ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ


`അമ്മ പകർന്നു നൽകിയ വാത്സല്യം എന്ന കടം എങ്ങനെയാണ് നാം വീട്ടി തീർക്കുക. ചില കടങ്ങൾ വീട്ടാതെ കിടക്കുന്നതല്ലേ നല്ലത്‌ ? ആ നന്മയും വാൽസല്യവും കരുണയും ആത്മാർത്ഥതയും നമ്മിൽ നിറഞ്ഞു കിടക്കുന്നില്ലേ....കുറച്ചു കടങ്ങൾ എങ്കിലും ഒരിക്കലും വീട്ടാൻ കഴിയുന്നതല്ല എന്ന് തിരിച്ചറിയുമ്പോൾ ഹൃദയം കുറച്ചു കൂടി വിനീതമാകും . ചില കടങ്ങൾ നല്ലതാണ്‌.`

അമ്മിഞ്ഞപ്പാലിനൊപ്പം നാവിൻതുമ്പിൽ പകർന്നെത്തിയ നാമമാണ് എല്ലാവർക്കും അമ്മ എന്നത് . നാം എവിടെയായിരുന്നു അതുവരെ. അമ്മയെ അതികഠിനമായി വേദനിപ്പിച്ചു കൊണ്ടാണ് ഓരോ കുഞ്ഞും ഈ ഭൂമിയുടെ പച്ചപ്പിലേക്ക് ശിരസു തൊട്ടത്.. പക്ഷെ ആ വേദനയുടെ മൂർധന്യതയിൽ തന്റെ മക്കളെ നെഞ്ചോട് ചേർത്ത് വച്ചപ്പോൾ എല്ലാ അമ്മമാരുടെയും വേദനകളെല്ലാം ഒഴുകിപ്പോയിട്ടുണ്ടാകും . അതാണ് അമ്മ.


അമ്മമനസ്സ് എന്താണെന്നു അറിയാൻ ഒരു അമ്മക്ക് മാത്രമേ കഴിയൂ. ഒരു ഭ്രൂണത്തെ പത്തുമാസം ചുമന്ന്, വേദനകൾ മറന്ന്, അതിനെ നൊന്തു പ്രസവിക്കുന്ന സ്ത്രീക്കു മാത്രമേ ആ വികാരം മനസ്സിലാക്കാൻ സാധിക്കൂ.സഹനത്തിന്റെയും കനിവിന്റെയും നിറകുടമാണമ്മ.


ജീവിതം എന്ന തിരിനാളം കൊളുത്തിയ നാൾ മുതൽ അതണയും നാൾവരെ നമ്മൾ ഏറ്റവും കൂടുതൽ ഉച്ചരിക്കുന്ന വാക്കാണ്"അമ്മ'. നമ്മുടെ എല്ലാ തെറ്റുകളും ക്ഷമിക്കുകയും പ്രതിഫലേച്ഛ കൂടാതെ രാപ്പകൽ നമുക്കു വേണ്ടി പ്രാർത്ഥിക്കുകയും നമുക്കു വേണ്ടി അധ്വാനിക്കുകയും ചെയ്യുന്ന അമ്മക്ക് തുല്യം വേറെ ആരാണ് ?


നിറമില്ലാത്തത്തിനു നിറവും മണമില്ലാത്തതിനു മണവും ഗുണം ഇല്ലാത്തതിന് ഗുണവും നല്‍കി; അതില്‍ വാത്സല്യ തേന്‍ നിറച്ച് അജ്ഞാതമായ ഒരു ശക്തി നമ്മില്‍ നിറയുന്ന സ്നേഹമായ്. കുടികൊള്ളുന്നുണ്ട്.. ആ സ്നേഹമാണ് അമ്മയെന്നത് . അമ്മ വെറുമൊരു വ്യക്തിയല്ല. വലിയൊരു മനസ്സാണ് . ക്ഷമ ശീലമാക്കി സ്വയം രൂപപ്പെടുത്തിയ ഒരു മനസ്സാണത് . എല്ലാ നന്മകളിലും വച്ച് മേന്മയേറിയത് .


അമ്മ നമ്മിലെന്നും ഒരു ശിശുവിനെ നിലനിര്‍ത്തുന്നു . അമ്മ ഇല്ലാതാകുമ്പോള്‍ നമുക്ക് ആദ്യം നഷ്ടപ്പെടുനത് ആ ശൈശവമാണ് .കാരണം അമ്മക്ക് മാത്രമേ നമ്മിലെ പൈതലിനെ നിലനിര്‍ത്താൻ കഴിയൂ.അമ്മയെന്ന തുളുമ്പിപ്പോവാതെ നില്‍ക്കുന്ന സ്നേഹത്തെ നിര്‍വചിക്കുകയെന്നത് അസാദ്ധ്യം!


നിര്‍മ്മലസ്നേഹം വഴിഞ്ഞൊഴുകുന്ന സ്ത്രീത്വത്തിന്‍റെ ഉദാത്ത ഭാവമാണ് മാതൃത്വം. ജീവിത യാഥാര്‍ത്യങ്ങളുമായ് പൊരുത്തപ്പെട്ടു പോകാന്‍ കഴിയാതെ സ്നേഹം ഉള്ളിലോതുക്കേണ്ടി വരുന്ന അമ്മയെന്ന നിസ്സഹായത ചിലപ്പോഴെല്ലാം സ്ത്രൈണതക്ക് അപവാദമാകാറുണ്ട് . പക്ഷെ, എവിടെയും എപ്പോഴും അമ്മക്ക് ഒരു മുഖമേയുള്ളൂ. ഒരു ഭാവമേയുള്ളൂ .. നെഞ്ചില്‍ അമ്മിഞ്ഞപ്പാല്‍ ഉറവപോട്ടുന നാള്‍ മുതല്‍ ആറടി മണ്ണിനു സ്വന്തമാകുംവരെ , മനസ്സിലും മടിയിലും വിരല്‍ തുമ്പിലും കണ്മുന്നിലും കാണാമറയത്തും വാത്സല്യത്തിന്‍റെ മഞ്ഞു പുതപ്പു നല്‍കി താരാട്ട് പാടുന്ന അമ്മയെ നാം കാണുന്നു. 


