ഇടനെഞ്ചുെ പൊട്ടുന്ന നൊമ്പരങ്ങൾ നമ്മളെ കീഴടക്കുമ്പോഴും മുഖത്ത് എപ്പോഴും ഒരു ചെറുപുഞ്ചിരി കരുതി വയ്ക്കണം . നമ്മൾ തോറ്റിട്ടില്ല എന്ന് സ്വയം വിശ്വസിപ്പിക്കാൻ വേണ്ടിയെയെങ്കിലും. ആരെങ്കിലും നമ്മളെ വിഷമിപ്പിച്ച കാര്യം ഓർമ്മയിൽ വരുമ്പോൾ അവർ ചെയ്ത ഏതെങ്കിലും നല്ല കാര്യം ഓർത്തെടുത്ത്
ആ വിഷമം മറന്നേക്കണം .
ചിരിയുടെ പിന്നിലെ ദുഃഖവും മിഴികളിൽ നിന്നുതിരുന്ന കണ്ണുനീരും ദേഷ്യത്തിന് പിന്നിലെ സ്നേഹവും തിരിച്ചറിയുമ്പോഴാണ് യഥാർത്ഥ സൗഹൃദം ഉടലെടുക്കുന്നത് .
ചില ജീവിതങ്ങളെ കാണുമ്പോഴാണ് ദു:ഖത്തിൻ്റെ തീവ്രത നമുക്ക് മനസ്സിലാകുന്നത്.
അവരെയൊക്കെ കേൾക്കുകയും പഠിക്കുകയും ചെയ്യുമ്പോഴുമാണ്
നമ്മുടെ സങ്കടങ്ങൾ ഒന്നുമല്ലെന്ന് നാം തിരിച്ചറിയുന്നതും.
നമ്മുടെ നേരെ നോക്കി പുഞ്ചിരിക്കുന്ന മുഖങ്ങൾക്ക് ദു:ഖമില്ലെന്ന് തെറ്റിദ്ധരിക്കരുത്. അത് കൈകാര്യം ചെയ്യാൻ ആ മുഖങ്ങൾ നന്നായി പരിശീലിച്ചിട്ടുണ്ട്.
സംഭവിക്കുന്ന വേദനകളോ കടന്നുപോകുന്ന അവസ്ഥകളോ പറഞ്ഞാൽ ആർക്കും മനസ്സിലാകണമെന്നില്ല . അത് അനുഭവിക്കുന്നവർക്ക് മാത്രമേ മനസ്സിലാവൂ.. മനസ്സിന് താങ്ങാവുന്നതിലും കൂടുതൽ സങ്കടങ്ങൾ ഉണ്ടായാൽ നമ്മൾ പോലും അറിയാതെ മാറിപ്പോകും .. ഒന്നുകിൽ വെറുപ്പും ദേഷ്യവുമായി പുറമേക്ക് പ്രതിഫലിക്കും . അല്ലെങ്കിൽ മൗനം കൊണ്ട് സ്വയം കീഴടങ്ങും .
ഒരു പക്ഷേ യാതൊരു കാരണവുമില്ലാതെ തന്നെ നമ്മളോട് ദേഷ്യപ്പെടുന്ന ചിലർ ഉണ്ടാകാം . അവരെ ഒരിക്കലും വെറുക്കരുത് . അവരുടെ ദേഷ്യം തന്റെ ഉള്ളിലെ സങ്കടങ്ങൾ മറക്കാനുള്ള ഒരു മുഖംമൂടി മാത്രമാണ് .
✍🏻: അശോകൻ.സി.ജി.