിന് ഉത്തരവാദിത്വമുണ്ട്. പണമിടപാടുകളിലെയും വ്യക്തിജീവിതത്തിലെയും സുതാര്യത ഇല്ലായ്മയാണല്ലോ നിത്യേന നെഗറ്റീവ് വാര്‍ത്തകളായി പ്രത്യക്ഷപ്പെടുന്നത്! അമ്മയറിയാതെ അച്ഛന്‍ ചെയ്യുന്ന രഹസ്യ ഫോണ്‍ ഇടപാടുകളും അച്ഛന്‍ അറിയാതെയുള്ള അമ്മയുടെ രഹസ്യപണമിടപാടുകളും കുട്ടികള്‍ കണ്ടുപിടിക്കും. ഇതൊക്കെയാകാം എന്ന് ആദ്യമായി അവര്‍ പഠിക്കുന്നതങ്ങനെയാണ്. ഒളിക്കാന്‍ ഒന്നുമില്ലാത്തവന്‍റെ ജീവിതം സ്വര്‍ഗീയമാണ്. അതാണു മഹാന്മാരുടെ ജീവിതചരിത്രങ്ങള്‍ നമുക്കു പറഞ്ഞുതരുന്നതും.
ഒളിപ്പിക്കാനില്ലാത്തവന് പേടിക്കാനുമില്ല’ എന്ന ഒരു പ്രയോഗം സുതാര്യജീവിതത്തെക്കുറിച്ചുള്ള അര്‍ത്ഥവത്തായ ശൈലിയാണ്. ‘മര്‍ത്ത്യനു കൈപ്പിഴ ജന്മസിദ്ധം’ എന്നൊരു മൊഴിയുണ്ട്. അത്തരം കൈപ്പിഴകള്‍ മാപ്പര്‍ഹിക്കുന്നതാണെങ്കില്‍, തിരിച്ചറിയുക ബോധപൂര്‍വമോ, ലാഘവത്വം മൂലമോ വരുത്തിവെക്കുന്ന വിനകള്‍ കുറ്റകരം തന്നെയാണ്. ഒരുപാട് അനഭിലഷണീയമായ കാര്യങ്ങളിലിടപെട്ട് പലതും സ്വന്തം ഭാര്യയുടെയും മക്കളുടെയും സമൂഹത്തിന്റെയും മുന്നില്‍ ഒളിപ്പിച്ച് ശ്വാസംമുട്ടി ഞെരുങ്ങി ജീവിക്കുന്നതിനേക്കാള്‍ വളരെ സരളമാണ് സുതാര്യജീവിതം. ഭരണാധികാരിതൊട്ട് ഒടുവിലത്തെ സാധാരണ പൗരന് വരെ തുല്യ ബാധകമായ ദര്‍ശനമാണിത്. സുതാര്യത സംശയാതീതമല്ലെങ്കില്‍ പിന്നെ, വ്യക്തിയായാലും നേതാവായാലും ഭരണാധിപനായാലും അവശേഷിക്കുക അവിശ്വാസ്യതയായിരിക്കും.