പിറന്ന് വീണത് മരണത്തിലേക്ക്; ഇൻക്യുബേറ്ററിലെ ചൂടില്‍ കുഞ്ഞ് വെന്തുമരിച്ചു, കാണ്‍പൂരില്‍ കണ്ണീര്‍ക്കാഴ്ച
കാണ്‍പൂർ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയെത്തുടർന്ന് നവജാത ശിശുവിന് ദാരുണാന്ത്യം.
ജനിച്ചു വീണ് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഇൻക്യുബേറ്ററിലെ (വോർമർ മെഷീൻ) അമിത ചൂടേറ്റ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്.
ശ്വാസതടസ്സമുണ്ടെന്ന് പറഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ കുഞ്ഞിനെ വോർമർ മെഷീനില്‍ കിടത്തി ജീവനക്കാർ മറന്നുപോയതാണ് ദുരന്തത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. മെഷീന് തീപിടിക്കുകയോ അമിതമായി ചൂടാവുകയോ ചെയ്തതോടെ കുഞ്ഞിന്റെ മുഖം, നെഞ്ച്, വയർ എന്നിവിടങ്ങളില്‍ മാരകമായി പൊള്ളലേറ്റു. ശരീരം കറുത്തിരുണ്ട നിലയിലായിരുന്നു. കുഞ്ഞ് മരിച്ച വിവരം അഞ്ച് മണിക്കൂറോളം ആശുപത്രി അധികൃതർ മാതാപിതാക്കളെ അറിയിച്ചില്ല. കുട്ടിയെ കാണാൻ അനുവദിക്കാതെ അഡ്മിഷൻ നടപടികളെക്കുറിച്ച് പറഞ്ഞ് ബന്ധുക്കളെ കബളിപ്പിക്കുകയായിരുന്നു.
ബക്കർഗഞ്ച് സ്വദേശിയായ അരുണ്‍ നിഷാദിന്റെയും ബിട്ടുവിന്റെയും ആദ്യത്തെ കണ്‍മണിയായിരുന്നു ഈ പെണ്‍കുഞ്ഞ്. വൈകുന്നേരം സിസേറിയനിലൂടെ പിറന്ന കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും അമ്മയ്ക്ക് സാധിച്ചില്ല. പ്രതിഷേധം ശക്തമായപ്പോള്‍ കേസ് ഒതുക്കിത്തീർക്കാൻ ആശുപത്രി അധികൃതർ രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും കുടുംബം ആരോപിക്കുന്നു.
"ഭൂമിയിലെ ദൈവങ്ങളെന്ന് വിശ്വസിക്കുന്നവർ തന്നെ എന്റെ കുഞ്ഞിനെ കൊന്നു. മകള്‍ എങ്ങനെയാണ് മരിച്ചതെന്ന് ഭാര്യയോട് പറയാൻ പോലും എനിക്ക് ധൈര്യമില്ല." - അരുണ്‍ നിഷാദ് (പിതാവ്)
ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ബിത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായും 24 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചതായും അഡീഷണല്‍ മെഡിക്കല്‍ ഓഫീസർ അറിയിച്ചു. നിലവില്‍ ആശുപത്രിയിലെ എൻഐസിയു വിഭാഗം പൂട്ടിയിരിക്കുകയാണ്.
