സ്നേഹിക്കുക എന്നാൽ സമർപ്പണമാണ്..
ഇഷ്ടം ഒരിക്കലും സ്നേഹം ആകുന്നില്ല.
ഇഷ്ടത്തിൽ നിന്നും സ്നേഹത്തിലേക്ക് ഒരുപാട് ദൂരമുണ്ട്. താൻ ഇഷ്ടപ്പെടുന്ന വ്യക്തിയുടെ സന്തോഷം തന്റേതു കൂടി ആകുകയും തന്റെ ഹൃദയം ആ ഹൃദയത്തോടൊപ്പം മിടിക്കുവാൻ തുടങ്ങുകയും ചെയ്യുമ്പോൾ നിങ്ങൾ സ്നേഹത്തിൽ ആയെന്നു പറയാം.
പ്രണയിക്കുന്നവർ പരസ്പരം കണ്ടെത്തുന്നവർ ആണ്. പരസ്പരം സമർപ്പിക്കപ്പെട്ടവരാണ്. പരസ്പരം സ്നേഹത്തിലാകുമ്പോൾ പ്രണയം രൂപം കൊള്ളുന്നു. അവിടെ രണ്ട് അനുഭൂതി ഒരാളിൽ ഉളവാകുന്നു. സ്നേഹിക്കുന്നതിന്റെയും സ്നേഹിക്കപ്പെടുന്നതിൻറെയും. രണ്ട് വ്യക്തിത്വങ്ങൾ പരസ്പരം ശരീരം മാറുകയാണിവിടെ. ഞാൻ നീയും നീ ഞാനും ആകുന്ന അവസ്ഥ. പരമമായ ധ്യാനമാണിത്.
തേച്ചില്ലേ പെണ്ണേ… തേച്ചില്ലേ പെണ്ണേ" എന്ന ഹിറ്റായ ഒരു സിനിമാ ഗാനം കേള്‍ക്കാത്തവരുണ്ടാകില്ല. 'തേക്കല്‍' ഒരു ന്യൂജെന്‍ പദപ്രയോഗമാണെങ്കിലും അതുകൊണ്ട് അര്‍ത്ഥമാക്കുന്ന വിഷയം പണ്ടേ പ്രസക്തമാണ്. സ്വന്തമാക്കിക്കൊള്ളാമെന്ന് വാക്കുകൊടുക്കുകയും, ഒരുമിച്ചു ജീവിക്കേണ്ടവരാണ് നമ്മളെന്നതിനാല്‍ ചല 'കൊടുക്കല്‍ വാങ്ങലുക'ളൊക്കെ നടത്തണം എന്ന് പരസ്പരം പറഞ്ഞുറപ്പിക്കുകയും, അവയൊക്കെ നടപ്പിലാക്കുകയും ചെയ്തുകൊണ്ട് ഒരാത്മാവും ഒരു ശരീരവും, ഒരു പ്ലേറ്റില്‍ ഭക്ഷണവും, ഒരുമിച്ചു കറക്കവും, ഒരുപാട് സ്വപ്നങ്ങള്‍ ചേര്‍ത്തുവച്ച് സ്വപ്നകൊട്ടാരങ്ങള്‍ പണിയുകയും ചെയ്ത കമിതാക്കളിലൊരാള്‍ പതിയെയോ പൊടുന്നനെയോ ബന്ധം അറുത്തുമുറിച്ച് കാന്താരിമുളക് കണ്ണിലും ചങ്കിലും തേച്ചുപിടിപ്പിച്ചിട്ട് സേയ്ഫ് ആയിട്ട് 'സ്കൂട്ടാ'കുന്ന തിനെ കാലുവാരല്‍ എന്നോ, 'തേയ്ക്കല്‍' എന്നോ വിളിക്കാം. ഡെഫിനിഷന്‍ സൂപ്പര്‍ അല്ലേ?. പക്ഷെ അത് പെണ്ണിൽ മാത്രം ഒതുങ്ങുന്നതെന്തേ?… തേച്ചില്ലേ ചേട്ടാ.. തേച്ചില്ലേ ചേട്ടാ.. എന്ന് പാടാത്തതെന്തേ?..
