ചിന്തകൾ ശരീരത്തോട് സംസാരിക്കുമ്പോൾ!
നമ്മുടെ ചിന്തകൾക്ക് ശരീരത്തോട് സംസാരിക്കാൻ കഴിയുമോ? ഇല്ല എന്നാണോ നിങ്ങൾക്ക് കരുതുന്നത് എന്നാൽ ആധുനിക വൈദ്യശാസ്ത്രം വ്യക്തമാക്കുന്നത് മനസ്സും ശരീരവും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. സന്തോഷം വരുമ്പോൾ ശരീരം ഉന്മേഷഭരിതമാകുന്നതും, ഭയം തോന്നുമ്പോൾ ഹൃദയമിടിപ്പ് വർധിക്കുന്നതും, മാനസിക സമ്മർദം ഉണ്ടാകുമ്പോൾ തലവേദനയും ശരീരവേദനയും അനുഭവപ്പെടുന്നതുമെല്ലാം നാം പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള കാര്യങ്ങളാണ്. എന്നിട്ടും മനസ്സും ശരീരവും തമ്മിൽ ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ പലരും അതിനെ ഗൗരവമായി കാണാറില്ല.
മനസ്സിൽ ഉണ്ടാകുന്ന ചിന്തകളും വികാരങ്ങളും ശരീരത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതുപോലെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ മാനസികാവസ്ഥയെയും സ്വാധീനിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ഒരു പ്രധാന പദമാണ് സൈക്കോസോമാറ്റിക് (Psychosomatic). 'സൈക്കോ' എന്നാൽ മനസ്സിനെയും മാനസിക പ്രവർത്തനങ്ങളെയും, 'സൊമാറ്റിക്' എന്നാൽ ശരീരത്തെയും ശാരീരിക പ്രവർത്തനങ്ങളെയും പ്രതിനിധീകരിക്കുന്നു.. അതായത് മാനസിക ഘടകങ്ങൾ ശരീരത്തിന്റെ പ്രവർത്തനങ്ങളെയും രോഗലക്ഷണങ്ങളെയും സ്വാധീനിക്കുന്ന അവസ്ഥകളെയാണ് പൊതുവെ സൈക്കോസോമാറ്റിക് പ്രശ്നങ്ങൾ എന്ന് വിളിക്കുന്നത്.
ഒന്ന് ശ്രദ്ധിച്ചുനോക്കൂ. നമുക്ക് എന്തെങ്കിലും മാനസിക പ്രയാസമുണ്ടാകുമ്പോൾ അതിന്റെ തീവ്രതയ്ക്കനുസരിച്ച് തലവേദന അനുഭവപ്പെടാറില്ലേ, ചിലരിൽ കഴുത്തിലും തോളുകളിലും കൈകാലുകളിലുമെല്ലാം വേദനയായി അത് പ്രത്യക്ഷപ്പെടാം. ഭയമോ ഉത്കണ്ഠയോ ഉണ്ടാകുമ്പോൾ ശരീരം വിയർക്കുക, തൊണ്ട വരളുക, ഹൃദയമിടിപ്പ് വർധിക്കുക, കൈകാലുകൾ വിറയ്ക്കുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ചിലപ്പോൾ അമിതമായ ഉത്കണ്ഠയിൽ തലകറക്കവും അനുഭവപ്പെടാം.
ഇതെല്ലാം നമ്മോട് പറയുന്നത് ഒരു കാര്യമാണ്. മനസ്സിലെ വൈകാരിക മാറ്റങ്ങൾ ശരീരത്തിൽ ശാരീരിക പ്രതികരണങ്ങളായി പ്രകടമാകുന്നു. അത് ദീർഘകാലം തുടരുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാം.
നൊസീബോ എഫക്ട്: നമ്മുടെ ചിന്തകൾ മരുന്നിനെയും സ്വാധീനിക്കുമോ
മനസ്സിന്റെ സ്വാധീനം രോഗലക്ഷണങ്ങളിൽ മാത്രമല്ല, ചികിത്സയോടുള്ള നമ്മുടെ പ്രതികരണത്തിലും കാണാൻ കഴിയും.
ഒരു അസുഖത്തിന് മരുന്ന് കഴിക്കുമ്പോൾ നമ്മുടെ മനസ്സിൽ അറിയാതെ ചില ചിന്തകൾ കടന്നുവരാറുണ്ട്.
ഈ മരുന്നിന് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാകുമോ?
ഇത് കഴിച്ചാൽ വേറെ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ?
ഈ മരുന്ന് എന്റെ ശരീരത്തിന് ചേരുമോ?
മരുന്നിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് യുക്തിസഹമായി അറിയുന്നതും ജാഗ്രത പുലർത്തുന്നതും തെറ്റല്ല. എന്നാൽ അമിതമായ ഭയവും നെഗറ്റീവ് പ്രതീക്ഷകളും ചിലപ്പോൾ മരുന്നുമായി ബന്ധപ്പെട്ട് യഥാർത്ഥത്തിൽ ഇല്ലാത്തതോ സാധാരണയേക്കാൾ ശക്തമായി അനുഭവപ്പെടുന്നതോ ആയ അസ്വസ്ഥതകൾക്ക് കാരണമാകാം.
