'രക്തത്തിന്റെ കൗണ്ട് കൂടുതലാണ്. ലുക്കീമിയ ആണ്'. എറണാകുളത്ത് പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 20കാരിയുടെ വാക്കുകള്‍ കേട്ട് ഡോക്ടർമാർ പോലും അമ്പരന്നു.
ഇതെങ്ങനെയാണ്ഉറപ്പിച്ചെന്ന ചോദ്യത്തിന് ലക്ഷണങ്ങള്‍ ലുക്കീമിയയുടേതാണെന്ന് ഗൂഗിളിലുണ്ടെന്ന് മറുപടി. യഥാർത്ഥ രോഗത്തിന്റെ ചികിത്സയ്ക്ക് മന്നെ പെണ്‍കുട്ടിക്ക് മെഡിക്കല്‍ കൗണ്‍സലിംഗ് നല്‍കേണ്ടി വന്നു. ഇതൊരുദാഹരണം മാത്രം.
ഇന്ന് എല്ലാ വിവരങ്ങളും ഗൂഗിളിൽ നിന്ന് ലഭിക്കുന്നുണ്ട്. ഗൂഗിളിൽ നിന്ന് ഇത്തരം വിവരങ്ങൾ ലഭിക്കുന്നത് പലർക്കും പല വിധ ആവശ്യങ്ങൾക്കും വളരെയേറെ ഉപകാരപ്രദമാണ്. എന്നാൽ ഗൂഗിൾ നോക്കി ചികിത്സ നടത്തുന്നത് അത്രത്തോളം നല്ലതല്ല എന്നതാണ് സത്യം.
ഇന്റർനെറ്റ് ഉപയോഗം കൂടുന്നതിന് അനുസരിച്ച് രോഗലക്ഷണവും ചികിത്സയും സംബന്ധിച്ചുള്ള വിവരങ്ങള്‍ തേടുന്നവരുടെ എണ്ണം കൂടുകയാണ്. ഇഡിയറ്റ് സിൻഡ്രോം എന്നാണ് ഇന്റർനെറ്റിലെ ഈ വിവരം തിരക്കല്‍ അറിയപ്പെടുന്നത്. സൂക്ഷിച്ചില്ലേല്‍ ഇഡിയറ്റ് സിൻഡ്രോം നല്ല പണി തരും. ആരോഗ്യകരമായ വിവരങ്ങള്‍ തേടുന്നതിന് ഇന്റർനെറ്റ് ഉപയോഗിക്കാം.
ആധികാരികമായ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന മെഡിക്കല്‍ വെബ്‌സൈറ്റുകളും പഠനങ്ങളുമുണ്ട്. എന്നാല്‍, ചികിത്സയ്ക്ക് മെഡിക്കല്‍ പ്രൊഫഷണലിന്റെ നിർദേശങ്ങള്‍ ആവശ്യമാണെന്ന് ഇന്റർനാഷണല്‍ ജേർണല്‍ ഫോർ സയന്റിഫിക് റിസർച്ചിന്റെ പഠനങ്ങള്‍ പറയുന്നു.
ഇഡിയറ്റ് സിൻഡ്രോം പ്രശ്നങ്ങള്‍
രോഗലക്ഷണങ്ങള്‍ സ്ഥിരീകരിക്കാൻ ഡോക്ടറുടെ സേവനത്തേക്കാള്‍ ഇന്റർനെറ്റിനെ ആശ്രയിക്കുകയും വിശ്വസിക്കുകയും സ്വയം ചികിത്സ നടത്തുകയും ചെയ്യുന്നതെല്ലാം ഇഡിയറ്റ് സിൻഡ്രോമാണ്. ( ഇന്റർനെറ്റ് ഡിറൈവ്ഡ് ഇൻഫർമേഷൻ ഒബ്‌സ്ട്രക്റ്റിംഗ് ട്രീറ്റ്‌മെന്റ് ). സൈബർകോണ്‍ഡ്രിയയെന്നും അറിയപ്പെടും.
