അനിയത്തിയുടെ കരച്ചിൽ കേട്ട് കിണറ്റിൻകരയിൽ എത്തിയപ്പോൾ കണ്ടത് കിണറ്റിൽ വീണ ഉമ്മയെ; കൂടുതൽ ആലോചിക്കാൻ നിൽക്കാതെ കിണറ്റിൽച്ചാടി; ഉമ്മയുടെ ജീവൻ രക്ഷിച്ച് അഞ്ചാം ക്ലാസുകാരൻ; അഭിനന്ദനപ്രവാഹം
അനിയത്തിയുടെ കരച്ചിൽ കേട്ട് കിണറ്റിൻകരയിൽ എത്തിയപ്പോൾ കണ്ടത് കിണറ്റിൽ വീണ ഉമ്മയെ; കൂടുതൽ ആലോചിക്കാൻ നിൽക്കാതെ കിണറ്റിൽച്ചാടി; ഉമ്മയുടെ ജീവൻ രക്ഷിച്ച് അഞ്ചാം ക്ലാസുകാരൻ; അഭിനന്ദനപ്രവാഹം.
ഒരുനിമിഷം പോലും ആലോചിച്ചു നിന്നില്ല, ആഴവും നിറയെ വെള്ളവുമുള്ള കിണറ്റിലേക്ക് എടുത്തുചാടുമ്പോൾ മനസ്സിൽ ഉമ്മയുടെ മുഖം മാത്രമായിരുന്നു സ്വബീഹിന്. നീന്തലറിയാവുന്ന സ്വബീഹ് നീന്തലറിയാതെ മുങ്ങിത്താഴുന്ന ഉമ്മയുടെ കൈപിടിച്ച് കിണറ്റിലേക്ക് തൂങ്ങിനിൽക്കുന്ന കയറിൽ പിടിച്ചുനിന്നു.
കൊട്ടയിൽ കയർകെട്ടി കിണറിലെ മാലിന്യം നീക്കുന്നതിനിടെയാണ് വേങ്ങര കണ്ണമംഗലം ചേറൂർ കിളിനക്കോട് യു.എൻ. മുഹമ്മദ് സ്വബീഹിന്റെ മാതാവ് ജംഷീന അരികിടിഞ്ഞ് കാൽതെന്നി കിണറ്റിലേക്കു വീണത്. അനിയത്തി റജാ ഫാത്തിമയുടെ കരച്ചിൽകേട്ട് ഓടിയെത്തിയ സ്വബീഹ് ഒരുനിമിഷം വൈകാതെ കിണറ്റിലേക്ക് ഒറ്റച്ചാട്ടം. ഉമ്മയെ സുരക്ഷിതമാക്കി.
ഇതിനിടിടെ ജംഷീനയുടെ ഭർത്തൃസഹോദരി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരായ സ്വാലിഹ്, ഫസലു, നൗഷാദലി എന്നിവരുടെ നേതൃത്വത്തിൽ കിണറ്റിലിറങ്ങി. ഇവർ രണ്ടുപേരും ഒരുമിച്ച് കിണറ്റിൽ വീണതാകുമെന്നുകരുതി ആദ്യം ചെറിയകുട്ടിയായ സ്വബീഹിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് അവൻ ഉമ്മയെ ആദ്യം രക്ഷിക്കാൻ ആവശ്യപ്പെടുന്നത്. പിന്നീടാണ് നാട്ടുകാരും കഥയറിയുന്നത്.
കിണറ്റിൽവീണ മാതാവിനെ രക്ഷപ്പെടുത്താൻ അതിസാഹസികമായി ഇടപെട്ട അഞ്ചാംക്ലാസുകാരന് നാട്ടുകാരുടെയും അധ്യാപകരുടെയും കൂട്ടുകാരുടെയും അഭിനന്ദനപ്രവാഹമായിരുന്നു പിന്നീട്. പൊതുരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന യു.എൻ. സൈതലവിയുടെ മകനാണ് സ്വബീഹ്. കിളിനക്കോട് എം.എച്ച്.എം.യു.പി.സ്‌കൂൾ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്.
വിദ്യാലയത്തിലും കൂട്ടുകാരെ സഹായിക്കുന്ന കാര്യത്തിലും പൊതുവായ പ്രവർത്തനത്തിലും സ്വബീഹ് സജീവമാണെന്ന് അധ്യാപകർ. വിദ്യാലയത്തിലെത്തിയ സ്വബീഹിനെ അധ്യാപകരും രക്ഷാകർത്താക്കളും ചേർന്ന് നോട്ടുമാലയണിയിച്ച് അഭിനന്ദിച്ചു.