ചിന്തകൾ ശരീരത്തോട് സംസാരിക്കുമ്പോൾ! നമ്മുടെ ചിന്തകൾക്ക് ശരീരത്തോട് സംസാരിക്കാൻ കഴിയുമോ? ഇല്ല എന്നാണോ നിങ്ങൾക്ക് കരുതുന്നത് എന്നാൽ ആധുനിക വൈദ്യശാസ്ത്രം വ്യക്തമാക്കുന്നത് മനസ്സും ശരീരവും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. സന്തോഷം വരുമ്പോൾ ശരീരം ഉന്മേഷഭരിതമാകുന്നതും, ഭയം തോന്നുമ്പോൾ ഹൃദയമിടിപ്പ് വർധിക്കുന്നതും, മാനസിക സമ്മർദം ഉണ്ടാകുമ്പോൾ തലവേദനയും ശരീരവേദനയും അനുഭവപ്പെടുന്നതുമെല്ലാം നാം പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള കാര്യങ്ങളാണ്. എന്നിട്ടും മനസ്സും ശരീരവും തമ്മിൽ ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ പലരും അതിനെ ഗൗരവമായി കാണാറില്ല. മനസ്സിൽ ഉണ്ടാകുന്ന ചിന്തകളും വികാരങ്ങളും ശരീരത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതുപോലെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ മാനസികാവസ്ഥയെയും സ്വാധീനിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ഒരു പ്രധാന പദമാണ് സൈക്കോസോമാറ്റിക് (Psychosomatic). 'സൈക്കോ' എന്നാൽ മനസ്സിനെയും മാനസിക പ്രവർത്തനങ്ങളെയും, 'സൊമാറ്റിക്' എന്നാൽ ശരീരത്തെയും ശാരീരിക പ്രവർത്തനങ്ങളെയും പ്രതിനിധീകരിക്കുന്നു.. അതായത് മാനസിക ഘടകങ്ങൾ ശരീരത്തിന്റ...