കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മൂന്ന് പേരിൽ നിന്നായി എഴുപത് ലക്ഷത്തിൻറെ സ്വർണം പിടികൂടി. പേനയുടെ റീഫില്ലിനുള്ളിലും ശരീരത്തിനുള്ളിലുമായി കടത്താൻ ശ്രമിച്ച 1.3 കിലോ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസാണ് പിടിച്ചെടുത്തത്.
സ്വർണം മലപ്പുറം കെ.പുരം വെള്ളാടത്ത് ഷിഹാബ് (31) കൊണ്ടുവന്ന ബാഗേജിലുണ്ടായിരുന്ന നാല് പേനകൾ വിശദമായി പരിശോധിച്ചപ്പോഴാണ് റീഫില്ലിനുള്ളിൽ സ്വർണറോഡുകൾ അതിവിദഗ്ധമായി ഒളിപ്പിച്ചത് കണ്ടെത്തിയത്. രണ്ട് ലക്ഷം രൂപയുടെ 42 ഗ്രാമുള്ള നാല് സ്വർണറോഡുകളാണ് കണ്ടെത്തിയത്.
അതേസമയം കാഞ്ഞങ്ങാട് ബേലികോത്ത് ഷാനവാസിൽനിന്ന് (26) 1116 ഗ്രാം സ്വർണമിശ്രിതവും പിടിച്ചു. ഇയാൾ ധരിച്ചിരുന്ന പാന്റ്സിനും അടിവസ്ത്രത്തിനും കൂടുതൽ ഭാരം തോന്നിയപ്പോൾ നടത്തിയ പരിശോധനയിലാണ് ഇവ രണ്ടും സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചവയാണെന്ന് വ്യക്തമായത്. ഇരുവരും ദുബൈയിൽനിന്നാണ് കരിപ്പൂരിലെത്തിയത്. ജിദ്ദയിൽനിന്നെത്തിയ കോഴിക്കോട് ശിവപുരം പറയരുകുന്നുമ്മേൽ അൻസിലിൽനിന്ന് (32) ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 795 ഗ്രാം സ്വർണമിശ്രിതം പിടികൂടി.