ചില കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ അടുക്കള വൃത്തിയാക്കുന്നതും പാത്രം കഴുകുന്ന പരിപാടിയുമെല്ലാം വളരെ എളുപ്പത്തില്‍ ചെയ്യാൻ സാധിക്കും.
ചില കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ അടുക്കള വൃത്തിയാക്കുന്നതും പാത്രം കഴുകുന്ന പരിപാടിയുമെല്ലാം വളരെ എളുപ്പത്തില്‍ ചെയ്യാൻ സാധിക്കും.
നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധയും പരിചരണവും വേണ്ട സ്ഥലമാണ് അടുക്കള. ഭക്ഷണപദാർഥങ്ങള്‍ പാകം ചെയ്യുന്ന സ്ഥലമാണല്ലോ അടുക്കള. അതുകൊണ്ടുതന്നെ, അടുക്കള എപ്പോഴും ഭംഗിയായും ശുചിയായും സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പല രോഗങ്ങളും അടുക്കളയില്‍ നിന്നാണ് ആരംഭിക്കുന്നത്. അതിനാല്‍ അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
വീട്ടിലെ ഏറ്റവും അറുബോറൻ പണി എന്താണെന്ന് വീട്ടമ്മമാരോട് ചോദിച്ചാല്‍ അതിനു ഒരുത്തരമേ ഉണ്ടാകൂ, അത് പാത്രം കഴുകലാണ്. ഭക്ഷണം ഉണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം വേണം പാത്രം കഴുകാന്‍ എന്നാണ് വീട്ടമ്മമാരുടെ പരാതി. അതുപോലെതന്നെ മറ്റൊരു തലവേദനയാണ് അടുക്കളയില്‍ പാത്രങ്ങള്‍ കഴുകുന്ന സിങ്ക് വൃത്തിയാക്കുന്നതും. എന്നാല്‍ ചില കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ അടുക്കള വൃത്തിയാക്കുന്നതും പാത്രം കഴുകുന്ന പരിപാടിയുമെല്ലാം വളരെ എളുപ്പത്തില്‍ ചെയ്യാൻ സാധിക്കും.
ഓരോ തവണ ഭക്ഷണം തയ്യാറാക്കിയതിന് ശേഷവും കിച്ചൺ കൗണ്ടറും സ്റ്റൗവും വൃത്തിയാക്കണം. ഓരോ തവണയും വെള്ളവും ഡിറ്റർജന്റും ഉപയോഗിച്ച് കിച്ചൺ കൗണ്ടറും സ്ലാബുകളും സ്റ്റൗവും വൃത്തിയാക്കാം.
കഴുകാനുള്ള മുഴുവന്‍ പാത്രങ്ങള്‍ കൂടി സിങ്കിനുള്ളില്‍ എടുത്തിടരുത്. ഇത് പാത്രങ്ങള്‍ കുമിഞ്ഞു കൂടി അവിടെ ചെയ്യുന്ന പണികൾക്ക് ബുദ്ധിമുട്ടായി മാറും.വൃത്തിയായി സൂക്ഷിക്കേണ്ട സ്ഥലമാണ് സിങ്ക്. വിനാഗിരി, ബേക്കിങ് സോഡ എന്നിവ സിങ്കില്‍ ഒഴിച്ച് ഉരച്ചുകഴുകിയാല്‍ സിങ്ക് മിന്നിതിളങ്ങും. ഒപ്പം ദുര്‍ഗന്ധവും ഉണ്ടാകില്ല.
പാത്രം കഴുകാന്‍ ഏതു സോപ്പാണ് ഉപയോഗിക്കുന്നത് ? പരസ്യത്തില്‍ കണ്ട സോപ്പല്ല മറിച്ചു ലാക്ടിക് ആസിഡ് അടങ്ങിയ സോപ്പ് തിരഞ്ഞെടുത്താല്‍ പാത്രങ്ങള്‍ എളുപ്പത്തില്‍ വൃത്തിയാക്കാം. അതുപോലെ ലൗറാമൈന്‍ ഓക്‌സൈഡ് അടങ്ങിയ സോപ്പുകള്‍ വഴുവഴുപ്പ് നീക്കം ചെയ്യാനും എളുപ്പം സഹായിക്കും.
