ഇന്ന് നമുക്ക് പ്രിയപ്പെട്ടവർ നാളെ നമ്മുടെ ശത്രുക്കളും ആകും . ... ജീവിത യാത്രയിൽ നമ്മുടെ ഓരോ പ്രായത്തിനും ഉണ്ടാകും അതാതിന്റെ ശരികളും , തീരുമാനങ്ങളും ..എന്നാൽ പ്രായത്തിന്റെ പ്രത്യേകതകളെ വളർച്ച കൊണ്ട് അതിജീവിക്കാൻ കഴിയണം. നമുക്കൊരിക്കലും പണ്ഡിതനാകാൻ കഴിഞ്ഞെന്ന് വരില്ല, എന്നാൽ പ്രായോഗികമായി ശരിയും തെറ്റും വേർതിരിക്കാനെങ്കിലും പഠിച്ചിരിക്കണം..
ശരിയും, തെറ്റും, മാത്രമല്ല ശരികളിലെ തെറ്റും, തെറ്റുകളിലെ ശരിയും കണ്ടെത്തണം..അത് പോലെ തന്നെ വിശ്വാസങ്ങളിലും, പ്രതീക്ഷകളിലും തിരുത്തൽ ആവശ്യമായി വന്നാൽ അത് മടികൂടാതെ നടപ്പിലാക്കുകയും വേണം..
ഓർക്കുക ഒരിക്കലും തുടങ്ങി എന്നതിന്റെ പേരിൽ തുടരേണ്ടതായ ശീലമോ, സമ്പ്രദായമോ നമുക്കൊരിക്കലും ഇല്ല . ഏതിലും ഉണ്ടാകും കേടുപാടുകൾ തീർക്കേണ്ടതും, തച്ചുടക്കേണ്ടതും , പുനർനിർമ്മിക്കേണ്ടതും.. ഓരോന്നും തിരിച്ചറിഞ്ഞ് തിരുത്തൽ വരുത്തിയ ജീവിതത്തിലാണ് കാലാനുസൃതമായ പരിവേഷം ഉണ്ടാവുക. എത്ര വേഗം ശരികളിലേയ്ക്കും സത്യങ്ങളിലേയ്ക്കും നാം എത്തുന്നുവോ അത്രകണ്ട് അർത്ഥപൂർണ്ണവും , സമൃദ്ധവും ആകും ജീവിതം.
നമ്മിലെ ഉദാത്തമായ ചിന്തകളാണ് നാമെന്ന വ്യക്തിയെ നിർമ്മിക്കുന്നത്. നമ്മുടെ ചിന്ത മനസാക്ഷിയോട് യോജിച്ച് വരുമ്പോഴാണ് നമ്മിലെ നൻമകൾ സൃഷ്ടിക്കപ്പെടുന്നത്.മനുഷ്യന്റെ മനസ്സ് തെറ്റിലേക്ക് കൂടുതൽ ചാഞ്ഞു പോകുന്നത് നമ്മുടെ മോശം ചിന്തകൾ കാരണമാണ്.
ദുഷിച്ച ചിന്തകളെ നന്മയാലുള്ള സമീപനം കൊണ്ട് പ്രതിരോധിക്കാൻ കഴിയുന്നവൻ ചെയ്യുന്ന കർമ്മങ്ങൾ ഏറ്റവും മികവുറ്റതായിരിക്കും.ആഹ്ലാദം പകരുന്ന ചിന്തകൾക്കേ ജീവിതത്തെ സന്തോഷകരമാക്കാൻ കഴിയൂ!. ആർജ്ജവമുള്ള മനസ്സുള്ളവർക്കേ ഭയപ്പാടിന്റെ ബന്ധനത്തിൽ നിന്ന് മുക്തി നേടാൻകഴിയൂ.