ഒരു ജീവിത കഥ പറയാം; നിര്‍ത്താത്ത മഴ പെയ്തു കൊണ്ടിരുന്ന ഒരു വെള്ളിയാഴ്ചയായിരുന്നു അന്ന്. ഇരുണ്ടു മൂടി പെയ്യുന്ന മഴയുടെ ഭംഗി കണ്ടിരിക്കുകയായിരുന്നു ഞാന്‍ ഉമ്മറത്ത്.
അപ്പോഴാണ് ആ അമ്മ ഗെയ്റ്റ് കടന്നു വന്നത്. മുറ്റത്തെ മഴവെള്ളത്തിൽ കാല് വഴുതാതെ കയ്യിലൊരു സഞ്ചിയുമായി അവര്‍.അറുപത് വയസ്സിലധികം പ്രായമുണ്ടാകും.നെറ്റിയിലെ ചന്ദനക്കുറിയില്‍ അവരുടെ മുഖം വളരെ ഐശ്വര്യം തോന്നിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും അടിയുടുപ്പുകള്‍ വില്‍ക്കാന്‍ നടക്കുകയായിരുന്നു ആ സ്ത്രീ. എന്‍റെ നാട്ടില്‍ നിന്ന് 20 കിലോമീറ്ററോളം ദൂരെ ആയിരുന്നു അവരുടെ വീട്. ഈ പ്രായത്തില്‍ ഇത്രയും ദൂരം അതും ഇങ്ങനെ പെരുമഴയത്ത്...
ചോദിച്ചപ്പോൾ ആ അമ്മ പറഞ്ഞു, “ഓരോ ദിവസവും ഓരോ വഴിക്ക് ഇറങ്ങും. ....പുലര്‍ച്ചെ വീട്ടീന്ന്‍ എറങ്ങ്യാല്‍ വൈന്നേരം വീട്ടില് തിരിച്ചെത്താന്‍ പറ്റുന്ന ഇടത്തൊക്കെ...”
മഴയുടെ തണുപ്പിനെ ചൂടുചായ മൊത്തിക്കുടിച്ചകറ്റി അവര്‍ പറഞ്ഞു കൊണ്ടിരുന്നു. ഈ വാര്‍ധക്യത്തിലും ജീവിതം തേടിയുള്ള യാത്രകള്‍....
“ഏതായാലും ഈ കച്ചവടവും ആയി നടക്കുകയല്ലേ ...കുറച്ചൂടെ സാധനങ്ങള്‍ കരുതിക്കൂടെ...”
“ഉണ്ടായിരുന്നു മോനേ...അടിപ്പാവാടയും,,നൈറ്റിയും ഒക്കെ കൊണ്ട് നടക്കാറുണ്ടായിരുന്നു.അതിനൊക്കെ നല്ല ചെലവും ഉണ്ടായിരുന്നു....ഒരിക്കല്‍ അറ്റാക്ക് വന്നതോടെ അത്രയും ഭാരം കൊണ്ടുപോവുന്നത് നിര്‍ത്തി.....”
ഇങ്ങനെ നടക്കുമ്പോള്‍ അറ്റാക്ക് വന്നു വഴിയില്‍ വീണതും.ആരൊക്കെയോ ആശുപത്രിയില്‍ എത്തിച്ചതുമായ കഥ ഞെട്ടലോടെ ഞാന്‍ കേട്ടു.
അവര്‍ പേഴ്സില്‍ നിന്ന് ഒരു ചെറിയ മൊബൈലും,ചില ഫോണ്‍ നമ്പരുകള്‍ എഴുതിയ കടലാസ് തുണ്ടും, ആശുപത്രിയിലെ ചീട്ടും രണ്ടു ഗുളികകളും എടുത്തു കാണിച്ചു തന്നു.
“അതിനു ശേഷം എപ്പഴും ഇത് കൊണ്ട് നടക്കും.വേദന തോന്നിയാല്‍ നാവിനടിയില്‍ വെക്കാനാ ഈ ഗുളിക.അഥവാ പഴയ പോലെ വീണു പോയാല്‍ ഈ ചീട്ടില്‍ വിവരങ്ങളുണ്ട്.വിളിക്കാനുള്ള നമ്പരും....”
അമ്പരന്നു പോയ എന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി അവര്‍ പറഞ്ഞ കഥകള്‍ അഭിമാനിയായ ഒരു സ്ത്രീയുടെ ജീവിതമായിരുന്നു. നാട്ടിലെ ഒരു തുണിക്കട ഉടമയായിരുന്നു അവരുടെ ഭര്‍ത്താവ്.വിവാഹം കഴിഞ്ഞ് ഏറെ വൈകിയാണ് മക്കള്‍ ഉണ്ടായത്. രണ്ടു പെണ്‍കുട്ടികള്‍.