പ്രണയിക്കുന്നവര്‍ സ്വയം മനസ്സിലാക്കുകയും തിരുത്തുകയും ചെയ്യേണ്ട കാര്യങ്ങള്‍ അനവധിയാണ്.ഇഷ്ടപ്പെട്ടു എന്നതും, ഒരുപാട് നാള്‍ ഒരുമിച്ച് സ്നേഹിച്ചു നടന്നു എന്നതുകൊണ്ടും ബന്ധങ്ങള്‍ പൊട്ടില്ല, തകരില്ല എന്ന് ഒരു ഗ്യാരണ്ടിയും പറയാനാകില്ല. അതുകൊണ്ടുതന്നെ പ്രണയകാലം 'വിവാഹം കഴിച്ചവരെപ്പോലെ'യും കഴിക്കാന്‍ പോകുന്നവരെപ്പോലെയും കൊണ്ടാടാതിരിക്കുന്നതാണ് നല്ലത്. മറ്റേയാളിന്റെ ജീവിതത്തിലേക്ക് കൊടുക്കുന്ന ഓവർപോസ്സ്സ്നെസ്സും, പരസ്പരമുള്ള ദേഷ്യപ്രകടനങ്ങളും, അധികാരം സ്ഥാപിക്കലുകളുമെല്ലാം കാര്യത്തോടടുക്കുമ്പോള്‍ 'സീൻ' ആകും.
"സ്നേഹം എന്നാൽ എന്താണ്?" പല തവണ പല ആവർത്തിച്ച് സ്വയം ചോദിച്ചു പല തരം ഉത്തരങ്ങളിൽ എത്തി ചേർന്നിട്ടുണ്ട്. ഒരുപാട് അടുപ്പം തോന്നിയവരോട് പലപ്പോഴായി ചോദിച്ചിട്ടുണ്ട് സ്നേഹമെന്നാൽ നിങ്ങൾക്ക് എന്താണെന്നും, ആരോടാണ് ഏറ്റവും കൂടുതൽ സ്നേഹമെന്നും.... പക്ഷേ മനസ്സ് നിറയുന്ന ഒരു ഉത്തരം, ഇനിയോരാവർത്തി ഇതേ ചോദ്യം ആവർത്തിക്കാതെ ഇരിക്കുവാൻ മാത്രം സംതൃപ്തി നൽകിയ ഒരുത്തരം കിട്ടിയിട്ടില്ല എന്നതാണ് സത്യം..
നമ്മൾ കണ്ടിട്ടുള്ള സ്നേഹം ഏറിയ കൂറും ഒരു ഉടമ്പടി പോലെ ആണ്. നോക്ക് എനിക്കിതൊക്കെ വേണം, അതൊക്കെ നീ നൽകുന്നതിനാൽ എനിക്ക് സ്നേഹമാണ്. തിരിച്ചും ഏകദേശം കാര്യങ്ങൾ ഇങ്ങനെ ഒക്കെ തന്നെ.. ആ പറഞ്ഞതൊക്കെ എനിക്ക് സമ്മതം, എന്റെ ചില ആവശ്യങ്ങൾ ഉണ്ട് . അത് സാധിച്ചു തരു. അപ്പോൾ സ്നേഹം പൂർണ്ണമായി.. ഇത്തരം വ്യവസ്ഥകൾ ഇല്ലാത്ത സ്നേഹത്തെ തേടിയല്ലേ നമ്മൾ എല്ലാവരും അലയുന്നത്. ജീവന്റെ ഒറ്റ കോശം ആയിരുന്നപ്പോൾ തുടങ്ങുന്നത് ഒരു തിരച്ചിൽ ആണ്.. മരണത്തിനു അപ്പുറത്തെക്കും നീളുന്നു എന്ന് ഞാൻ കരുതുന്ന ഒന്ന്. അവസാനിക്കാത്ത ദാഹവും അന്വേഷണവും.”
