ജീവിതത്തിലെ ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ ശീലങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ദുശ്ശീലങ്ങൾ മാറ്റിയെടുക്കാനും ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ, അവ രണ്ടും ഒരു രാത്രി കൊണ്ട് നേടിയെടുക്കാൻ സാധിക്കുന്നതല്ല. നല്ല ശീലങ്ങൾ ചര്യയാക്കുന്നതിനും ദുശ്ശീലങ്ങൾ വിപാടനം ചെയ്യുന്നതിനും ദീർഘനാളത്തെ നിതാന്ത ജാഗ്രതയും നിരന്തര പരിശ്രമവും അനിവാര്യമാണ്. അത്യുത്സാഹത്തോടെ ആരംഭിക്കുന്ന പല കാര്യങ്ങളും പാതിവഴിയിൽ നിലച്ചുപോകുന്നതിന്റെ പ്രധാന കാരണം നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവുമില്ലാത്തതാണ്. “ചുട്ടയിലെ ശീലം ചുടല വരെ’ എന്ന പഴമക്കാരുടെ ചൊല്ലിന് വലിയ അർഥതലങ്ങളുണ്ട്. ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം’ എന്ന മലയാളത്തിന്റെ ജനകീയ കവി കുഞ്ചൻ നമ്പ്യാരുടെ വരികൾ വളരെ പ്രസക്തമാണ്. കുട്ടിക്കാലത്തെ പല ശീലങ്ങളും മരണം വരെ തുടരുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ആകയാൽ ചെറുപ്പം മുതൽ തന്നെ സൽസ്വഭാവത്തിന്റെയും സദ്ഗുണത്തിന്റെയും അനേകം നല്ല പാഠങ്ങൾ ജീവിതത്തിൽ ശീലമാക്കിയാൽ മാത്രമെ വൃത്തിയും അർഥവുമുള്ള ഭാവി ജീവിതം ചിട്ടപ്പെടുത്താൻ സാധിക്കുകയുള്ളൂ. നമ്മുടെ എല്ലാ പ്രവർത്തനങ്ങളുടെയും ഉറവിടം ബുദ്ധിയിൽ...