ഭര്‍ത്താവ് മരിക്കുമ്പോള്‍ കുട്ടികള്‍ സ്കൂളില്‍ പഠിക്കുകയായിരുന്നു. കച്ചവടം അന്യാധീനപ്പെട്ടു പോയെങ്കിലും ഉള്ളത് കൊണ്ട് അവര്‍ ജീവിച്ചു. പക്ഷെ മക്കളുടെ തുടര്‍പഠനത്തിനും ജീവിതം മുന്നോട്ടു കൊണ്ടുപോകാനും ഒരു തൊഴില്‍ വേണമായിരുന്നു. അങ്ങനെയാണ് തുണിത്തരങ്ങള്‍ വീടുതോറും കൊണ്ട് നടന്ന് വില്‍ക്കാന്‍ തുടങ്ങിയത്.
മൂത്തമകളെ എം എ വരെ പഠിപ്പിച്ചു വിവാഹം ചെയ്തയച്ചു. രണ്ടാമത്തെ മകള്‍ ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്നു.
ഇനി ഈ പ്രായത്തിലും രോഗാവസ്ഥയിലും ഈ ജോലി മതിയാക്കിക്കൂടെ എന്ന എന്‍റെ ചോദ്യത്തിന് അവര്‍ ചിരിച്ചു.
“മോളുടെ ഭര്‍ത്താവ് അവിടെ നിന്നോളാന്‍ പറഞ്ഞതാ.........ശരിയാവില്ല...വെറുതെ ഇരുന്ന് ആരുടെയെങ്കിലും ഔദാര്യത്തിന്....അത് വേണ്ട.ഈ നടത്തം ഒരു ശീലായി...മോളെ പഠിപ്പിക്കാനും ഞങ്ങക്ക് ജീവിക്കാനും ഉള്ള വരുമാനമുണ്ട്.പിന്നെ അവളെ കല്യാണം കഴിപ്പിച്ച് അയക്കാനുള്ള ഇത്തിരിയൊക്കെ സ്വരൂപിക്കാനും കഴിഞ്ഞു.....”
ഇറങ്ങുന്നതിനു മുമ്പ് അവര്‍ പറഞ്ഞു.
“ഈശ്വരനുണ്ട് കൂടെ.... ഇതുവരെ കുഴങ്ങിപ്പോയിട്ടില്ല.ഇപ്പഴും എണീറ്റ് നടക്കാനുള്ള ആരോഗ്യം ഉണ്ടല്ലോ.....സ്ഥിരായിട്ട് സാധനം വാങ്ങിക്കുന്ന കുറെ ആള്‍ക്കാരുണ്ട് ...ഇത്രേം കടകളൊക്കെ ഉണ്ടായിട്ടും അവര്‍ കാത്തിരിക്കും ....അങ്ങനെ കുറെ നല്ല മനുഷ്യരുടെ സ്നേഹമുണ്ട് എപ്പോഴും...ഇതൊക്കെ വലിയ ഭാഗ്യം”
ആരോഗ്യമുണ്ടെങ്കിലും കൈനീട്ടാന്‍ മടിക്കാത്ത ആളുകള്‍ എമ്പാടും ഉള്ള ഈ കാലത്ത് , രോഗം,വീട് നിര്‍മ്മാണം,പെണ്‍കുട്ടികളുടെ വിവാഹം അങ്ങനെ എന്തിനും ഗള്‍ഫിലേക്ക് ഒരു കത്തെഴുതിയാല്‍ പരിഹാരമാവുന്ന നാട്ടില്‍, റിലീഫ് കിറ്റുകളും പണവും കൃത്യമായി വീടുകളില്‍ എത്തിക്കാന്‍ സമ്പന്നര്‍ മത്സരിക്കുന്ന ചുറ്റുപാടില്‍ ഇങ്ങനെ ഒരു സ്ത്രീ ...
പെയ്തു തീരാത്ത മഴനൂലുകളിലേക്ക് അവര്‍ ഇറങ്ങി നടന്നു. വാര്‍ധക്യവും രോഗവും വകവെക്കാതെ ആത്മാഭിമാനത്തോടെ ജീവിക്കുന്ന ആ സ്ത്രീ കയ്യിലെ സഞ്ചി മുറുക്കിപ്പിടിച്ച് കാലുകള്‍ വഴുക്കാതെയും ഇടറാതെയും സൂക്ഷിച്ച് മെല്ലെ മെല്ലെ നടന്നു നീങ്ങി....
1960 ന്റെ മദ്ധ്യ ഘട്ടങ്ങളില്‍ സോഷ്യോളജിസ്റ്റായിരുന്ന മോറിസ് റോസന്‍ബര്‍ഗ്ഗ് സെല്‍ഫ് എസ്റ്റീമിന് നിര്‍വ്വചനം നല്‍കി ‘സ്വയം മതിപ്പ്’ എന്ന ധാരണ എന്ന്.റോസന്‍ബര്‍ഗ്ഗിന്റെ അഭിപ്രായത്തില്‍ സെല്‍ഫ് എസ്റ്റീം എന്നാല്‍ അവനവനെപ്പറ്റിയുള്ള പോസറ്റീവോ നെഗറ്റീവോ ആയ ചിന്താഗതി, ഞാന്‍ എത്രകണ്ട് വിലപ്പെട്ട ആളാകുന്നു എന്റെ കാഴ്ച്ചപ്പാടില്‍ എന്നാകുന്നു.