ഇതിനെയാണ് വൈദ്യശാസ്ത്രത്തിൽ നൊസീബോ എഫക്ട് (Nocebo Effect) എന്ന് വിളിക്കുന്നത്.
ഇതിന്റെ മറുവശമാണ് പ്ലാസിബോ എഫക്ട് (Placebo Effect).
നമ്മുടെ വിശ്വാസവും പ്രതീക്ഷയും ശരീരത്തിലും ആരോഗ്യത്തിലും മാറ്റങ്ങൾ ഉണ്ടാക്കുന്നതാണ് Placebo Effect. അതായത്, നമ്മുടെ പ്രതീക്ഷയും വിശ്വാസവും ശരീരത്തിന്റെ സ്വാഭാവിക പ്രതികരണത്തെ വ്യക്തമായി സ്വാധീനിക്കുന്നു. ഫലത്തിൽ മനസ്സിന്റെ പങ്ക് എത്രത്തോളം പ്രധാനമാണെന്നു മനസ്സിലാക്കാനാണ് ഈ പ്രതിഭാസങ്ങളെ കുറിച്ചു ഇവിടെ പറഞ്ഞത്.
മനസ്സിന്റെ കരുത്ത് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു ഒരു അനുഭവം
ഇതുമായി ബന്ധപ്പെട്ട് ലോകശ്രദ്ധ നേടിയ ഒരു യഥാർത്ഥ അനുഭവമുണ്ട്.
അമേരിക്കൻ എഴുത്തുകാരനും പത്രാധിപരുമായിരുന്ന നോർമൻ കസിൻസ് (Norman Cousins) ഗുരുതരമായ ഒരു രോഗാവസ്ഥയിലൂടെ കടന്നുപോയി. അന്ന് അദ്ദേഹത്തിന് നട്ടെല്ലിനെയും സന്ധികളെയും ബാധിക്കുന്ന ഗുരുതരമായ നീർക്കെട്ട് രോഗമാണ് ഉണ്ടായതെന്ന് പറയപ്പെടുന്നു.
കടുത്ത വേദനയും ശാരീരിക ബുദ്ധിമുട്ടുകളും അദ്ദേഹത്തിന്റെ ജീവിതത്തെ വല്ലാതെ ബാധിച്ചു. എന്നാൽ അദ്ദേഹം തന്റെ രോഗാവസ്ഥയെ നേരിടാൻ മറ്റൊരു വഴി കൂടി കണ്ടെത്താൻ ശ്രമിച്ചു. ചികിത്സിക്കുന്ന ഡോക്ടറുടെ അറിവോടെയും മേൽനോട്ടത്തോടെയും തന്റെ ദിനചര്യയിൽ ചിരിക്കും സന്തോഷത്തിനും വലിയ പ്രാധാന്യം നൽകി. അദ്ദേഹം പഴയ കോമഡി സിനിമകളും മാർക്സ് ബ്രദേഴ്സിന്റെ ഹാസ്യചിത്രങ്ങളും നിരന്തരം കാണാൻ തുടങ്ങി. മനസ്സുതുറന്ന് ചിരിക്കുന്നത് വേദനയിൽ നിന്ന് താൽക്കാലിക ആശ്വാസം നൽകുകയും കുറച്ചുസമയം സുഖമായി ഉറങ്ങാൻ സഹായിക്കുകയും ചെയ്തതായി അദ്ദേഹം പിന്നീട് രേഖപ്പെടുത്തി.
കാലക്രമേണ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടായി. ഈ അനുഭവം അദ്ദേഹം പിന്നീട് Anatomy of an Illness as Perceived by the Patient എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചികിത്സയിൽ മരുന്നുകളും പങ്കുവഹിച്ചിരുന്നു എന്നൊരു വസ്തുതയുണ്ടെങ്കിലും ഇവിടെ രോഗത്തെ നേരിടുന്നതിൽ പ്രതീക്ഷയ്ക്കും സന്തോഷത്തിനും മാനസിക കരുത്തിനും എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഈ അനുഭവം ലോകത്തിന് മുന്നിൽ ചർച്ചാവിഷയമാക്കി.അതുകൊണ്ട് രോഗം വരുമ്പോൾ ശരീരത്തെ മാത്രം ചികിത്സിച്ചാൽ മതിയാകാത്ത സാഹചര്യങ്ങളുണ്ട്. ശരീരത്തോടൊപ്പം മനസ്സിനും പരിഗണന നൽകേണ്ടതുണ്ട്.
സന്തോഷത്തോടെ ജീവിക്കുക, പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടുക, അമിതമായ ഉത്കണ്ഠ ഒഴിവാക്കുക, ആവശ്യത്തിന് വിശ്രമിക്കുക, നല്ല ഉറക്കം ഉറപ്പാക്കുക, പ്രിയപ്പെട്ടവരുമായി മനസ്സ് തുറന്ന് സംസാരിക്കുക എന്നിവയെല്ലാം ആരോഗ്യകരമായ ഒരു ജീവിത ശൈലിയുടെ ഭാഗമാണ്.
Naseef Mohamed
NLP, EFT Therapist
Certified Healing Professional

















