പഞ്ചസാരക്കു പകരം ഉപയോഗിക്കാം ഈ പ്രകൃതിദത്ത മധുരങ്ങള്‍
നമ്മുടെ ദൈനംദിനജീവിതത്തിൽ പഞ്ചസാര പലർക്കും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. രാവിലെ കുടിക്കുന്ന ചായയിൽ തന്നെ തുടങ്ങുന്നതാണ് പഞ്ചസാരയുടെ ഉപയോഗം. എന്നാൽ പഞ്ചസാരയുടെ അമിത ഉപയോഗം വണ്ണം കൂട്ടുന്നത് മുതൽ പ്രമേഹത്തെ വരെ ബാധിക്കാം.
പഞ്ചസാരയിലൂടെ 100 മുതൽ 150 കലോറിയിൽ കൂടുതൽ ശരീരത്തിൽ എത്താൻ പാടില്ല പഠനങ്ങൾ പറയുന്നത്. അതേപോലെ പഞ്ചസാരയുടെ ഉപയോഗം തീർത്തും നിർത്താനും പലർക്കും കഴിയില്ല. എന്നിരുന്നാലും മനസ്സുവെച്ചാൽ ഒരു പരിധി വരെയൊക്കെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നമുക്ക് സാധിക്കും.
ആഘോഷങ്ങളിലും മറ്റും തയ്യാറാക്കുന്ന ഡെസേർട്ടുകളിൽ പഞ്ചസാരയ്ക്ക് പകരം താഴെ പറയുന്ന നാല് പ്രകൃതിദത്ത മധുരങ്ങൾ ഉപയോഗിക്കാം. കൂടാതെ ദൈനംദിന ആവശ്യങ്ങളിലും ഈ മധുരങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്.
തേൻ...
തികച്ചും പ്രകൃതിദത്തമായി ലഭിക്കുന്ന മധുരമാണ് ഒന്നാണ് തേൻ. അതിനാൽ പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കാം. തേനിൽ 80 ശതമാനം പ്രകൃതിദത്ത പഞ്ചസാരയും 18 ശതമാനം വെള്ളവും ധാതുക്കൾ, വിറ്റാമിൻ, പ്രോട്ടീൻ എന്നിവ രണ്ടു ശതമാനവുമാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും തേനിൽ അടങ്ങിയിട്ടുണ്ട്.
കൊക്കോ...
കോക്കോ ഷുഗറും പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്നതാണ്. കോക്കോ ഷുഗർ എന്നറിയപ്പെടുന്ന നാളികേര പഞ്ചസാര തെങ്ങിൻ പൂക്കുല മുറിക്കുമ്പോൾ കിട്ടുന്ന നീരിൽ നിന്നാണ് ഉണ്ടാക്കുന്നത്. ഇവയിൽ സിങ്ക്, കാത്സ്യം, അയൺ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
ഈന്തപഴം...
ഈന്തപ്പഴം പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്നതാണ്. വിറ്റാമിനുകൾ, പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഈന്തപ്പഴം. വിറ്റാമിൻ ബി6, ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ, മാംഗനീസ്, അയൺ തുടങ്ങിയവ ധാരാളമായി ഈന്തപ്പഴത്തിലുണ്ട്. പ്രമേഹമുള്ളവർക്കും ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്കും ഹൃദ്രോഗികൾക്കും കഴിക്കാവുന്നതാണ് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
ശർക്കര...
ശർക്കരയും പഞ്ചസാരയ്ക്കു പകരം ഉപയോഗിക്കാവുന്നതാണ്. ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം പോലുള്ള ധാതുകളും ശർക്കരയിൽ അടങ്ങിയിട്ടുണ്ട്. പഞ്ചസാര ഉപയോഗിക്കുന്നതിലൊക്കെ ശർക്കരയും ഉപയോഗിക്കാം.