മറ്റുള്ളവരുടെ വിജയത്തിന് എതിരായി "പാര" പണിയുന്നവർ:നമ്മുടെ വിജയത്തിന് വിലങ്ങു തടിയായ ഇത്തരക്കാരോട് പകയും വിദ്വേഷവും തോന്നാറുണ്ടോ?
ഏതൊരാളും ജീവിതത്തിൽ വിജയം വരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. വിജയ പാതയിൽ ഏറെ വെല്ലുവിളികളെ നേരിടേണ്ടി വന്നേക്കാം.
ലക്ഷ്യത്തിലെത്താൻ വേണ്ട കഴിവുകൾ ഉണ്ടെങ്കിലും, വിജയ വഴിയിലെ അർഹമായ അവസരങ്ങളെ തട്ടി മാറ്റുന്ന ചിലരുണ്ടായെന്നും വരാം. ജീവിത വിജത്തിന് വിലങ്ങു തടിയായി മാറി നമ്മെ ഏറെ കഷ്ടപ്പെടുത്തിയേക്കാം. നാടൻ ഭാഷയിൽ ഇവരെ ''പാര പണിയുന്നവർ' എന്നു പറയാറുണ്ട്.
ആരുടെയെങ്കിലും വിജയത്തിന് എതിരായി പാര പണിതില്ലെങ്കിൽ ഇത്തരക്കാർക്ക് ഉറക്കം വരില്ല. അതിനു വേണ്ടി ജനിച്ചവരാണെന്ന് ചിലപ്പോൾ തോന്നിപ്പോയേക്കാം. ഇത്തരം പ്രവർത്തികൾ കൊണ്ട് അയാൾക്ക് പ്രത്യേകിച്ച്
ഗുണമൊന്നും ലഭിച്ചെന്നുവരില്ല.അസൂയ മൂത്തു ചെയ്തു പോകുന്നു എന്നുമാത്രം.
കഴിവും അധ്വാനവും ഉപയോഗിച്ചു പ്രവർത്തിക്കുന്ന വ്യക്തികളുടെ അധ്വാനം അപ്രതീക്ഷിതവും നിർഭാഗ്യകരമായ ഇവരുടെ പ്രവർത്തനത്താൽ നിഷ്പ്രഭമായി പോയേക്കാം. ഇതുമൂലം പ്രതീക്ഷകൾ നശിക്കുന്നു. പതുക്കെപ്പതുക്കെ വിഷമം അനുഭവിക്കുന്ന വ്യക്തിയുടെ ഉത്സാഹവും ആഗ്രഹവും മാഞ്ഞു പോയെന്നും വരാം. ഇത്തരത്തിലുള്ള പാര പ്രയോഗം നിങ്ങൾക്കും അനുഭവിക്കേണ്ടി വരാം. അതല്ലെങ്കിൽ അതിലൂടെ കടന്നു പോകേണ്ടി വന്നേക്കാം.
കഴിവുകൾ ഉള്ളവരാണെങ്കിൽ പോലും ജീവിതത്തിൽ എപ്പോഴെങ്കിലും പ്രശ്നക്കാരായ മനുഷ്യരെ ആശ്രയിച്ചു നിൽക്കേണ്ടിയും വരാം. ചിലപ്പോൾ പാര വരുന്ന കാര്യം നേരിട്ട് അറിഞ്ഞെന്നും വരില്ല. അനുഭവിച്ചു കഴിഞ്ഞേ തിരിച്ചറിയു. അതാണ് ഏറ്റവും വിഷമകരമാകുന്നത്. അതു കൊണ്ടാണ് വിജയം കഴിവിനേയോ സാങ്കേതിക ജ്ഞാനത്തേയോ ആശ്രയിച്ചു മാത്രമിരിക്കുന്ന കാര്യമല്ല എന്നു പറയുന്നത്. പ്രശ്നങ്ങളെ എങ്ങനെ നേരിടുന്നു എന്നതിതെ ആശ്രയിച്ചാണു നിൽക്കുന്നതെന്നു പറയുന്നത്. ഇത്തരം സാഹചര്യങ്ങളെയും അതിജീവിച്ചാണ് പല മഹത് വ്യക്തികളും വിജയം വരിച്ചിട്ടുള്ളത് .
നമ്മുടെ വിജയത്തിന് വിലങ്ങു തടിയായ ഇത്തരക്കാരോട് പകയും വിദ്വേഷവും തോന്നി തന്നിലുള്ള കഴിവു കൂടി നശിപ്പിക്കാൻ പുറപ്പെടണ്ട. എന്തു തന്നെയായാലും അന്തിമ വിജയം നമ്മെ തേടിയെത്തുക തന്നെ ചെയ്യും എന്ന ശുഭാപ്തി വിശ്വാസത്തോടെ ജീവിതത്തെ നേരിടുക. എല്ലാ നന്മകളും വന്നു ഭവിക്കട്ടെ!.
KHAN KARICODE
CON : PSYCHOLOGIST