ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മലയാളി ഉപേക്ഷിച്ച സോമാലിയന്‍ സ്വദേശിനിയെയും 7 മക്കളെയും സംരക്ഷിക്കാന്‍ ജിദ്ദയില്‍ മലയാളികള്‍ ഒത്തുചേര്‍ന്നു


മലയാളി ഉപേക്ഷിച്ച സോമാലിയന്‍ സ്വദേശിനിയെയും 7 മക്കളെയും സംരക്ഷിക്കാന്‍ ജിദ്ദയില്‍ മലയാളികള്‍ ഒത്തുചേര്‍ന്നു

ജിദ്ദ: സൗദിയില്‍ മലയാളി ഉപേക്ഷിച്ച്‌ പോയ സോമാലിയന്‍ സ്വദേശിനിയെയും ഏഴ് മക്കളെയും സംരക്ഷിക്കുന്നതിനായി ജിദ്ദയില്‍ മലയാളികള്‍ ഒത്തു ചേര്‍ന്നു.സാന്ത്വന സ്പര്‍ശം എന്ന കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു. പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ മജീദ് തിരിഞ്ഞ് നോക്കാതായതോടെ താമസരേഖയില്ലാത്തതിനാലും വര്‍ധിച്ച വാടകയും മൂലം പുതിയ താമസ സ്ഥലം കണ്ടെത്താനും ഈ കുടുംബം പ്രയാസപ്പെടുകയാണ്.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് സോമാലിയന്‍ സ്വദേശിയായ ഭാര്യ മുഅ്മിനയേയും ആറ് മക്കളേയും ഉപേക്ഷിച്ച്‌ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ മജീദ് ജിദ്ദയില്‍ നിന്നും നാട്ടിലേക്ക് പോയത്. ഈ സമയത്ത് ഏഴാമത്തെ കുട്ടിയായ ഹാജറ മുഅ്മിനയുടെ ഉദരത്തില്‍ വളരുന്നുണ്ടായിരുന്നു. ഇയാള്‍ നാട്ടിലെത്തിയ ശേഷമാണ് മുഅ്മിനയും മക്കളും വിവരമറിയുന്നത്. അതിന് ശേഷം ഇദ്ദേഹം തിരിച്ച്‌ വന്നിട്ടില്ല. ആദ്യ കാലത്തൊക്കെ ഇവരുടെ ദൈനംദിന ചെലവുകളിലേക്കായി അയാള്‍ സഹായം എത്തിക്കാറുണ്ടായിരുന്നു. പിന്നീട് അതെല്ലാം കൂടെ കൂടെ നിലച്ചു. അന്ന് മുതല്‍ ഇത് വരെ ഇവരുടെ ജീവിത ചെലവുകള്‍ വഹിക്കുന്നത് ജീവകാരുണ്യ പ്രവര്‍ത്തകനായ അച്ചനമ്ബലം സ്വദേശി അബ്ദുല്‍ സലാമും മുജീബ് കുണ്ടൂരും നേതൃത്വം നല്‍കുന്ന പത്ത് മലയാളി പ്രവാസികളുടെ കൂട്ടായ്മയായ സാന്ത്വന സ്പര്‍ശമാണ്.

പലരും പല തവണ നാട്ടില്‍ നിന്നും അബ്ദുല്‍ മജീദുമായി സംസാരിച്ചുവെങ്കിലും അനുകൂല പ്രതികരണങ്ങളൊന്നും ഉണ്ടായില്ലെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. നാല് പെണ്‍മക്കളും മൂന്ന് ആണ് മക്കളുമാണ് ഇവര്‍ക്കുള്ളത്. ഒരു ജനന സര്‍ട്ടിഫിക്കറ്റ് പോലും അബ്ദുല്‍ മജീദ് ഈ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയിട്ടില്ല. അതിനാല്‍ തന്നെ താമസ രേഖകളൊന്നും ഇല്ലാതെ അനധികൃതമായാണ് ഇവര്‍ സൗദിയില്‍ കഴിയുന്നത്. ഏത് സമയത്തും പൊലീസ് പിടിയിലാകുമെന്ന ഭയത്തോടെയാണ് ഇവരുടെ ജീവിതം. ഇതിനിടെ രണ്ട് ആണ് മക്കളെ പൊലീസ് പിടികൂടി നാട് കടത്തി.

നഗര വികസനത്തിന്റെ ഭാഗമായി ജിദ്ദയിലെ പല ഭാഗങ്ങളിലും കെട്ടിടങ്ങള്‍ പൊളിച്ച്‌ തുടങ്ങിയതോടെ ഇവരും പെരുവഴിയിലായി. താമസ രേഖയില്ലാത്തതിനാലും വര്‍ധിച്ച വാടകയും മൂലം പുതിയ താമസ സ്ഥലം കണ്ടെത്താനും ഇവര്‍ പ്രയാസപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യവും ദൈനംദിന ചെലവുകള്‍ക്കുമുള്ള ധനസമാഹരണത്തിനായി മലയാളികള്‍ ഒത്തു ചേര്‍ന്നത്. ഏത് വിധേനയും ഇവര്‍ക്ക് താമസ രേഖ ഉണ്ടാക്കാനാകുമോ എന്നും ഇവര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ശ്രമിക്കുന്നുണ്ട്.

പിതാവ് ജീവിച്ചിരിക്കെ അനാഥകളായി കഴിയേണ്ടി വരുന്ന ഈ കുടുംബത്തിന് വേണ്ടിയുള്ള ധനസമാഹരണത്തില്‍ ജിദ്ദയിലെ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകരും പങ്കാളികളായി. ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ഉള്‍പ്പെടെ വിവിധ കൂട്ടായ്മകളും വ്യക്തികളും പരിപാടിയില്‍ സാമ്ബത്തിക സഹായം കൈമാറി. ജിദ്ദയിലെ വിവിധ ഗായകര്‍ അണിനിരത്തി ഗാനസന്ധ്യയൊരുക്കിയാണ് ധനസമാഹരണത്തിനുള്ള വേദിയൊരുക്കിയത്.