ഉപഭോക്താക്കളുടെ സൗകര്യാർത്ഥം പുതിയ ഫീച്ചറുകൾ തുടർച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സാപ്പ്. ഇത്തരത്തിൽ ഏറ്റവുമൊടുവിലായി കൊണ്ടുവന്ന പുതിയ ഫീച്ചറാണ് വോയ്‌സ് സ്റ്റാറ്റസ്. ഇതുവരെയും വാട്‌സാപ്പിൽ ഫോട്ടോകളും വീഡിയോകളും മാത്രമാണ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നത്. എന്നാൽ പുതിയ ഫീച്ചർ വന്നതോടെ ശബ്ദസന്ദേശങ്ങളും ഇനി സ്റ്റാറ്റസാക്കാം.
നേരത്തെ ചാറ്റുകളിൽ മാത്രമാണ് വോയ്‌സ് മെസേജുകൾ ഇടാൻ സാധിക്കുമായിരുന്നുള്ളൂ. അടുത്തിടെയാണ് വോയ്‌സ് മെസേജ് സ്റ്റാറ്റസ് ആക്കാനും കഴിയുന്ന ഫീച്ചർ അവതരിപ്പിച്ചത്. 30 സെക്കൻഡ് വരെയുള്ള ശബ്ദം സ്റ്റാറ്റസ് ആക്കി ഇടാൻ കഴിയുന്നതാണ് ഫീച്ചർ. ഇത് ഉപയോഗിക്കുന്നവിധം ചുവടെ:
വാട്‌സ്ആപ്പിൽ ഇടതുവശത്തേയ്ക്ക് സ്ലൈഡ് ചെയ്ത് സ്റ്റാറ്റസ് മെനു എടുക്കുക
സ്‌ക്രീനിന്റെ താഴെ പേനയുടെ ആകൃതിയിലുള്ള ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക
മൈക്രോഫോൺ ഐക്കൺ ടാപ്പ് ചെയ്ത് ഹോൾഡ് ചെയ്ത് പിടിച്ച് വോയ്‌സ് റെക്കോർഡ് ചെയ്യുക
റെക്കോർഡിങ് കഴിഞ്ഞശേഷം പ്രിവ്യൂ നോക്കുക
സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ വോയ്‌സ് സ്റ്റാറ്റസ് റെഡിയാകും.
നേരത്തെ വാട്‌സാപ്പിൽ വന്ന ഫീച്ചറായ ഇമോജി റിയാക്ഷന് വലിയ പ്രചാരമായിരുന്നു ലഭിച്ചത്. ഓരോ മെസേജിനും റിയാക്ഷൻ ഇടാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ ഫീച്ചർ ആദ്യം ഫേസ്ബുക്ക് പോസ്റ്റുകളിലായിരുന്നു ആരംഭിച്ചത്. ഇതിന് തൊട്ടുപിന്നാലെ മെസ്സഞ്ചറുകളിലൂടെ വരുന്ന സന്ദേശങ്ങൾക്കും ഇത്തരത്തിൽ റിയാക്ഷൻ ഇടാമെന്നായി. അതിന് ശേഷമാണ് വാട്‌സാപ്പിലും ഇമോജി റിയാക്ഷൻ വന്നത്. ഏറ്റവുമൊടുവിലായി വോയ്‌സ് മെസേജ് സ്റ്റാറ്റസാക്കുന്ന ഫീച്ചറും ഇതോടെ എത്തിയിരിക്കുകയാണ്.