സ്നേഹത്തെ പറ്റി പറയും മുമ്പേ ഇഷ്ടത്തെ പറ്റി പറയണം എന്ന് വിചാരിക്കുന്നു. ഇഷ്ടപ്പെടുമ്പോഴാണ് സ്നേഹം തുടങ്ങുന്നത്. എന്നു കരുതി ഇഷ്ടപ്പെട്ടതിനെ എല്ലാം സ്നേഹിക്കണം എന്നില്ല. എനിക്ക് റോസാപ്പൂ ഇഷ്ടമാണ് എന്ന് പറയുമ്പോൾ ഞാൻ അതിനെ സ്നേഹിക്കുകയല്ല. അതിനെ കാണുവാനും തലയിൽ ചൂടാനും എന്റെ മേശപ്പുറത്തെ പൂപാത്രത്തിൽ വെക്കുവാനും ഇഷ്ടപ്പെടുന്നു എന്നൊക്കെയാണ് അർത്ഥമാക്കുന്നത്. ഞാൻ പൂവിനെ അറിയുന്നില്ല. അതിന്റെ ഗുണങ്ങളെ ഞാൻ ഇഷ്ടപ്പെടും ആ ഗുണങ്ങളെ ഞാൻ സ്വന്തമാക്കുകയും ചെയ്യുന്നു എന്നു മാത്രം. പൂവിന്റെ നൈസർഗ്ഗികമായ ഇച്ഛകളെ ഞാൻ മനസ്സിലാക്കുന്നില്ല. എനിക്കതിന്റെ ആവശ്യവുമില്ല. ഞാൻ ഇഷ്ടപ്പെടുകയാണ്. ഇഷ്ടപ്പെട്ടതിനെ ഞാൻ സ്വന്തമാക്കുകയാണ്, എന്റെ അനുഭവമാക്കുകയാണ്.
നമ്മുടെ ചുറ്റും നാം സ്നേഹം എന്ന് വിളിക്കുന്ന വ്യവഹാരങ്ങൾ പലതും ഇപ്രകാരം ആണ്. അവൻ അവളെ സ്നേഹമാണ് എന്നു പറയുന്നതിനേക്കാൾ അവന് അവളെ ഇഷ്ടമാണ് എന്നു പറയുന്നതാകും ഉചിതം. അവന്റെ ഇഷ്ടങ്ങൾ സഫലീകരിക്കാനുള്ളതാണ് അവൾ എന്നേ ഇവിടെ അർത്ഥമുള്ളൂ. അവൾക്ക് തന്റേതു പോലെ സ്വപ്‌നങ്ങൾ ഉണ്ടെന്നും, ചിന്തിക്കുന്ന ഒരു മനസ്സുണ്ടെന്നും, വ്യക്തിത്വമുണ്ടെന്നും അവൻ മറന്നു പോകുന്നു. അവൻ അവളുടെ അഴകുള്ള കണ്ണുകൾ കാണുകയും ആ കണ്ണുകളുടെ ആഴത്തിൽ നോക്കാതെ ഇരിക്കുകയും കണ്ണുകൾ പറയുന്നത് എന്തെന്ന് കേൾക്കാതെ ഇരിക്കുകയും ചെയ്യുന്നു. കാരണം അവൻ അവളുടെ കണ്ണുകളെ ഇഷ്ടപ്പെടുക മാത്രം ചെയ്യുന്നു. ശിൽപ്പ സൗന്ദര്യം ആസ്വദിക്കുന്ന കാഴ്ച്ചക്കാരനെപ്പോലെ ആണ് പലപ്പോഴും നമ്മൾ. ശിൽപ്പത്തിന്റെ അംഗ സൗന്ദര്യത്തിൽ മാത്രം ആകൃഷ്ടമാകുകയും അതിന്റെ ചിന്തയിലേക്ക് പോകാതിരിക്കുകയും ചെയ്യുന്നു.
