മഴക്കാലമായാൽ വീട് വൃത്തിയാക്കൽ ഒരു വലിയ ചടങ്ങാണ്. എത്രയൊക്കെ വൃത്തിയാക്കിയാലും വീണ്ടും വീട് അഴുക്ക് പിടിക്കും. പുറത്ത് പോയി വരുന്നവർ പലപ്പോഴും ചെളിയെല്ലാം അകത്തേക്ക് ചവിട്ടി കയറ്റും. അതുപോലെ തന്നെ, വീട് തുടച്ചിട്ടാലും ഉണങ്ങാൻ സമയമെടുക്കും. വീട് മഴക്കാലത്ത് വൃത്തിയാക്കി സൂക്ഷിക്കാൻ ഇവ ശ്രദ്ധിക്കാം.
മഴക്കാലത്ത് പലരും വസ്ത്രങ്ങൾ ഉണങ്ങാൻ വീടിന്റെ അകത്ത് വിരിക്കുന്ന പതിവുണ്ട്. ഇത് മുറികളിൽ പുഴുക്കമണം സൃഷ്ടിക്കും. പകൽ ജനാല തുറന്നിടുന്നത് ഇത് പോകാൻ നല്ലതാണ്.വീട്ടിലേയ്ക്ക് നന്നായി വായുസഞ്ചാരം എപ്പോഴും ഉറപ്പാക്കാൻ മറക്കരുത്. ഇത് മുറികളിൽ കെട്ടികിടക്കുന്ന ദുർഗന്ധം ഒഴിവാക്കാൻ സഹായിക്കും.
അലക്കിയ വസ്ത്രങ്ങളിൽ നിന്നും വെള്ളം പൂർണ്ണമായും പോയി എന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം വീടിനകത്ത് വിരിച്ചിടാൻ പാടുള്ളൂ. ഇല്ലെങ്കിൽ ഇത് വീടിനകത്ത് വെള്ളം വീഴുന്നതിനും അതുപോലെ, ചിലപ്പോൾ ചുമരിലെല്ലാം നിരന്തരം വെള്ളം വീണാൽ നിറവ്യത്യാസം ഉണ്ടാകാനും സാധ്യതയുണ്ട്
വീട്ടിൽ ഉപയോഗിക്കുന്ന ചവിട്ടി നല്ല ഉണങ്ങിയതായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. കട്ടി കൂടിയ ചവുട്ടി അഴുക്ക് പറ്റിയാൽ വളരെ വേഗത്തിൽ അലക്കി ഉണക്കി എടുക്കാൻ സാധിക്കില്ല. അതിനാൽ, ചവിട്ടിയുടെ മുകളിൽ കട്ടി കുറഞ്ഞ നല്ല തുണി വിരിയ്ക്കുന്നത് ഗുണം ചെയ്യും. ഈ തുണി മാത്രം കഴുകിയാൽ മതിയാകും. ഇത് ജോലി എളുപ്പമാക്കും.
വീട് എന്നും തുടച്ചിടാം. അതുപോലെ, തുടയ്ക്കുമ്പോൾ അമിതമായി വെള്ളം ഉപയോഗിക്കാതിരിക്കാം. വെള്ളം നന്നായി പിഴിഞ്ഞ് കളഞ്ഞ് തുടച്ചെടുക്കാൻ ശ്രദ്ധിക്കാം. അതുപോലെ, തുടക്കുന്നതിന്റെ ഒപ്പം തന്നെ ഫാൻ ഇടാനും ശ്രദ്ധിക്കുക. നല്ല ഉണങ്ങിയ തുണി ഉപയോഗിച്ച് രണ്ടാമത് ഒന്നുംകൂടെ തുടയ്ക്കണം. മഴക്കാലത്ത് വീട്ടിലെ മാലിന്യം കൃത്യമായ രീതിയിൽ നീക്കം ചെയ്യണം. ഇല്ലെങ്കിൽ ഇത് വീടിനുള്ളിൽ അമിതമായിട്ടുള്ള ദുർഗന്ധം വരുത്തിവെയ്ക്കും.അതുപോലെ, ഈച്ചശല്യം കൂടാനും ഇത് കാരണമാകും.അതിനാൽ മാലിന്യപാത്രം പരമാവധി പുറത്ത് മൂടി വെക്കുക. ഇല്ലെങ്കിൽ എലി ശല്യവും കൂടും.
മഴക്കാലത്ത് വീട്ടില്‍ അതിഥികള്‍ വരുമ്ബോള്‍ എല്ലാവർക്കും ടെൻഷനായിരിക്കും. പലരും കടകളില്‍ നിന്ന് എയർഫ്രഷ്‌നർ വാങ്ങിയൊക്കെയാണ് ഇത്തരം ദുർഗന്ധങ്ങളെ മറികടക്കുന്നത്.
എന്നാല്‍ നമ്മുടെ അടുക്കളയിലുള്ള ചില സാധനങ്ങള്‍ ഉപയോഗിച്ചുതന്നെ വീടിനകത്തെ ദുർഗന്ധത്തോട് ബൈ ബൈ പറയാം.
ബേക്കിംഗ് സോഡ ഉപയോഗിച്ച് ഈ നാറ്റം ഒഴിവാക്കാം. എവിടെ നിന്നാണ് ദുർഗന്ധം വരുന്നത് അവിടെ കുറച്ച് ബേക്കിംഗ് സോഡ ഇട്ടുകൊടുത്താല്‍ മതി.
കർപ്പൂര തുളസിയാണ് മറ്റൊരു പ്രതിവിധി. കർപ്പൂര തുളസി വെള്ളത്തിലിട്ടുവച്ചാല്‍ മതി. വെള്ളം, ചെറുനാരങ്ങ, ബേക്കിംഗ് സോഡ എന്നിവ ചേർത്ത് കിടിലൻ എയർഫ്രഷ്‌നർ നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കിയെടുക്കുകയും ചെയ്യാം.
രണ്ട് കപ്പ് വെള്ളവും മുക്കാല്‍ കപ്പ് ബേക്കിംഗ് സോഡയും നന്നായി യോജിപ്പിക്കുക. ഇതിലേക്ക് അരക്കപ്പ് നാരങ്ങാനീര് ചേർത്ത് നന്നായി ഇളക്കുക. ശേഷം സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റാം.ദുർഗന്ധം വമിക്കുന്നയിടങ്ങളിലെല്ലാം ഈ സ്‌പ്രേ അടിച്ചുകൊടുക്കാം. ഇതുവഴി ദുർഗന്ധം അകറ്റാം.
ഒരു കാരണവശാലും നനഞ്ഞ വസ്ത്രങ്ങള്‍ വീടിനകത്ത് ഇടരുത്. ഇങ്ങനെ ചെയ്താല്‍ വീട്ടില്‍ നിന്ന് ദുർഗന്ധം മാറില്ല. അതുപോലെ നനവുള്ള ഷൂസ് അകത്ത് കയറ്റരുത്. അതുപോലെ തന്നെ കട്ടിയുള്ള ചവിട്ടിയാണ് ഉപയോഗിക്കുന്നതെങ്കില്‍, അത് നനഞ്ഞാലും ദുർഗന്ധം വരാം. അക്കാര്യവും ശ്രദ്ധിക്കണം.