'എന്റമ്മേ, എന്നെയൊന്ന് പിടിച്ചേ...' ഐടി ജീവനക്കാര്‍ പോലും ഞെട്ടി, ഡ്രൈ ക്ലീനിംഗ് ഷോപ്പ് നടത്തി മാസം 2 ലക്ഷം രൂപ വരുമാനം!
സാധാരണ ഒരു വൈറ്റ് കോളർ ജോലിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ വരുമാനം ഇന്ന് അല്ലാത്ത ജോലികളില്‍ നിന്നുമുണ്ടാക്കുന്ന അനേകങ്ങളുണ്ട്.
അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അനേകവർഷങ്ങളായി ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ശമ്പളത്തിന് തുല്യമായി സമ്പാദിക്കുന്ന ഒരു സാധാരണ ഡ്രൈ ക്ലീനിംഗ് ഷോപ്പുകാരന്റെ കഥയാണിത്. ഗുജറാത്തില്‍ നിന്നുള്ള നളിനി ഉനഗർ എന്ന യുവതിയാണ് എക്സിലൂടെ (ട്വിറ്റർ) അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
തന്റെ വീടിനടുത്തുള്ള ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് ഉടമയുമായി നടത്തിയ സംഭാഷണമാണ് നളിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഉടമയും ഭാര്യയും രണ്ട് സഹായികളും ചേർന്നാണ് ഈ സ്ഥാപനം നടത്തുന്നത്. നളിനി പങ്കുവെച്ച കണക്കുകള്‍ പ്രകാരം, ദിവസേനയുള്ള ഇസ്തിരിയിടലിലൂടെ ഒരു വസ്ത്രത്തിന് 10 രൂപ നിരക്കില്‍ ദിവസവും 3,500 രൂപയാണ് ഇവരുണ്ടാക്കുന്നത്. 350 വസ്ത്രങ്ങള്‍ എങ്കില്‍ ദിവസവും ഇസ്തിരിയിടുന്നുണ്ട്.
ഡ്രൈ ക്ലീനിംഗ് വഴി കിട്ടുന്നത് ദിവസം 7000 രൂപയാണ്. സാരികള്‍, സ്യൂട്ടുകള്‍ എന്നിവയടക്കം 20 പ്രീമിയം വസ്ത്രങ്ങള്‍ക്ക് 350 രൂപ വീതമാണ് കിട്ടുന്നത്. ആകെ വരുമാനം പ്രതിദിനം ശരാശരി 10,500 രൂപ. മാസത്തില്‍ 3 ദിവസം മാത്രം അവധി എടുത്താല്‍ ഏകദേശം 2,83,500 രൂപ പ്രതിമാസം വരുമാനമായി കിട്ടും.
ഇനി ചിലവൊക്കെ കഴിച്ച് ലാഭമെത്ര എന്നല്ലേ? കട സ്വന്തം കെട്ടിടത്തിലായതിനാല്‍ വാടക നല്‍കേണ്ടതില്ല. വൈദ്യുതി ബില്ലിന് ഏകദേശം 6,000 രൂപ വരും. രണ്ട് സഹായികള്‍ക്ക് ശമ്പളമായി 40,000 രൂപയും മാറ്റി വെച്ചാല്‍, എല്ലാ ചിലവുകളും കഴിഞ്ഞ് ഉടമയ്ക്ക് ലഭിക്കുന്നത് ഏകദേശം 2,37,500 രൂപയാണ്. കഴിഞ്ഞ മാസത്തെ മാത്രം കണക്കല്ല ഇതെന്നും, ശരാശരി 2 ലക്ഷത്തിന് മുകളില്‍ എല്ലാ മാസവും വരുമാനം ലഭിക്കാറുണ്ടെന്നും ഉടമ പറഞ്ഞതായി നളിനി തന്റെ പോസ്റ്റില്‍ വിശദീകരിക്കുന്നു.


