ഭൂകമ്പത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെട്ട നവജാത പെൺകുട്ടിക്ക് പുതിയ പേരും പുതിയ വീടും പുതിയ കുടുംബവും.
അടുത്തിടെ ഉണ്ടായ വൻ ഭൂകമ്പത്തെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിന് ഇടയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ജീവനോടെ പുറത്തെടുത്ത പൊക്കിൾകൊടി വേർപ്പെടുത്താത്ത കുഞ്ഞിന് പുതിയ പേര് നൽകിയതായി ദിഗാഡിയൻ റിപ്പോർട്ട് ചെയ്തു.
അറബിയിൽ 'അത്ഭുതം' എന്ന അർത്ഥം വരുന്ന 'അയ' എന്ന പേരാണ് കുഞ്ഞിന് നൽകിയത്. കുടുംബത്തെ നഷ്ടപ്പെട്ട കുഞ്ഞിന് പുതിയ കുടുംബത്തെയും ലഭിച്ചു. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത കുഞ്ഞിനെ പിതാവിന്റെ അമ്മാവൻ സലാ അൽ- ബദ്രാൻ തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ രക്ഷിതാക്കൾ താമസിച്ചിരുന്ന അഞ്ചുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ തുറന്നു നോക്കിയപ്പോഴാണ് രക്ഷാപ്രവർത്തകർ കുഞ്ഞ്അയയെ കണ്ടെത്തിയത്. അവശിഷ്ടങ്ങൾക്കിടയിൽ കുഞ്ഞിനെ കണ്ടെത്തുമ്പോൾ അമ്മയുമായി കുഞ്ഞിന്റെ പൊക്കിൾകൊടി ബന്ധം മുറിഞ്ഞിരുന്നില്ല.
ഭൂകമ്പം ഉണ്ടായി 10 മണിക്കൂർ വരെ കഴിഞ്ഞാണ് ഇവരെ രക്ഷിച്ചത്. കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്തിയിരുന്ന സമയത്ത് ശരീരം പൂർണ്ണമായും പൊടിയിലായിരുന്ന കുഞ്ഞിനെ ശരീരത്തോട് കെട്ടിപ്പിടിച്ചുകൊണ്ട് ഒരാൾ പുറത്തേക്കു ഓടി വരുന്നത് ആ വീഡിയോയിൽ കാണാമായിരുന്നു. ഭൂകമ്പം നടക്കുന്ന സമയത്ത് പൂജ്യത്തിന് താഴെയായിരുന്നു അവിടത്തെ താപനില. മറ്റൊരാൾ കുഞ്ഞിനു വേണ്ടി ഒരു പുതപ്പും കൊണ്ട് ഓടി വരുന്നതും, മൂന്നാമത് ഒരാൾ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ആയി കാറിനായി അലറി വിളിക്കുന്നതും ആ വീഡിയോയിൽ കാണാമായിരുന്നു.
ഭൂകമ്പത്തിൽ രക്ഷപ്പെട്ട പിഞ്ചുകുഞ്ഞിനെ ദത്തെടുക്കാൻ ആയിരക്കണക്കിനാളുകളാണ് സമ്മതം അറിയിച്ചത്. സമീപ പ്രദേശത്തുള്ള അഫ്രീൻ പട്ടണത്തിലുള്ള ആശുപത്രിയിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചത്. അയയുടെ ശരീരത്തിൽ ചതവുകൾ ഉണ്ടായിരുന്നു. തണുപ്പിൽ വിറച്ച് ശ്വസിക്കാനാകുന്നുണ്ടായിരുന്നില്ല. കഠിനമായ തണുപ്പ് കാരണം കുഞ്ഞ് ഹൈപ്പോതെർമിയയുമായാണെത്തിയത്. കുഞ്ഞിന് ചൂട് നൽകി കാൽസ്യം നൽകുമെന്നും ഡോക്ടർ പറഞ്ഞിരുന്നു. കൂടാതെ ആശുപത്രിയിലെ ഒരു ഡോക്ടറുടെ ഭാര്യ തൻ്റെ കുഞ്ഞിന് മുലപ്പാൽ നൽകുന്നതോടൊപ്പം അയയ്ക്കും മുലപ്പാൽ നൽകി. സിറിയൻ പട്ടണമായ ജെൻഡറിസിൽ മരിച്ച
മരിച്ച അമ്മയോട് പൊക്കിൾക്കൊടി ഘടിപ്പിച്ച നിലയിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഭൂകമ്പത്തിൽ കുഞ്ഞിൻ്റെ അച്ഛനും അമ്മയും സഹോദരങ്ങളും മരിച്ചു. തിങ്കളാഴ്ച റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ അനാഥരായ നിരവധി കുട്ടികളിൽ ഒരാളാണ് അയ.