സ്നേഹം ഇഷ്ടമല്ല. ഇഷ്ടമായതിനെയാണ് നാം സ്നേഹിക്കുക. അപ്പോൾ ഇഷ്ടം ഒരു തുടക്കമാണ് എന്നു പറയാം. ഇഷ്ടത്തിൽ നിന്നും സ്നേഹത്തിലേക്ക് ഒരുപാട് ദൂരമുണ്ട്. ഞാൻ എന്റെ പട്ടിക്കുഞ്ഞിനെ സ്നേഹിക്കുന്നു എന്നു പറയുമ്പോൾ എന്റെ ഇഷ്ടങ്ങൾക്ക് വേണ്ടിയല്ല. എന്റെ ഇഷ്ടങ്ങൾ സുഖങ്ങൾ എന്നിവക്ക് ഒരു പട്ടിക്കുഞ്ഞു അനാവശ്യമാണ്. ഞാൻ പട്ടിക്കുഞ്ഞിനു വേണ്ടി എന്റെ സമയം നീക്കി വെക്കുന്നു. അതിനെ തീറ്റുന്നു, കുളിപ്പിക്കുന്നു, അതിനോട് കളിക്കുന്നു, ഉറക്കുന്നു. അതിന്റെ കണ്ണുകളിലെ സന്തോഷത്തിൽ കുസൃതിയിൽ ഞാൻ എന്റെ സന്തോഷം കണ്ടെത്തുന്നു.
അവിടെ പട്ടിക്കുഞ്ഞിന്റെ സന്തോഷം എന്റെ സന്തോഷമായി മാറുന്നു. താൻ ഇഷ്ടപ്പെടുന്ന വ്യക്തിയുടെ സന്തോഷവും തന്റേതു കൂടി ആകുകയും തന്റെ ഹൃദയം ആ ഹൃദയത്തോടൊപ്പം മിടിക്കുവാൻ തുടങ്ങുകയും ചെയ്യുമ്പോൾ നിങ്ങൾ സ്നേഹത്തിൽ ആയെന്നു പറയാം. അപ്പോൾ നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിക്ക് മുറിഞ്ഞാൽ നിങ്ങൾക്കും മുറിയുന്നു. നിങ്ങളുടെ മനസ്സ് അവനെ അല്ലെങ്കിൽ അവളെ പ്രതി വ്യാകുലപ്പെടുന്നു. നിങ്ങളുടെ വേദന സുഖം എല്ലാം നിങ്ങൾ മറന്നു പോകുന്നു. നിങ്ങളുടെ ശരീരം മറ്റൊരാളുടെ ശരീരമായി മാറുന്നു. നിങ്ങൾ നിങ്ങളെ സമർപ്പിച്ചിരിക്കുന്നു. സമർപ്പണത്തിലുള്ള ആനന്ദം മാത്രമാണിവിടെ. സ്നേഹിക്കുക എന്നാൽ സമർപ്പണമാണ്.
സ്നേഹം ലഭിക്കേണ്ട ഒന്നാണ് എന്ന് പലരും കരുതുന്നു. അങ്ങനെ കരുതുന്നവർ സ്നേഹത്തെ അറിയുന്നില്ല. ഞാൻ സ്നേഹിക്കപ്പെടുന്നില്ല എന്നാണ് പലരുടേയും പരാതി. എന്നാൽ സ്നേഹം ലഭിക്കേണ്ട ഒന്നല്ല. നൽകേണ്ട ഒന്ന്. നിങ്ങൾ സ്നേഹിക്കുകയാണ് വേണ്ടത്. കാരണം, സ്നേഹം സമർപ്പണമാണ്. മറ്റൊരാൾ നിങ്ങൾക്കു വേണ്ടി അവനെ സമർപ്പിക്കണം എന്ന് ആവശ്യപ്പെടുന്നത് എത്രയോ യുക്തിരഹിതമാണെന്നോർക്കുക. നിങ്ങൾ സ്നേഹിക്കുവാൻ തുടങ്ങുമ്പോൾ നിങ്ങൾ സ്വയം മാറുന്നത് നിങ്ങൾക്ക് അനുഭവപ്പെടും. അപ്പോൾ നിങ്ങൾ നിങ്ങളുടെ ശരീരത്തിൽ നിന്ന് സ്വതന്ത്രമാകും. ഇത്രയും നാൾ ഞാൻ എന്റെ ശരീരത്തിന്റെ സ്വാർത്ഥതയുടെ തടവിൽ ആയിരുന്നു എന്നും എന്റെ അനുഭൂതികളിൽ നിന്നും വ്യത്യസ്തമായ അനുഭൂതികൾ ഉണ്ടെന്നും അപ്പോൾ നാം തിരിച്ചറിയും. സത്യത്തിൽ ഒരു പരകായ പ്രവേശമാണ് സ്നേഹിക്കലിലൂടെ സാദ്ധ്യമാകുന്നത്. ഇതുവരെ എന്റെ കേന്ദ്രം ഞാൻ മാത്രമായിരുന്നു. ഞാൻ എന്ന കേന്ദ്രത്തിൽ ചുറ്റിത്തിരിയുകയായിരുന്നു. ഇപ്പോൾ ഞാൻ എന്നിൽ നിന്നും സ്വതന്ത്രമാകുന്നു. ഞാൻ അല്ലാതാകൽ ആണ് സ്നേഹം. എന്നിൽ മറ്റൊരാളെ പ്രതിഷ്ഠിക്കൽ ആണ് സ്നേഹം.
