ഉംറ തീർഥാടകർക്കിടയിൽ അഭിപ്രായ സർവേ; ഉദ്യോഗസ്ഥരെ നിയമിച്ചു
മക്ക: ഉംറ തീർഥാടകർക്കിടയിൽ അഭിപ്രായ സർവേ നടത്തുന്നതിനായി മക്കയിലെ ഹറമിൽ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചു. തീർഥാടകർക്ക് നൽകി വരുന്ന സേവനങ്ങൾ കൂടൂതൽ മികവുറ്റതാക്കുന്നതിന്റെ ഭാഗമായാണ് സർവേ.മക്കയിലെ ഹറം പള്ളിയിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും നൽകി വരുന്ന സേവനങ്ങളുടെ ഗുണനിലവാരം മനസ്സിലാക്കുകയാണ് ഫീൽഡ് സർവേയുടെ ലക്ഷ്യം. ഇങ്ങിന ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭാവി പദ്ധതികൾ ആസുത്രണം ചെയ്യാനാണ് പദ്ധതി. ത്വവാഫി'നും 'സഅ്ഇ'നും എടുക്കുന്ന സമയം, ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാര്യക്ഷമത, നമസ്കാരത്തിനും മറ്റും തീർഥാടകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ, അവയുടെ കാരണങ്ങൾ തുടങ്ങി നിരവധി വിവരങ്ങൾ വിശ്വാസികളിൽ നിന്ന് ചോദിച്ചറിയും. ഉംറയുടെ കർമങ്ങൾ നിർവഹിക്കുന്ന സമയത്താണ് തീർഥാടകരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുക.
ഉംറ നിർവഹിക്കാനായി വിശ്വാസികളുടെ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന വിശുദ്ധ റമദാൻ മാസത്തിനുള്ള മുന്നോടിയായാണ് സർവ്വേ നടത്തുന്നത്
ഹറമിലെ ഫീൽഡ് പ്രവർത്തനങ്ങളും ഭരണനിർവഹണ സംവിധാനവും കുറ്റമറ്റതാക്കാനും വിപുലപ്പെടുത്താനും സർവേ വിവരങ്ങൾ ഉപകരിക്കുമെന്ന് സ്ഥിതിവിവര കണക്കെടുപ്പ് കേന്ദ്രം ഡയറക്ടർ മുഹമ്മദ് ബിൻ സാദ് അൽ സുവൈഹി പറഞ്ഞു. ഏറ്റവും മികച്ച സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ കേന്ദ്രം ശ്രദ്ധചെലുത്തുന്നുണ്ടെന്നും സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഈ അഭിപ്രായ സർവേകൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉംറ നിർവഹിക്കാൻ രാജ്യത്ത് വരാൻ ആഗ്രഹിക്കുന്നവർക്കായി സൗദി അറേബ്യ കഴിഞ്ഞ മാസങ്ങളിൽ നിരവധി സൗകര്യങ്ങൾ അവതരിപ്പിട്ടുണ്ട്.
പേഴ്സണൽ, വിസിറ്റ്, ടൂറിസം വിസകൾ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള എൻട്രി വിസകൾ കൈവശമുള്ളവർക്ക് ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും അവസരം ഒരുക്കിയിരുന്നു.
സൗദി അധികൃതർ ഉംറ വിസയുടെ കാലാവധി 30 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുകയും കര, വ്യോമ, കടൽ വഴികളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുകയും ചെയ്തു.
മറ്റൊരു സുഗമമായ നടപടിയായി, സൗദി അറേബ്യ തങ്ങളുടെ പൗരന്മാർക്ക് വിദേശത്തുള്ള സുഹൃത്തുക്കളെ രാജ്യം സന്ദർശിക്കാനും ഉംറ നിർവഹിക്കാനും ക്ഷണിച്ചുകൊണ്ട് വിസയ്ക്ക് അപേക്ഷിക്കാമെന്ന് അറിയിച്ചിരുന്നു.