പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ജീവിതത്തിൽ നിന്ന് പോലും ഒളിച്ചോടാൻ ശ്രമിക്കുന്നവർ ആണ് നമ്മിൽ പലരും .. എന്നാൽ എല്ലാറ്റിനെയും ഒഴിവാക്കി ജീവിക്കാൻ ശ്രമിക്കുന്നവർക്ക് ജീവിക്കാൻ ചിലപ്പോൾ ഒരിടവും അവശേഷിക്കില്ല.ഒളിച്ചോട്ടം ഭീരുവിന്റെ പരിഹാരവും അതിജീവനം ആത്മധൈര്യമുള്ളവന്റെ പ്രതിവിധിയും ആണ്... സുരക്ഷിത കേന്ദ്രങ്ങളിൽ വാതിലടച്ചിട്ട് ഇരിക്കാൻ എല്ലാവർക്കും പറ്റിയെന്ന് വരും ...പക്ഷേ അപായ സാധ്യത ഉണ്ടെന്ന് അറിഞ്ഞിട്ടും ഉള്ളിടത്ത് തന്നെ നിലനിൽക്കണമെങ്കിൽ നിശ്ചയദാർഡ്യം വേണം .
ജീവിതത്തിൽ ഒരിക്കലെങ്കിലും വിഷമഘട്ടങ്ങളിലൂടെ കടന്ന് പോകാത്ത മനുഷ്യർ ഉണ്ടാവില്ല. കുടുംബ ബന്ധങ്ങളിലെ തകർച്ചകൾ, രോഗങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, ജോലിക്കാര്യങ്ങൾ, മരണം തുടങ്ങിയവയിൽ അധിഷ്ഠിതമായിരിക്കും മിക്ക പ്രതിസന്ധികളും. അതിനെ എങ്ങിനെയാണ് നമ്മൾ നേരിടുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും പിന്നീടുള്ള കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത്.
മനുഷ്യന് മസിൽ പവ്വർ പോലെ അത്യന്താപേക്ഷിതമാണ് മെൻ്റൽ പവ്വറും.മസിൽ പവ്വർ നന്നാക്കാനായി നമ്മൾ ജിംനേഷ്യത്തിൽ പോകുന്നു. എന്നാൽ മനുഷ്യൻ്റെ മെൻറൽ പവ്വറിൻ്റെ ശക്തി കൂട്ടുന്നത് അവൻ നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ്. അതിജീവനം കൊണ്ട് അവൻ്റെ മന:ശ്ശക്തി പൂർവ്വാധികം ഉത്തേജിക്കപ്പെടുന്നു.ചുരുക്കി പറഞ്ഞാൽ ജീവിതത്തോട് പോരാടി നമുക്ക് അവകാശപ്പെട്ടത് സ്വന്തമാക്കണം.
സമുദ്രത്തിൻ്റെ ആഴമറിയാൻ അതിലിറങ്ങി മുത്തുകൾ വാരുക തന്നെ വേണം. അല്ലാതെ കരയിലിരുന്ന് നോക്കിയാൽ ഒരിക്കലും അത് നമുക്ക് ലഭിക്കില്ല. ഒറ്റ വീഴ്ച്ചകൊണ്ട് തകർന്നു പോകുന്നവരാണ് ആത്മഹത്യയിൽ അഭയം കാണുന്നത്. അവർക്ക് ജീവിത പ്രശ്നങ്ങളെ ധൈര്യപൂർവ്വം അഭിമുഖീകരിക്കാൻ കഴിയാതെ പോയി.മനസ്സിൽ സങ്കടങ്ങൾ പെരുകുമ്പോൾ അറിയാതെ നമ്മൾ ജീവിതത്തെ വെറുത്ത് പോകുന്നത് സ്വഭാവികം മാത്രം.
ജീവിതയാത്രയിലെ തിരിച്ചടികളാണ് പലേരേയും വിശ്വാസികളും, അവിശ്വാസികളും ആക്കി മാറ്റുന്നത്. ചിലർ നിയോഗങ്ങളിലും, നിമിത്തങ്ങളിലും വിശ്വസിച്ച് പോവുന്നതും ഇതുകൊണ്ട് തന്നെ.ഓരോ വിഷമഘട്ടവും ലോകവസാനമായി ഇക്കൂട്ടർക്ക് അനുഭവപെട്ടേക്കാം.ആവശ്യക്കാർക്ക് അവസരങ്ങൾ നൽകാൻ ജീവിതത്തിന് പലപ്പോഴും മടിയാണ്. മറിച്ച് ആവശ്യമില്ലാത്തവർക്ക് അത് വാരിക്കോരി കൊടുക്കുകയും ചെയ്യും.എല്ലാ കാര്യങ്ങളും നമുക്ക് പുസ്തകങ്ങളിൽ നിന്നും പഠിക്കാനാവില്ല. പല പാoങ്ങളും നമ്മെ പഠിപ്പിക്കുന്നത് ജീവിതമെന്ന ഗുരുവാണ്. പ്രതീക്ഷകളാണ് മനുഷ്യനെ നിലനിർത്തുന്നത്. അത് നഷ്ടപ്പെട്ടാൽ ജീവിതം മരണ സമാനമായിത്തീരും.
ചൈനീസ് ഭാഷയിൽ പ്രതിസന്ധി എന്ന വാക്കിന് രണ്ടർത്ഥമുണ്ട്. ഒന്ന് "അപകടം'എന്നാണെങ്കിൽ മറ്റൊരർത്ഥം ' അവസരം ' എന്നാണ്.മനുഷ്യജീവിതത്തിലുണ്ടാക്കുന്ന ഓരോ പ്രശ്നവും ജീവിതത്തോട് മത്സരിക്കാൻ കിട്ടുന്ന അവസരമായിട്ടാണ് അവർ കാണന്നത്. ആ മത്സരത്തിൽ വിജയം തനിക്ക് തന്നെ എന്ന ആത്മവിശ്വാസത്തോടെ പോരാടി അവർ പ്രതിസന്ധികളെ അതിജീവിക്കുന്നു.നമുക്കും ആ വഴിക്ക് ചിന്തിക്കാവുന്നതേയുള്ളു..
