വിമർശനം എന്നുള്ളത് ഒരു സാർവത്രിക പ്രതിഭാസമാണ്. എക്കാലത്തും എവിടെയും അതുണ്ടായിരുന്നു. വിമർശനം നടത്താത്തവരും വിമർശനത്തിനു വിധേയരാകാത്തവരും ഒരുപക്ഷേ, ആരും തന്നെ ഉണ്ടാകില്ല. വികൃതികൾ മാത്രമല്ല സുകൃതികളും വിമർശിക്കപ്പെടുന്നു. നന്മയും ഔന്നത്യവുമുള്ളവർ കൂടുതൽ വിമർശിക്കപ്പെട്ടു എന്നും വരാം.
നാമെല്ലാം തന്നെ എപ്പോഴെങ്കിലും വിമർശകവേഷം കെട്ടാത്തവരല്ല. അതുകൊണ്ട് വിമർശകരും വിമർശനവും നമ്മിൽ കൗതുകമുണർത്തുന്നു. നമ്മിൽ ചിലർ വളരെ കനിവോടും കരുതലോടും പരിമിതമായി വിമർശനം നടത്തുന്നവരാകാം. മറ്റു ചിലർ രൂക്ഷമായും നിർദാക്ഷിണ്യവും വിമർശനശരം തൊടുക്കുന്നവരാകും. മേന്മ നടിക്കുന്നവരും അഹന്തയിൽ രമിക്കുന്നവരും വിമർശനം സ്വഭാവമായി മാറ്റിയവരാകും.
ഒരു സംഭവം ഇങ്ങനെ ; ടാക്സിയിലേക്ക് ഒരാൾ പാഞ്ഞു കേറി. ‘എയർപോട്ടിലേക്ക്, വേഗം!’ എന്നുകേട്ട പാടേ ഡ്രൈവർ വണ്ടിവിട്ടു. പെട്ടെന്നൊരു വണ്ടി ഒട്ടും ശ്രദ്ധയില്ലാതെ കേറി വന്നു. സെകൻഡുകളുടെ വ്യത്യാസത്തിലാണ് അപകടം ഒഴിവായത്. എന്നിട്ടും, തെറ്റുമുഴുവൻ അയാളുടെ ഭാഗത്തായിട്ടും ടാക്സിക്കാരനോട് ആ ഡ്രൈവർ ചൂടായി.... പക്ഷേ, ഇതൊക്കെ എത്ര കേട്ടതാ എന്ന ഭാവത്തിൽ വെറുതേയൊന്നു നോക്കി, കൈവീശി ഡ്രൈവർ വണ്ടിവിട്ടു. യാത്രക്കാരന് ദേഷ്യം വന്നു. ‘തെറ്റ് അയാളല്ലേ ചെയ്തത്. വിമർശനം നമ്മൾക്കും! എന്താ ഒന്നും മിണ്ടാതെ പോന്നത്?’
ഡ്രൈവറുടെ മുഖത്തൊരു കുസൃതിച്ചിരി. ‘സാറേ ഇതൊക്കെ എന്നും പതിവാ. പണ്ടൊക്കെ ഞാൻ ചൂടാവാൻ നിൽക്കാറുണ്ടായിരുന്നു.. ഇപ്പൊ അതിന് പോവാറില്ല. ആരോടൊക്കെയോ ഉള്ള ദേഷ്യമാണ് റോഡിൽ കാണുന്നവരോട് തീർക്കുന്നത്... നമ്മളെന്തിനാ അത് സ്വീകരിക്കാൻ പോവുന്നത് ?.വിമർശിക്കാൻ നിൽക്കുന്നോരോട് നമ്മൾ മറുപടി പറയാൻ പോയാൽ അവർ പിന്നേം തർക്കിക്കും. നമ്മൾക്ക് ദേഷ്യം വരും. നമ്മളത് വേറേ ആളുകളോട് തീർക്കാൻ തുടങ്ങും. തർക്കിക്കാൻ പോയകാലത്ത് മക്കളോടു വരെ ഞാൻ ചെറിയ കാര്യങ്ങൾക്ക് വഴക്കിട്ടിരുന്നു. ആരോടോ ഉള്ള ദേഷ്യം മുന്നിലുള്ളവരോട് തീർക്കുന്നത് മോശല്ലേ..’
വിമർശനം കേൾക്കുമ്പോൾ കൈവീശിപ്പോകാൻ ചെറിയ ജീവിതാനുഭവം പോരാ. ചിലനേരത്ത് ഗാന്ധിജിക്കു പോലും സഹിച്ചിട്ടില്ല. ‘ഒരാൾക്ക് നാണം മറയാനുള്ളത്ര വസ്ത്രം നിങ്ങൾ ധരിച്ചിട്ടില്ലല്ലോ’ എന്ന് വൈസ്രോയ് പരിഹസിച്ചപ്പോൾ, ‘രണ്ടാൾക്ക് നാണം മറക്കാനുള്ള വസ്ത്രം നിങ്ങൾ ധരിച്ചിട്ടുണ്ടല്ലോ’എന്നാണ് മറുപടി തൊടുത്തത്.
