ഓരോ ജീവിയും പ്രകൃതിയിൽ ജനിക്കുന്നു...ജീവിക്കുന്നു...പ്രത്യുല്പാദനം നടത്തുന്നു...മരിക്കുന്നു. ഇതിനപ്പുറം എന്തെങ്കിലും ഉണ്ടെങ്കിൽ അത് "പരസ്പരം സ്നേഹിക്കുക...സഹായിക്കുക" എന്നത് മാത്രമാണ്.
എന്താണ് ഒരു മനുഷ്യന്റെ ജീവിത ലക്ഷ്യം?
ചിന്തിക്കുന്നവർക്ക് വളരെ രസകരമായ ഒരു ചോദ്യം ആണിത്. ഈ ഒരു ചോദ്യം ഇല്ലായിരുന്നേൽ ഇന്ന് കാണുന്ന മതങ്ങളും ദൈവങ്ങളും എല്ലാം കഷ്ടപ്പെട്ടേനെ.ആദ്യം നമുക്ക് ഒരു പൂച്ചയേയും പട്ടിയെയും ഉദാഹരണമായി എടുക്കാം. പട്ടിക്കു കൂടുണ്ട്, കുരക്കണം, ചങ്ങലക്കിടാറുണ്ട്. പൂച്ചയാകട്ടെ ഇതൊന്നുമില്ല കഴിക്കുക ഉറങ്ങുക അത്ര മാത്രം. പക്ഷെ പൂച്ചയോ പട്ടിയോ ചിന്തിക്കാറുണ്ടോ എന്നാലും എന്റെ ജീവിതം എന്താ ഇങ്ങനെ. എന്തിനാകും എനിക്ക് ഇങ്ങനൊരു ജീവിതം എന്ന്? ഇല്ലാലോ അല്ലെ?
ബുദ്ധിപരമായി പൂച്ചയേക്കാൾ മുന്നിലാണ് പട്ടി എന്ന് കരുതുക. എന്നാലും രണ്ടാൾക്കും ഇങ്ങനത്തെ ചിന്തകൾ ഇല്ല.
നമ്മൾ മനുഷ്യന്റെ കാര്യം എടുക്കാം. നമുക്ക് ചുറ്റും കാണുന്ന മറ്റു ജീവികളെ വച്ച് നോക്കുമ്പോ നമ്മൾ ഒരു സംഭവം തന്നെ ആണ്. വസ്ത്രങ്ങൾ ഇടുന്നു, കാർ ഓടിക്കുന്നു, വിമാനത്തിൽ പറക്കുന്നു...പുലിയല്ല ശെരിക്കും സിംഗം ആണ്... അങ്ങനെ ഇരിക്കുമ്പോ നമ്മൾ ചിന്തിക്കും ഇത്രേം സൂപ്പർ ആയ നമ്മൾ എന്തിനാണ് ജീവിക്കുന്നത്? സ്വാഭാവികം!
എന്നാൽ പ്രകൃതി മനുഷ്യനെയും മൃഗങ്ങളെയും തുല്യമായിട്ടാണ് കരുതുന്നത് എന്ന് തോന്നുന്നു. ഒന്ന് നോക്കാം. വെള്ളപൊക്കം, കാട്ടു തീ, ഭൂകമ്പം ഇതൊക്കെ വരുമ്പോ മറ്റുള്ള ജീവികളെ പോലെ തന്നെ മനുഷ്യരും മരിക്കുന്നു. പ്രകൃതിക്കു മനുഷ്യൻ വെറും ഒരു ജീവി മാത്രം ആണ്. അവിടെ ദൈവത്തിന്റെ സ്വന്തം സന്തതികൾ എന്നുള്ള ഒരു പരിഗണനയും ഇല്ല. അതാണ് യാഥാർഥ്യം. ഓരോ ജീവിയും പ്രകൃതിയിൽ ജനിക്കുന്നു...ജീവിക്കുന്നു...പ്രത്യുല്പാദനം നടത്തുന്നു...മരിക്കുന്നു. ഇതിനപ്പുറം എന്തെങ്കിലും ഉണ്ടെങ്കിൽ അത് "പരസ്പരം സ്നേഹിക്കുക...സഹായിക്കുക" എന്നത് മാത്രമാണ്.
ഈ ലോകത്ത് മനുഷ്യ ജീവിതത്തിന്റെ ഏറ്റവും ലളിതമായ ലക്ഷ്യം ഫുഡ് കഴിക്കുക എന്നുള്ളത് മാത്രം.
ഒഴിഞ്ഞ വയറും മുഴുപ്പട്ടിണിയും കൊണ്ട് കിടക്കുന്നവന്റെ മുന്നിൽ ചെന്ന് വിശപ്പെല്ലാം മായയാണ് . വരൂ നമുക്ക് ആത്മജ്ഞാനത്തിന്റെ ഉത്തുംഗ ശ്രിംഗം കീഴടക്കാം അതാണ് നിന്റെ ജീവിത ലക്ഷ്യം എന്ന് പറഞ്ഞാൽ ; അയാൾക്ക് എണീറ്റ് നിൽക്കാൻ ആരോഗ്യം ഉണ്ടെങ്കിൽ അടി കിട്ടും ഉറപ്പ്..
പിന്നെ മനുഷ്യജീവിതത്തിന്റെ വിപുലമായ ലക്ഷ്യം.അതായത് അന്തിമ ലക്ഷ്യം ; അത് സ്വയം കണ്ടെത്തണം!!! സാമ്പത്തികം ലക്ഷ്യം , അറിവ് ലക്ഷ്യം , പ്രശസ്‌തി ലക്ഷ്യം, കുടുംബം ലക്ഷ്യം.., കുട്ടികൾ ലക്ഷ്യം, സൗഹൃദ സമ്പാദനം ലക്ഷ്യം. ആണിന് പെണ്ണും…പെണ്ണിനാണും ലക്ഷ്യം.