പ്രതിസന്ധികൾ ജീവിതത്തിന്റെ ഭാഗം തന്നെയാണ്.ഇവിടെ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ നമുക്ക് നിയന്ത്രണാധീതമായ ഒരു കാര്യത്തെ കുറിച്ച് നാം വ്യാകുലപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല. കാരണം അതിന്റെ നിയന്ത്രണം നമ്മുടെ പക്കൽ അല്ല. ഇനി നിയന്ത്രണാധീനമായ കാര്യം ആണെന്ന് വച്ചാൽ , അവിടെ നമുക്ക് തന്നെ കാര്യങ്ങൾ ശരിയായ ട്രാക്കിലേക്ക് പിടിച്ച് വിടാൻ സാധിക്കുന്നത് കൊണ്ട് അവിടെയും നാം ആധി പിടിക്കേണ്ട കാര്യം വരുന്നില്ല.
പ്രതിസന്ധികളുടെ ആഴത്തേക്കാൾ അവയോടുള്ള സമീപനത്തിലെ അപാകതയാണ് സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുന്നത്.
നിയന്ത്രിക്കാൻ ആകാത്ത സാഹചര്യങ്ങളെക്കാൾ അപകടകരം നിയന്ത്രിക്കാൻ ആകാത്ത മനസ്സാണ്. നിസ്സഹായനാണ് എന്ന് ഉറപ്പുള്ളപ്പോൾ സംയമനത്തോടെ ഇരിക്കുന്നതാണ് ഉചിതം . എന്നാൽ സാമാന്യ ബുദ്ധി കൊണ്ടൊ സാഹസികത കൊണ്ടൊ വരുതിയിൽ ആക്കാനുള്ള സാധ്യതയുണ്ടെങ്കിൽ അതിനായി മുന്നിട്ടിറങ്ങാനുള്ള സന്നദ്ധതയും വേണം.
ഒന്ന് ശാന്തമായാൽ പരിഹാരമാകുന്ന പല പ്രശ്നങ്ങളും ഉണ്ട്. ഒന്ന് ശ്രദ്ധിച്ചാൽ പ്രതിവിധി കണ്ടെത്താവുന്ന വെല്ലുവിളികളുമുണ്ട്. ഓരോന്നിനും അത് അർഹിക്കുന്ന പ്രാധാന്യം മാത്രം നൽകുന്നതാണ് പക്വത.
ഈ ജീവിതം പടച്ചവൻ നമുക്ക് തന്ന വരദാനമാണ്. അതിനെ ധൈര്യപൂർവ്വം ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യുക. എത്ര കൊടിയ ജീവിത പ്രതിസന്ധിയിലും വിജയം നമ്മോടൊപ്പം ഉണ്ടാക്കുക തന്നെ ചെയ്യും.
"ഒളിച്ചോട്ടം ഭീരുവിന്റെ പരിഹാരവും, അതിജീവനം ആത്മധൈര്യമുള്ളവന്റെ പ്രതിവിധിയുമാണ്."
ജീവിതത്തിൽ വെല്ലുവിളികൾ ഉണ്ടാകുമ്പോൾ നമുക്ക് മുന്നിൽ ഈ രണ്ടു വഴികളുണ്ട്.
പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നത് ഒരുപക്ഷേ താൽക്കാലികമായ ആശ്വാസം നൽകിയേക്കാം, പക്ഷേ അത് ഒരിക്കലും നമ്മളെ ലക്ഷ്യത്തിൽ എത്തിക്കുകയില്ല. ഓരോ ഒളിച്ചോട്ടവും നമ്മുടെ ആത്മവിശ്വാസത്തെ കുറയ്ക്കുന്നു.
എന്നാൽ, ആത്മധൈര്യത്തോടെ ഓരോ പ്രതിസന്ധിയെയും നേരിടുമ്പോൾ, നാം നമ്മളെത്തന്നെ കണ്ടെത്തുകയാണ്.
ഓരോ അതിജീവനവും നമ്മളെ കൂടുതൽ കരുത്തരാക്കുന്നു, നമ്മുടെ ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി അടുപ്പിക്കുന്നു.
അതുകൊണ്ട് ഇന്ന്, ഭയത്തിൽ നിന്ന് ഓടിയൊളിക്കാതെ, ധൈര്യത്തോടെ അതിനെ നേരിടുക. നിങ്ങളുടെ ഉള്ളിലെ യോദ്ധാവിനെ ഉണർത്തുക. ഓരോ വെല്ലുവിളിയും നിങ്ങളുടെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്.
"പ്രതിസന്ധികൾ വരുമ്പോൾ ഒളിച്ചോടരുത്, അത് ഭീരുത്വമാണ്. അതിനെ അതിജീവിച്ച് കാണിക്കുക, അതാണ് ധീരത. ഇന്നത്തെ ദിവസം ധീരതയുടേതാവട്ടെ!"
"ഓരോ പ്രഭാതവും ഒരു പുതിയ അവസരമാണ് - ഭയന്ന് പിന്മാറാനല്ല, ധൈര്യത്തോടെ മുന്നേറാൻ. അതിജീവനം ഒരു തിരഞ്ഞെടുപ്പാണ്, നിങ്ങളുടെ തിരഞ്ഞെടുപ്പ് ശരിയായിരിക്കട്ടെ."

