വിമർശനം താൽപര്യക്കുറവിന്റെ സൂചനയാണെന്ന് ഖലീഫാ അലി പറഞ്ഞത് സത്യം. ചിലർക്ക് നമ്മളോട് സ്നേഹവും അടുപ്പവും തോന്നാൻ കാരണമാകുന്ന ചില കാര്യങ്ങളില്ലേ, അതു തന്നെയാവും വേറെ ചിലർക്ക് നമ്മളോട് താൽപര്യക്കുറവും അകൽച്ചയും തോന്നാൻ കാരണമാകുന്നത്. രണ്ടും മനുഷ്യാവസ്ഥയായി കാണുകയല്ലാതെ വേറൊരു വഴിയില്ല.
വിമർശിക്കപ്പെടും. വീട്ടിലും ജോലിസ്ഥലത്തും കുടുംബത്തിലും അത് കേൾക്കേണ്ടിവരും. നമ്മുടെ നേരെ കുടയുന്ന മഷി പോലെയാണ് വിമർശനം. അങ്ങനെ കണ്ടാൽമതി; കുപ്പായത്തിലേക്ക് മഷി തെറിച്ചോട്ടെ. കുപ്പായം മാറ്റിയാൽ മതിയല്ലോ. ഒരിറ്റു പോലും ഹൃദയത്തിൽ തട്ടാതെ നോക്കലാണ് മിടുക്ക്. വിമർശനം കേൾക്കാനുള്ള ധൈര്യമാണ് ധൈര്യം.
നമ്മളോട് ഒരു താൽപര്യവുമില്ലാത്ത മനുഷ്യർക്ക് നമ്മുടെ സമാധാനം തകർക്കാൻ അനുവാദം കൊടുക്കരുത്. കാരണം, ഒരാളും കുറ്റം പറയാത്ത മനുഷ്യൻ ഒന്നും ചെയ്യാത്ത മനുഷ്യനാണ്.
ഒരിക്കൽ എബ്രഹാം ലിങ്കൺ പ്രസംഗിക്കുമ്പോൾ ആരോ ഷൂ ഉയർത്തിപ്പിടിച്ച് പരിഹസിച്ചു. ‘ഇതു കണ്ടോ, താങ്കളുടെ അച്ഛൻ തുന്നിയതാ..’;
മൈക്കിലൂടെത്തന്നെ ലിങ്കൺ മറുപടികൊടുത്തു:‘ആണോ, അതൊന്നു കാണട്ടെ. അച്ഛനെന്തു ചെയ്താലും അടിപൊളിയായിരിക്കും!’
എന്തിനാ ഇങ്ങനെ എഴുതീം പറഞ്ഞും നടക്കുന്നതെന്ന് വിമർശിച്ചപ്പോൾ ജിദ്ദു കൃഷ്ണമൂർത്തിയുടെ മടുപടി ഇങ്ങനെ ആയിരുന്നു : ‘എന്തിനാ ഇങ്ങനെ വിരിഞ്ഞുനിൽക്കുന്നതെന്ന് പൂവിനോട് ചോദിക്കൂ..
വിമർശനം നടത്തുമ്പോഴും വിമർശനം സ്വീകരിക്കുമ്പോഴും സ്നേഹത്തിന്റെ ആത്മാവ് നമ്മെ ഭരിച്ചാൽ നാം വഴിതെറ്റിപ്പോകില്ല.
ലോകത്തെല്ലാവർക്കും തുല്യമായി ലഭിക്കുന്ന ഒന്നാണ് സമയം.., സമയത്തിന്റെ സമര്‍ത്ഥമായ വിനിയോഗമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്ന്.ജീവിതത്തിൽ പാഴാക്കിക്കളയുന്ന ഓരോ മിനിട്ടിനെക്കുറിച്ചും നാം ചിന്തിക്കണം.., കഴിഞ്ഞ് പോകുന്ന ഒരു ദിവസമോ, ഒരു മണിക്കൂറോ എന്തിന്ന്, ഒരു നിമിഷം പോലും നമുക്ക് തിരിച്ച് ലഭിക്കില്ല.
കൂടുതല്‍ മികച്ച രീതിയില്‍ സമയം ഉപയോഗിക്കുക വഴി ലക്ഷ്യത്തിലേക്ക് എത്താനുള്ള സാദ്ധ്യതയാണ് വര്‍ദ്ധിക്കുന്നത്.., സമയനിഷ്‌ഠയും, സമയക്രമീകരണവും നമ്മുടെ കാര്യക്ഷമതയും വർദ്ധിപ്പിക്കും.സമയം ചോരുന്ന വഴികള്‍ കണ്ടെത്തുകയും, എവിടെയാണ് കാലതാമസം വന്നതെന്ന് കണ്ടുപിടിച്ച് തിരുത്തുകയും ചെയ്യണം.., 'സമയത്തെ കൊല്ലാന്‍' സമയമില്ല, കാരണം സമയം മനുഷ്യനെ കൊന്നു കൊണ്ടിരിക്കുകയാണ്.