ഉണ്ണാത്തവന് ഉണ്ണൽ ലക്ഷ്യം.
ഉണ്ടവന് കൈ കഴുകൽ ലക്ഷ്യം.
കൈ കഴുകിയവന് ഒന്നുറങ്ങൽ ലക്ഷ്യം.
അങ്ങനെ.. അങ്ങനെ പലർക്കും പല ലക്ഷ്യം
ഈ ലക്ഷ്യങ്ങൾക്ക് ഒന്നും ഒടുക്കം ഒരു ലക്ഷ്യമല്ലായിരുന്നു എന്ന് ബോധം വരുന്നവർക്ക് ചിലപ്പോ ആത്മാന്വേഷണ ലക്ഷ്യം. അതും വേണ്ടപോലെ നീക്ക് പോക്കായില്ലെങ്കിലൊ ?എന്താവും ലക്ഷ്യം?
മനുഷ്യ ജീവിതത്തിൻ്റെ ആകെ തുക ദുരിതമാണോ, സുഖമാണോ, അതോ മറ്റെന്തെങ്കിലുമാണോ?നമ്മുടെ ചിന്തയാണ് ജീവിതമായി ഭവിക്കുന്നത് അല്ലേ? വാസ്തവത്തിൽ ജീവിതത്തിലെ ഓരോ സംഭവങ്ങളും നമ്മുടെ ചിന്ത തന്നെയാണ്.ജീവിതം ദുരിതമാണെന്ന് കണക്കാക്കുമ്പോൾ വന്നുചേരുന്ന എല്ലാം ദുരിതമയമായി തീരുന്നു. സുഖമാണെന്ന് കരുതുമ്പോൾ ജീവിതയാത്രയിൽ വരുന്ന എന്തിനെയും സുഖമാക്കി മാറ്റുകയാണ് ചെയ്യുന്നത് ..
മറ്റുള്ളവർക്ക് പലപ്പോഴും നമ്മുടെ ജീവിതം ദുരിതമാണെന്ന് തോന്നാറുണ്ട് .പക്ഷേ നാം ജീവിതത്തെ ആസ്വദിക്കുകയാണെന്ന് അവർ അറിയാറില്ല. ജീവിതത്തെ നാം എപ്പോൾ ആസ്വദിക്കുന്നുവോ അപ്പോഴൊക്കെ ജീവിതം സുഖമായി തീരുകയാണ്. ജീവിതം ദുരിതമാണെന്ന് വിചാരിച്ച് ആത്മഹത്യക്ക് പോയവർ പലപ്പോഴും പാതി ജീവനുമായി ശിഷ്ടകാലം കിടക്കയിൽ കിടന്ന് നരകിക്കേണ്ടി വരുന്നത് കണ്ടിട്ടുണ്ട്.
സ്വയം വരുത്തിവെച്ച ദുരിതം. ദുരിതമെന്ന് കരുതി ദുരിത പൂർണ്ണമായ ജീവിതത്തിലേക്ക് നയിക്കപ്പെട്ടവർ. സമ്പത്തുള്ള പലരും ദുരിത പൂർണ്ണമായ ജീവിതം നയിക്കുന്നത് കണ്ടിട്ടുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ജീവിതത്തിൻെറ കാഴ്ചപ്പാട് വേറെയാണ് .യുവത്വത്തിൽ സമ്പാദിച്ച് സമ്പാദിച്ച് പ്രായമാകുമ്പോൾ മക്കൾ തമ്മിൽ സ്വത്തിന് വഴക്ക് കൂടുന്ന കുടുംബങ്ങൾ ധാരാളം. മാതാപിതാക്കൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വത്ത് മക്കൾ തട്ടിയെടുത്ത് അവരുടെ ജീവിതം ദുരിതപൂർണ്ണമാക്കി മാറ്റുന്നു. ഈ ദുരിതം ആരുണ്ടാക്കിയതാണ്?
മിഡാസ് രാജാവിൻെറ കഥ എനിക്ക് ഓർമ്മ വരുന്നു. പൊന്നിനോട് അതിയായി കമ്പമുള്ള അദ്ദേഹം താൻ തൊട്ടതെല്ലാം പൊന്നായെങ്കിൽ എന്ന് ചിന്തിച്ചു. പെട്ടെന്ന് അദ്ദേഹത്തിൻ്റെ ചിന്ത യാഥാർത്ഥ്യമായി. തൊട്ടതെല്ലാം പൊന്നാവുന്നു. അദ്ദേഹം ഓരോ പുഷ്പത്തെയും ഓടിനടന്ന് തൊട്ടുകൊണ്ടിരുന്നു. ആഹ്ലാദത്തിൽ മതിമറന്ന അദ്ദേഹത്തിൻ്റെ അടുത്തേക്ക് പെട്ടെന്നാണ് കൊച്ചുമകൾ ഓടിവന്നത്. സന്തോഷം കൊണ്ട് മകളെ കെട്ടിപ്പുണർന്നു. മകൾ സ്വർണ പ്രതിമയായി മാറി. ചില ചിന്തകൾ നമുക്ക് തന്നെ വിപത്താവാറുണ്ട്. സദ്ചിന്തയിൽ നിന്നേ നല്ല ജീവിതം നയിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ എല്ലായ്പ്പോഴും സദ് ചിന്ത മനസ്സിൽ വരണമെന്നില്ല. അതിനുള്ള വിദ്യ നാം പഠിക്കേണ്ടിയിരിക്കുന്നു.