തിരിച്ചറിവുകളാണ് യഥാർത്ഥ ശരികൾ.
ആ ശരികളാണ് നമ്മളെ തെറ്റുകളിൽ നിന്ന് സംശുദ്ധീകരിക്കുന്നതും നന്മയിലേക്ക് വഴി നടത്തുന്നതും.സ്വയം തിരിച്ചറിവുകളിലൂടെ മാത്രമാണ് തെറ്റുകളിൽ നിന്നുള്ള മോചനം സാധ്യമാവൂ..തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ അറിവുള്ളവർ സ്വയം തിരുത്തും .അറിവില്ലാത്തവർ തർക്കിച്ചുകൊണ്ടേയിരിക്കും.
മനുഷ്യജീവിതം തന്നെ തെറ്റിൽ നിന്നും ശരിയിലേക്കുള്ള യാത്രയാണ്. തെറ്റുകൾ സംഭവിച്ചെന്നിരിക്കും. തിരുത്താനും സ്വയം നന്നാകാനുമുള്ള പരിശ്രമം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ചിന്തകളും വാക്കും പ്രവൃത്തിയും നന്മകൾ നിറഞ്ഞതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതാണ് ആത്യന്തികമായി വിജയത്തിലേക്കുള്ള വഴി.
ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വന്തം തെറ്റ് മനസ്സിലാക്കുകയും അത് അംഗീകരിക്കുകയുമാണ് . ഏറ്റവും എളുപ്പമുള്ള സംഗതി മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്തി പ്രചരിപ്പിക്കലാണ്.
ചെയ്യരുതാത്തത് ചെയ്യുന്നത് മാത്രമല്ല ചെയ്യേണ്ട സമയത്ത്ചെയ്യാതിരിക്കുന്നതും തെറ്റ് തന്നെയാണ് .
മനുഷ്യരുടെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണിത്. അവർക്ക് മറ്റുള്ളവർ തെറ്റായ വഴിയിലൂടെയാണെന്നത് വളരെ എളുപ്പത്തിൽ മനസ്സിലാവും.എന്നാൽ താനും അതേ മാർഗ്ഗത്തിലൂടെ തന്നെയാണ് ചരിക്കുന്നത് എന്ന കാര്യം അവന് ഒരിക്കലും മനസ്സിലാക്കാൻ കഴിയുകയുമില്ല.
സ്വന്തം ശക്തിയെ തിരിച്ചറിയാത്തതു കൊണ്ടാണു നാം പ്രശ്നക്കാരായി മാറുന്നത്. സത്യവും അഹിംസയും ആത്മാര്‍ത്ഥതയുടെ ജീവിതശൈലിയും നാം സ്വായത്തമാക്കണം. കാലം മാറിയെന്നു പറയും മുമ്പു നമ്മുടെ മാറ്റത്തെ യഥാകാലം വിലയിരുത്തണം. അലസമനസ്സ് പിശാചിന്‍റെ പണിപ്പുരയാണെന്നാണു പറയുക. അതുകൊണ്ട് അദ്ധ്വാനം ആരാധനയാണെന്നു കരുതണം. ദൈവം എല്ലാ പക്ഷികള്‍ക്കും ഭക്ഷണം നൽകുന്നു. എന്നാല്‍ അവിടുന്ന് ഒന്നിന്‍റെയും കൂട്ടില്‍ ഭക്ഷണം കൊണ്ടു പോയി വക്കാറില്ലായെന്ന യാഥാര്‍ത്ഥ്യം മറക്കരുത്.... അദ്ധ്വാനിക്കാതെ അടിച്ചു പൊളിക്കാമെന്ന വ്യാമോഹം മിഥ്യയാണ് മണ്ടത്തരമാണ്, ദുരന്തമാണ്.
അടിസ്ഥാനപരമായ അടിച്ചു പൊളിയെന്നതു തന്നെ ആപത്തിന്‍റെ നാന്ദി പദമാണ്. ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അഥവാ സമൃദ്ധിയിലും ദാരിദ്ര്യത്തിലും മിതത്വം പാലിക്കാന്‍ മാത്രം നമുക്കു വിവേകമുണ്ടാകണം. കരയുന്നവരോടു കൂടി കരയാനും ചിരിക്കുന്നവരോടു കൂടി ചിരിക്കാനും മാത്രം നമ്മുടെ ഹൃദയം സരളമാകണം, സത്യമുള്ളതാകണം. ആത്മശക്തിയോടു നേരിടുമ്പോള്‍ ആയുധം ശക്തിഹീനമാണെന്നാണു ഗാന്ധിജി പറയുന്നത്. ഈ ആത്മശക്തിയില്‍ നാം ബലപ്പെടണം. സ്വയം ജയിക്കാന്‍ അഥവാ ആത്മജയം സാദ്ധ്യമാക്കാന്‍ മാത്രം മനുഷ്യൻ ദൈവഭയത്തിലും ചിന്തയിലും ജീവിക്കണം. ദൈവത്തില്‍ നിന്നുള്ള സന്ദേശം നമ്മുടെ ഹൃദയത്തില്‍ സ്വീകരിക്കാനാകാത്ത വിധം ഭൗതികതയുടെ "ഔട്ട് ഓഫ് റേഞ്ചില്‍" നാം ജീവിക്കരുത്.
തെറ്റുകളെക്കുറിച്ച് അറിവില്ലാത്തതു കൊണ്ട് തെറ്റ് ചെയ്യുന്നവരുണ്ടാകാം.
സാഹചര്യത്തിൻ്റെ സമ്മർദ്ദത്താൽ തെറ്റുകൾ ചെയ്യുന്നവരുമുണ്ടാകും.
എന്തായാലും ചെയ്ത തെറ്റ് തിരുത്താനുള്ള
ആദ്യ നടപടി സ്വന്തം തെറ്റുകൾ തിരിച്ചറിയുക എന്നതാണ്.
എന്നാൽ ഒരിക്കൽ ശരിയേതെന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ തെറ്റ് വീണ്ടും ആവർത്തിക്കാൻ പാടില്ല. നമ്മുടെ പശ്ചാത്താപം
ആത്മാർത്ഥമായിരിക്കണം. മറ്റുളളവരെ ബോധ്യപ്പെടുത്താൻ വേണ്ടി ആയിരിക്കരുത്.
തെറ്റുകൾ ഏറ്റു പറഞ്ഞ് ക്ഷമ ചോദിക്കുന്നവർക്ക് ക്ഷമ നൽകുക തന്നെ വേണം. തെറ്റുകൾ മറച്ചുവെച്ച് തർക്കിക്കുന്നവരുടെ മുന്നിൽ മൗനം പാലിക്കുക. നമ്മുടെ നിശ്ശബ്ദതയാകാം നമ്മുടെ വിജയം.അവർ പറയുന്നതും
ചെയ്യുന്നതും മാത്രമാണ് ശരിയെന്ന് കരുതുന്ന ചിലരുണ്ട് .അങ്ങനെയുള്ള മനുഷ്യരോട് തർക്കിച്ചിട്ട് യാതൊരു കാര്യവുമില്ല . കാരണം തങ്ങളാണ് ശരിയെന്ന് സ്ഥാപിക്കാൻ അവർ ഏതറ്റം വരെയും ന്യായീകരിച്ചു കൊണ്ടേയിരിക്കും.