പ്രണയവും, പ്രേമവും തമ്മിൽ വ്യത്യാസമുണ്ടോ? ഉണ്ടെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. പ്രേമം എന്നത് അത്ര അന്ധമായ അനുരാഗം അല്ല. അതിന് ചില മാനദണ്ഡങ്ങൾ ഉണ്ട്. വേണമെങ്കിൽ പിരിയാം, അകന്ന് പോകാം.., എന്നാൽ പ്രണയം എന്നത് അങ്ങിനെ അകന്ന് പോകാൻ സാധിക്കുന്ന ഒന്നായി തോന്നിയിട്ടില്ല. അത് ഗാഡവും, ശരീരം പോലും ഇരുവർക്കും ഇടയിൽ ഇല്ലാത്തതുമാണ്. പ്രേമിച്ചിരുന്ന രണ്ട് പേരിൽ ഒരാൾ മരിച്ചു പോയാൽ മറ്റേ ആൾ വേറെ ഒരു പ്രേമത്തിൽ കുറച്ച് കാലം കഴിഞ്ഞ് എത്തിപ്പെടാം, എന്നാൽ പ്രണയത്തിൽ അത് ഒരിക്കലും ഉണ്ടാകില്ല. ഒന്നുകിൽ മറ്റേ ആൾ വിവാഹം തന്നെ ഉപേക്ഷിക്കും, അല്ലെങ്കിൽ ഒപ്പം തന്നെ ജീവിതം അവസാനിപ്പിക്കും.( ഇവിടെ ആ ബന്ധത്തിന്റെ ആഴം മനസിലാക്കാൻ പറഞ്ഞു എന്നേ ഉള്ളൂ, അത് ശരിയാണെന്നല്ല പറയുന്നത് ) അതായത് പ്രണയം എന്നതാണ് ഏറ്റവും പീക്ക് ആയുള്ള അവസ്ഥ.
സ്നേഹത്തിന്റെ പൂർണ്ണതയാണ് പ്രണയം എന്ന് വേണമെങ്കിൽ പറയാം. പ്രണയിക്കുന്നവർ പരസ്പരം കണ്ടെത്തുന്നവർ ആണ്. പരസ്പരം സമർപ്പിക്കപ്പെട്ടവരാണ്. പരസ്പരം സ്നേഹത്തിലാകുമ്പോൾ പ്രണയം രൂപം കൊള്ളുന്നു. അവിടെ രണ്ട് അനുഭൂതി ഒരാളിൽ ഉളവാകുന്നു. സ്നേഹിക്കുന്നതിന്റെയും സ്നേഹിക്കപ്പെടുന്നതിൻറെയും. രണ്ട് വ്യക്തിത്വങ്ങൾ പരസ്പരം ശരീരം മാറുകയാണിവിടെ. ഞാൻ നീയും നീ ഞാനും ആകുന്ന അവസ്ഥ. പരമമായ ധ്യാനമാണിത്. പ്രണയത്തിൽ ആകുന്നവർ ഒരുമിച്ചു ഒരു ധ്യാനത്തിൽ ഏർപ്പെടുന്നു. ആത്മാവുകളെ പകരുന്നു.