ആത്മാവിലെ ഇരുളിലേക്ക് അറിവിന്‍റെ ആദ്യാക്ഷര പൊന്‍വെളിച്ചം കൊളുത്തിത്തരുമ്പോഴും, ജീവിതയാത്രയുടെ വഴിത്താരയിലേക്ക് പിച്ച വച്ച് നടക്കാന്‍ പഠിപ്പിക്കുമ്പോഴും അമ്മയെന്ന മഹാഗുരുവില്‍ നാം ദൈവത്തെയല്ലേ ദര്‍ശിക്കുന്നത്.
അമ്മിഞ്ഞപ്പാലിന്‍റെ നന്മ ജീവിതം എന്ന തോന്നലുള്ളിടത്തോളം നമ്മുടെ സിരകളില്‍ ഒഴുകുന്നു . എത്രയെത്ര ദുഃഖങ്ങള്‍ നമ്മെ കല്ലാക്കി മാറ്റിയാലും, കനിവില്ലാത്ത ക്രൂരതയുടെ മുഖഭാവം തേടിയാലും, ജീവിതമെന്ന പങ്കായമില്ലാത്തോണി നമ്മെ എവിടെ കൊണ്ടു ചെന്നെത്തിച്ചാലും അലിവിന്‍റെ കണ്ണുനീര്‍ത്തുള്ളിയായ് ആ നന്മ ഒരിക്കലെങ്കിലും നമ്മുടെ മനസ്സിലും മിഴിയിലും നിറയും.. 


ഉയര്‍ച്ചയുടെ പടവുകള്‍ ഓരോന്നായ് കയറുമ്പോഴും താഴ്ചയുടെ അഗാധഗര്‍ത്തങ്ങളിലേക്ക് കാലിടറുമ്പോളും നമുക്ക് നേരെ നീളുന്ന അദൃശ്യമായ വിരല്‍ത്തുമ്പ്‌ അമ്മയെന്ന പുണ്യത്തിന്‍റെ പ്രാര്‍ഥനയാണ് . നാമറിയാതെയെന്നും നമ്മെ പിന്തുടരുന്ന പ്രാര്‍ത്ഥന!
അമ്മയെന്ന വാക്കിന്‍റെ അര്‍ഥം അറിഞ്ഞ്, അമ്മയെന്ന നന്മയെ തിരിച്ചറിഞ്ഞ് മനുഷ്യ സ്നേഹം മനസ്സില്‍ നിറക്കുന്ന മണ്ണിന്‍റെ മക്കള്‍ വിണ്ണിന്‍റെ മാലാഖ കുഞ്ഞുങ്ങളെ പോലെ ഇവിടം സ്വര്‍ഗ്ഗമാക്കും. ആ സ്വര്‍ഗ്ഗത്തില്‍, പരസ്പര സ്നേഹം പൂത്തുലയുന്ന മനസുകളില്‍., അമൃതായി നിറയും .. അമ്മയെന്ന വികാരം !!


അമ്മ എന്ന വാക്കിന് അല്ലെങ്കിൽ ആ രണ്ടക്ഷരത്തിന് ഓരോരുത്തർക്കും അവരുടെതായ നിർവചനങ്ങൾ ഉണ്ടാവും. അമ്മ, അതൊരു സത്യമാണ്. ഇന്ന് നമ്മളിൽ പലരും മറക്കുന്നതും ആ സത്യത്തെയാണ്. അമ്മ എന്ന സ്മരണക്ക്  ഉയർന്ന സ്ഥാനമാണുള്ളത്. അമ്മയെ സ്നേഹിക്കാത്തവനെ ദൈവം പോലും സ്നേഹിക്കില്ല. അമ്മ പകർന്നു നൽകിയ വാത്സല്യം എന്ന കടം എങ്ങനെയാണ് ,വീട്ടി തീർക്കുക.
 

ചില കടങ്ങൾ വീട്ടാതെ കിടക്കുന്നതല്ലേ നല്ലത്‌ ? ആ നന്മയും വാൽസല്യവും കരുണയും ആത്മാർത്ഥതയും നമ്മിൽ നിറഞ്ഞു കിടക്കുന്നില്ലേ....കുറച്ചു കടങ്ങൾ എങ്കിലും ഒരിക്കലും വീട്ടാൻ കഴിയുന്നതല്ല എന്ന് തിരിച്ചറിയുമ്പോൾ ഹൃദയം കുറച്ചു കൂടി വിനീതമാകും . ചില കടങ്ങൾ നല്ലതാണ്‌.സ്വയം എളിമപ്പെടാനും മനസ്സ് നിർമ്മലമാവാനും ...

_നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു_
_ഭൂമിയിൽ വന്നവതാരമെടുക്കാനെനിക്കന്നു_
_പാതിമെയ്യായ പിതാവിനോ....._
_പിന്നതിൽ പാതിമെയ്യായ മാതാവിനോ_
_പിന്നെയും പത്തുമാസം ചുമന്നെന്നെ_
_ഞാനാക്കിയ ഗർഭപാത്രത്തിനോ.._ _(അഹം)_