അറിവ് മഹാശക്തിയാണെന്ന് തിരിച്ചറിഞ്ഞ ഒരു കാലഘട്ടത്തിൽ ആണ് നാമിപ്പോൾ ജീവിക്കുന്നത്. മനുഷ്യ ജീവിതത്തിന്റെ ചരിത്രം പരിശോധിച്ചാൽ അത് കൃഷിയിൽ നിന്ന് ആരംഭിച്ച് വ്യവസായ വാണിജ്യ യുഗങ്ങളിലൂടെ സഞ്ചരിച്ച് വിവര സാങ്കേതിക യുഗവും പിന്നിട്ട് വൈജ്ഞാനിക യുഗത്തിൽ എത്തിയിരിക്കുകയാണ്. അറിവ് കൊണ്ടുള്ള എറ്റവും വലിയ പ്രയോജനം അത് സ്വന്തം ജീവിതത്തിൽ ഉപയോഗിക്കുക തന്നെയാണ്.അറിവ് ഉപയോഗിക്കുകയും പങ്കു വക്കുകയും ചെയ്യുന്നില്ലെങ്കിൽ ആ അറിവ് കൊണ്ട് ഒരു പ്രയോജനവും ഇല്ല.
നമുക്ക് രണ്ട് തരം കണ്ണുകൾ ഉണ്ട്.ബാഹ്യവും ആന്തരികവും ആയ കണ്ണുകൾ. അകക്കണ്ണിനെ തുറക്കാനുള്ള ആയുധമാണ് അറിവ്. അറിവും ഫലമുള്ള വൃക്ഷവും തമ്മിൽ ഒരു ബന്ധമുണ്ട്. ഫലമുള്ള വൃക്ഷം ഫലങ്ങളുടെ ആധിക്യത്താൽ അതിന്റെ ചില്ലകൾ ഭൂമിയിലേക്ക് താഴത്തുന്നത് പോലെ ആകണം അറിവുള്ളവനും. അറിവ് എന്നത് തനിക്ക് അറിയാത്ത നിരവധി കാര്യങ്ങൾ ഉണ്ടെന്നുള്ള സ്വയം ബോധ്യം കൂടിയാണ്.
അറിവ് മനുഷ്യന്റെ സഞ്ചാര വഴിയിൽ അന്ധകാരത്തിൽ നിന്നും പ്രകാശം പരത്തുന്ന തെരുവ് വിളക്കു പോലെയാണ്. അത് കൃത്യമായ ദിശ നൽകി അവനെ ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നു.നാം അഭ്യസിച്ച ഓരോ അറിവും നമ്മെ ലാളിത്യത്തിൽ നിന്നും ലാളിത്യത്തിലേക്ക് നയിച്ച് മറ്റുള്ളവരുടെ കണ്ണീരൊപ്പാനുള്ള തൂവാലയാവണം.
ഗുരുവിനെക്കാൾ വലിയ ശിഷ്യന്മാരെ രൂപപ്പെടുത്തുക എന്നതാകണം ഓരോ വിദ്യാലയത്തിന്റെയും അടിസ്ഥാന ദൗത്യം. .അതു സംഭവിക്കണമെങ്കിൽ കാലത്തിനുമപ്പുറത്തേക്ക് സഞ്ചരിക്കാനുള്ള ശേഷിയും ശിഷ്യരുടെ മികവിന്റെ പരകോടി കണ്ടെത്താനുള്ള വൈദഗ്‌ധ്യവും ഗുരുവിനുണ്ടാകണം.
പഠനം അവസാനിക്കുമ്പോഴാണ് പരിശീലകൻ ആകുന്നതെന്നും , പരിശീലിപ്പിക്കാൻ തുടങ്ങുമ്പോൾ പഠനം അവസാനിപ്പിക്കണമെന്നും കരുതുന്നവർ കാലഹരണപ്പെട്ടവരും കാര്യശേഷി ഇല്ലാത്തവരുമാകും.
ഒരു പഠനവും ഒരിക്കലും അവസാനിക്കുന്നില്ല. കാരണം ഒരറിവും ഒരിക്കലും പൂർണ്ണമല്ല. എല്ലാ കണ്ടു പിടുത്തങ്ങൾക്കും സിദ്ധാന്തങ്ങൾക്കും എന്നും തുടർച്ചകളും മാറ്റങ്ങളും ഉണ്ടാകും.
തുടങ്ങിയ തൊഴിലിന് ശേഷവും തുടരുന്ന പഠനമാണ് പ്രവർത്തികൾക്ക് പൂർണ്ണതയും പുതുമയും നൽകുന്നത്. തൊഴിൽ സമ്പാദിക്കാനുള്ള മാർഗം അല്ല , മറിച്ച് തൊഴിലിനെ പ്രസക്തവും പ്രയോജനപ്രദവും ആക്കാനുള്ള മാർഗം ആവണം പഠനം.
മൂല്യമേറിയതും അർത്ഥവത്തായതുമായ നമ്മുടെ ജീവിതത്തിനു കൃത്യമായ ഒരു ലക്ഷ്യം ഉണ്ടാക്കിയെടുക്കുക എന്നതൊരു വലിയ കാര്യമാണ്.നെഗറ്റിവായിട്ടുള്ള ചിന്താധാരകളിൽ നിന്നും മനസ്സിനെ മുക്തമാക്കാൻ ഒരു പരിധി വരെയെങ്കിലും ശ്രദ്ധിക്കുക.
അലസവും വിരസവുമായിട്ടുള്ള നാളുകളെ മറന്നുകൊണ്ട് അവയെ ജീവിതത്തിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുക.വ്യക്തതയുള്ള തന്റെ ജീവിതത്തിൽ അറിയാനുള്ളതും, ചെയ്യാനുള്ളതുമായ കർത്തവ്യങ്ങളെ ആത്മാർത്ഥമായി തന്നെ സ്വീകരിക്കുക.