ആശങ്ക
ഇന്ന് ഒരു രോഗത്തെപ്പറ്റി ഗൂഗിളിൽ നോക്കി കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട ഒരുപാട് വിവരങ്ങളാണ് നൽകുന്നത്. ചിലപ്പോൾ ചെറിയ ലക്ഷണങ്ങളും മുതൽ വലിയ ലക്ഷണങ്ങൾ വരെ അതിൽ പറഞ്ഞേക്കാം. ആ ലക്ഷണങ്ങളൊക്കെ കണ്ടു ഇതൊരു മാരകരോഗം ആണെന്ന് ചിലർ തെറ്റിദ്ധരിച്ചേക്കാം. ഇല്ലാത്ത രോഗത്തിൻറെ പേരിൽ ആശങ്കപ്പെട്ട് പല രോഗങ്ങളും ക്ഷണിച്ചു വരുത്തുകയും ചെയ്യും.നെറ്റിലെ രോഗവിവരങ്ങളില്‍ ഗുരുതരരോഗങ്ങളുടെ സാദ്ധ്യതയാണ് ആദ്യമെത്തുക. ഇതാണ് രോഗമെന്നുറപ്പിക്കുന്നവരും ആശങ്കപ്പെടുന്നവരുമേറെ.
സ്വയം ചികിത്സ
ഗൂഗിളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി സ്വയം ചികിത്സ ചെയ്യുന്ന ആളുകളും കൂടി വരികയാണ്. ഇന്ന് ഏതാണ്ട് എല്ലാം മരുന്നുകളെ കുറിച്ചും കൃത്യമായി ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടുന്നുണ്ട്. അങ്ങനെ ആ മരുന്നുകൾ മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങിച്ചു കഴിക്കുകയാണ് പലരും.ഗൂഗിളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് മെഡിക്കല്‍ സ്‌റ്റോറുകളിലെ മരുന്നുകളിലൂടെ സ്വയം ചികിത്സ നടത്തിയാല്‍ വിപരീതഫലത്തിനുള്ള സാദ്ധ്യതയേറെ.
ചികിത്സ നിറുത്തരുത്
നെറ്റിൽ തിരഞ്ഞെടുക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ചികിത്സ നടത്തുമ്പോൾ ചികിത്സ തുടരണമോ വേണ്ടയോ എന്ന് രോഗി തന്നെ തീരുമാനിക്കുന്ന അവസ്ഥയും കാണുന്നു.നെറ്റിലെ വിവരങ്ങളാശ്രയിച്ച് ഡോക്ടറുടെ ചികിത്സ ഒറ്റയടിക്ക് അവസാനിപ്പിച്ചാലും പ്രശ്നങ്ങളുറപ്പ്. രോഗത്തിന്റെ സങ്കീർണതയും ഘട്ടവുമെല്ലാം ഡോക്ടറാണ് സ്ഥിരീകരിക്കേണ്ടത്.
ഗൂഗിള്‍ ഡോക്ടറല്ല
രോഗം മാറാൻ മാത്രമല്ല, വീണ്ടും വരാതിരിക്കാനും ഡോക്ടർമാർ ചികിത്സ നല്‍കും. അത് ഗൂഗിളിനാവില്ല.
രോഗങ്ങളേക്കുറിച്ചോ ലക്ഷണങ്ങളേക്കുറിച്ചോ നെറ്റില്‍ തിരയുന്നതില്‍ തെറ്റില്ല. ആധികാരികതയുണ്ടാവണം. നെറ്റിലെ വിവരങ്ങള്‍ക്കൊപ്പം ഡോക്ടറുടെ നിർദേശത്തോടെ വേണം ചികിത്സ നടത്താൻ.
പ്രത്യേകിച്ച് മെഡിക്കൽ സ്റ്റോറിൽ നിന്നും നമ്മൾ വാങ്ങിക്കഴിക്കുന്ന മരുന്നിൽ എന്തെല്ലാം ഘടകങ്ങളാണ് അടങ്ങിയിരിക്കുന്നത് എന്നും അത് ഏതൊക്കെ സമയത്ത് ആർക്കൊക്കെ കഴിക്കാം എന്നതും കൃത്യമായി അറിയുന്ന ഡോക്ടർക്ക് മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ.
ഇതൊന്നും അറിയാതെ മരുന്നുകൾ വാങ്ങി കഴിക്കുമ്പോൾ അതുകൊണ്ടുണ്ടാകുന്ന സൈഡ് എഫക്റ്റുകൾ നിരവധിയായിരിക്കും.
ചില മരുന്നുകൾ എത്ര ദിവസമാണ് കഴിക്കേണ്ടത് എന്നതിനെപ്പറ്റി കൃത്യമായി അറിഞ്ഞിരിക്കണം. കൂടുതൽ ദിവസം കഴിച്ചു കഴിഞ്ഞാൽ അത് പല ആന്തരിക അവയവങ്ങളെയും നശിപ്പിക്കും. അതുപോലെ ഓരോ ദിവസവും എത്ര അളവിൽ കഴിക്കണം എനതും ഒരു നല്ല ചികിത്സകനു മാത്രമേ പറഞ്ഞുതരാൻ സാധിക്കുകയുള്ളൂ.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.