കോഴിക്കോട് മെഡിക്കല്‍ കോളജ് പീഡനം : അതിജീവിതയെ അനുകൂലിച്ച നഴ്‌സിങ് ഓഫീസര്‍ക്കു ഭീഷണി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പീഡനത്തിന് ഇരയായ അതിജീവിതയ്‌ക്കൊപ്പം നിന്ന നഴ്‌സിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയതായി പരാതി.
വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ നഴ്‌സിങ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഒരു പ്രമുഖ സംഘടനാ നേതാവ് ഭീഷണിപ്പെടുത്തുകയായിരുന്നു. മെഡിക്കല്‍ കോളജിലെ ജീവനക്കാരനാണ് ഇദ്ദേഹം. നഴ്‌സിങ് ഓഫീസര്‍ ആശുപത്രി സൂപ്രണ്ടിനു പരാതി നല്‍കി. സാമൂഹിക മാധ്യമങ്ങളിലും തന്നെ അവഹേളിക്കാന്‍ ശ്രമം നടക്കുന്നതായി പരാതിയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്. ലൈംഗികാതിക്രമം നടത്തിയ അറ്റന്‍ഡര്‍ക്കെതിരേ നഴ്‌സിങ് ഓഫീസര്‍ മൊഴിനല്‍കിയിരുന്നു.
അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നിരപരാധികളായ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തിരിക്കുകയാണെന്നും ഇവരെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ജീവനക്കാരുടെ കൂട്ടായ്‌മയെന്ന പേരില്‍ പോസ്‌റ്റര്‍ പുറത്തിറക്കിയിരുന്നു. വാര്‍ഡിന്റെ ചുമതലയുള്ള ഹെഡ്‌നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ഇവരാണ് കുറ്റക്കാരിയെന്നും ഇതില്‍ ആരോപിക്കുന്നുണ്ട്.
അതിജീവിതയ്‌ക്കു നീതി ലഭിക്കാന്‍ നിലകൊണ്ട സീനിയര്‍ നഴ്‌സിങ് അസിസ്‌റ്റന്‍ഡിനെതിരായ ഭീഷണിയില്‍ പ്രതിഷേധിക്കണമെന്ന് കേരള ഗവ. നഴ്‌സസ് യൂണിയന്‍ ആവശ്യപ്പെട്ടു. അതേസമയം, അതിജീവിതയെ ഭീഷണിപ്പെടുത്തിയതിനു സസ്‌പെന്‍ഷനിലായ പ്രതികള്‍ ഒളിവിലാണെന്നു പോലീസ് പറഞ്ഞു. ഇവരില്‍ ആരെയും പിടികൂടാനായിട്ടില്ല.
ഐ.സി.യുവില്‍ യുവതി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തില്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെ ഗ്രേഡ് 1 അറ്റന്‍ഡറെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. അറ്റന്‍ഡര്‍ റിമാന്‍ഡിലാണ്. ഈ സംഭവത്തില്‍ കേസില്‍നിന്ന് അയാളെ രക്ഷപ്പെടുത്തുന്നതിന് ആശുപത്രി ജീവനക്കാരായ ആറു പേര്‍ ചേര്‍ന്നുശ്രമംനടത്തിയെന്നും പീഡനത്തിനു വിധേയയായ സ്‌ത്രീയെ ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയില്‍ ആറു ജീവനക്കാര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിച്ചു.
ഇതില്‍ അഞ്ചു പേരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ഒരു താത്‌കാലിക ജീവനക്കാരിയെ പിരിച്ചുവിടുകയുമായിരുന്നു.
അതിനിടെ, ലൈംഗികാതിക്രമത്തിനു വിധേയയായ യുവതി ഇന്നലെ ആശുപത്രി വിട്ടു.