കാലം ഉണക്കാത്ത മുറിവുകളില്ല , കാലം തെളിയിക്കാത്ത തെറ്റുകളും ... അറിയാതെ പറഞ്ഞ് പോയ വാക്കുകൾ, കളിയാക്കലുകൾ, ശകാരങ്ങൾ, കേട്ട കുറ്റപ്പെടുത്തലുകൾ ഒക്കെയും പതിയെ മുറിവുകളായി നമ്മിൽ പരിണമിക്കാറുണ്ട് ....
എന്നാൽ എല്ലാം ഭംഗിയായി ഉള്ളിലൊതുക്കി എല്ലാവരും മുന്നോട്ട് ജീവിക്കുന്നു... ഓരോ മുറിവും മനുഷ്യനെ മാറ്റി കൊണ്ടിരിക്കും .. ചിലരെ നിശബ്ദരാക്കി എല്ലാം സഹിക്കാൻ പഠിപ്പിക്കുമ്പോൾ, ചിലർ ഒന്നിനും വയ്യാതെ എല്ലാറ്റിൽ നിന്നും ഒളിച്ചോടും. മറ്റ് ചിലർ ജീവിതത്തോട് തന്നെ നിരന്തരം വഴക്കടിച്ച് കൊണ്ടേയിരിക്കും. ...
കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലന്ന് സ്വയം നാം സമാധാനിക്കും...എന്നാൽ നാമറിയേണ്ടതുണ്ട് കാലത്തിന് ഒരിക്കലും ഒരു മുറിവും ഉണക്കാൻ സാധിക്കുകയില്ല മാത്രമല്ല അവയുണ്ടാക്കുന്ന നഷ്ടങ്ങളും വേദനകളും നികത്തുവാനുള്ള മായാജാലം അറിയില്ല ..
വേദനകൾ നൽകുന്ന നിസംഗതയിൽ സ്വയം അത്തരം മിഥ്യകളിൽ നമ്മൾ വിശ്വസിച്ച് പോകുന്നതാണ്... കാലം ചിലപ്പോഴെക്കെ പൂർണ്ണമായ മുറിവുകളെ മറവിയ്ക്ക് വിട്ടു കൊടുക്കുക മാത്രമാണ് ചെയ്യുന്നത്, അതിനും അപ്പുറത്തേയ്ക്ക് ഒന്നും തന്നെ സംഭവിക്കുകയും ഇല്ല ...
അല്ലാതെ കാലത്തിൽ പ്രതീക്ഷ അർപ്പിച്ച് നമ്മൾ കാത്തിരുന്നാൽ വെറുതെ ജീവിക്കാതൊരു ജീവിതം കടന്ന് പോകും അത്രമാത്രം .. കാലത്തിന്റെ കൈകളിൽ അല്ല, നമുക്ക് കിട്ടുന്ന മുറിവുകളിൽ തന്നെയാണ് അത് ഉണങ്ങുവാനുള്ള ഇന്ദ്രജാലവും ഉള്ളത്..മുറിവുകളിൽ കുടുങ്ങിക്കിടക്കുമ്പോൾ നമ്മൾ അത് അറിയാതെ പോകുന്നുവെന്ന് മാത്രം..
ഓരോ മുറിവുകളും അതിൽ നിന്ന് ലഭിക്കുന്ന അറിവുകളും മനുഷ്യനെ പൂർണ്ണതയിൽ എത്തിക്കുന്നു.. സ്വയം വളരാനുള്ള ഇന്ധനമായി മാറുകയും ചെയ്യും.