പാത്രങ്ങള്‍ എളുപ്പം കഴുകാന്‍ ഉള്ള മറ്റൊരു തന്ത്രമാണ് ഭക്ഷണം കഴിച്ച ശേഷം അൽപസമയം പാത്രം വെള്ളത്തില്‍ കുതിര്‍ത്ത ശേഷം കഴുകുക എന്നത്. അടി കരിഞ്ഞ പാത്രങ്ങള്‍ രാത്രിയില്‍ ഉപ്പ് വെള്ളത്തില്‍ മുക്കി വയ്‌ക്കുക. പിന്നീട് വെള്ളം ചൂടാക്കി ഒഴിച്ച് കഴുകിയാല്‍ പാത്രം എളുപ്പം വൃത്തിയാവും. അല്ലെങ്കില്‍ ഒരു ടീസ്‌പൂണ്‍ അല്ലെങ്കില്‍ ടേബിള്‍ സ്‌പൂണ്‍ ബ്ലീച്ച് ചേര്‍ത്ത വെള്ളത്തില്‍ പാത്രം മുക്കി വയ്‌ക്കുക. ഡിഷ് സ്‌പോഞ്ച് വൃത്തിയാക്കാനും സിങ്ക് കഴുകാനും ഈ വെള്ളം ഉപയോഗിക്കാം.
അടുക്കളയിൽ ഏറ്റവും കൂടുതൽ അഴുക്ക് കുമിഞ്ഞുകൂടുന്ന ഇടമാണ് സ്റ്റൗ. സ്റ്റൗ ദിവസേന വൃത്തിയാക്കിയില്ലെങ്കിൽ അഴുക്ക് പറ്റിപിടിച്ചിരിക്കാം. ഇതിനായി ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുക്കുക. ഇനി ഇതിലേക്ക് ബേക്കിംഗ് സോഡയും വിനാഗിരിയും ചേർത്തിളക്കുക. ശേഷം ഇതിലേക്ക് ബർണർ മുക്കി വയ്ക്കുക. കുറച്ച് സമയത്തിനുശേഷം ഇത് വൃത്തിയാക്കി എടുക്കാവുന്നതാണ്.
സ്ക്രബ് തിരഞ്ഞെടുക്കുമ്പോൾ നല്ല ക്വാളിറ്റി ഉള്ളത് വേണം പാത്രം കഴുകാന്‍ ഉപയോഗിക്കാന്‍. ഒന്നോ രണ്ടോ ഉപയോഗത്തിന് ശേഷം കുതിര്‍ന്നു വീഴുന്ന ടൈപ്പ് സ്ക്രബ് വാങ്ങിയാല്‍ പാത്രം വൃത്തിയാകില്ല.
പ്രകൃതിദത്തമായ രീതിയിൽ ഉണ്ടാക്കുന്ന ലായനികൾ ഉപയോഗിച്ചും അടുക്കള വൃത്തിയാക്കാം. ഇതിനായി ബേക്കിങ്ങ് സോഡയും നാരങ്ങാനീരും ചേർത്ത് മിശ്രിതം തയ്യാറാക്കി ഉപയോഗിക്കാം. കിച്ചൺ സ്ലാബ്, സിങ്ക് തുടങ്ങിയടമൊക്കെ ഈ മിശ്രിതം ഉപയോഗിച്ച് വൃത്തിയാക്കുന്നത് നല്ലതാണ്.
പാത്രങ്ങളിലെ ഒട്ടലും വഴുവഴുപ്പും മാറാനാണ് ബേക്കിംഗ് സോഡ ചേര്‍ത്തു കഴുകുന്നത്. ബേക്കിങ് സോഡ പാത്രങ്ങളില്‍ വിതറിയ ശേഷം അൽപം ചൂട് വെള്ളം ഒഴിച്ച് കഴുകിയാല്‍ പാത്രങ്ങള്‍ വെട്ടിതിളങ്ങും.
അടുക്കളയിൽ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട ഉപകരണമാണ് മിക്സി. ഇത് എല്ലാ ദിവസവും ഉപയോഗശേഷം വൃത്തിയാക്കേണ്ടതാണ്. നനഞ്ഞ തുണി ഉപയോഗിച്ച് പുറം തുടച്ചശേഷം ചെറിയ ഹോളുകളിൽ അടിഞ്ഞിരിക്കുന്ന പൊടിയും അവശിഷ്ടങ്ങളും ഇയർബഡ്സ് ഉപയോഗിച്ച് വൃത്തിയാക്കാം.