സെല്‍ഫ് എസ്റ്റീം ഉള്ള ഒരാള്‍ക്ക് വിഷാദം ഉണ്ടാവില്ല. അബ്രഹാം മാസ്ലോ എന്ന ഒരു അമേരിക്കന്‍ മന:ശാസ്ത്രജ്ഞന്‍ ഉണ്ടായിരുന്നു. അദ്ദേഹം മാനസീകരോഗ്യത്തിന്റെ ചവിട്ടുപടികളായി പല കാര്യങ്ങള്‍ ഒരു പിരമിഡ് രൂപത്തില്‍ വരച്ചുകാട്ടി. ആ പിരമിഡിന്റെ അടിത്തട്ടില്‍ പ്രാഥമീകാവശ്യങ്ങളായ ഭക്ഷണം വസ്ത്രം എന്നീ ആവശ്യങ്ങളായിരുന്നു. അവ കഴിഞ്ഞ്, സുരക്ഷിതത്വം, സ്‌നേഹം എന്നിവ. അതെല്ലാം കഴിഞ്ഞ് പിരമിഡിന്റെ മുകളിലേക്ക് കയറിക്കയറി സെല്‍ഫ് ആക്ചുലൈസേഷന്‍ എന്ന അവസാനത്തെ അവസ്ഥയെത്തുന്നതിന്ന് തൊട്ടുമുന്‍പുള്ള ചവിട്ടുപടി സെല്‍ഫ് എസ്റ്റീം ആയിരുന്നു.. അതായത് മാനസീകമായി പരിപൂര്‍ണ്ണ സംതൃപ്തിയിലേക്ക് യാത്രയാവുന്ന ഒരു മനുഷ്യന്റെ ചവിട്ടുപടിയിലൊന്നാണ് സെല്‍ഫ് എസ്റ്റീം. അങ്ങിനെ ലക്ഷ്യസ്ഥാനത്തെത്തുന്നയാള്‍ക്ക് യാഥാര്‍ത്ഥ്യബോധം വര്‍ദ്ധിക്കുന്നു എന്നും, അവര്‍ക്ക് സുദൃഢമായ ബന്ധങ്ങളുള്ള യഥാർത്ഥ സുഹൃത്തുക്കളായിരിക്കും തങ്ങളുടെ സുഹൃദ് വലയത്തില്‍ ഉണ്ടായിരിക്കുക എന്നും ചപ്പ് ചവറുപോലെയുള്ള ആഴമില്ലാത്ത ബന്ധങ്ങള്‍ ഉണ്ടാവില്ലെന്നും അബ്രഹാം മാസ്ലോ തന്റെ പഠനത്തില്‍ മനസ്സിലാക്കി.
ഇന്ന് നമ്മുടെ ഫെയ്‌സ് ബൂക്ക് ബന്ധങ്ങളില്‍ ആഴമില്ലാത്തവ നിരവധിയായിരിക്കും. പൊങ്ങച്ചത്തോടെ ‘എനിക്കിത്ര ഫേയ്‌സ്ബുക്ക് സുഹൃത്തുക്കളുണ്ടെന്നും’ എനിക്കിത്ര ലൈക്ക് കിട്ടി എന്നും മറ്റും പറയുന്നവര്‍ നിരവധിയാണ്. അബ്രഹാം മാസ്ലോവിന്റെ മറ്റൊരു നിരീക്ഷണം ഇങ്ങിനെ.സെല്‍ഫ് ആക്ചുവലൈസേഷനില്‍ എത്തിയവര്‍ മിക്കവാറും പരാശ്രയമില്ലാതെ ജീവിക്കുന്നവരായിരിക്കും എന്നുള്ളതാകുന്നു. സാമൂഹ്യ ജീവിതത്തില്‍ നിന്ന് അവര്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നില്ല.എന്നാല്‍ അവര്‍ ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാന്‍ ആഗ്രഹിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു. ഭൂതകാലത്തെപ്പറ്റി സങ്കടപ്പെടാതെയോ ഭാവിയെപ്പറ്റി ആശങ്കപ്പെടാത്തെതോ ആയ ഇവര്‍ വര്‍ത്തമാനകാലത്തില്‍ സന്തോഷത്തോടെ ജീവിക്കുന്നു. ‘അങ്ങിനെ സംഭവിച്ചാന്‍ എന്തു ചെയ്യും’ എന്നൊരാശങ്ക അവര്‍ക്കില്ല. പരാജയങ്ങളില്‍ ധൈര്യം വിടാതെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുകയും പ്രശ്‌നങ്ങള്‍ വന്നാല്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. മറ്റുള്ളവരുമായി സാമ്പത്തീകമോ വ്യക്തിപരമോ ആയ വ്യത്യാസങ്ങള്‍ അവര്‍ക്കില്ല.