സ്വർണം വീട്ടിൽ സൂക്ഷിക്കും, പവന് പലിശ ആയിരം രൂപ.! ആഭരണങ്ങൾ തട്ടിയെടുക്കാൻ ഹൈറുന്നീസയുടെ വെറൈറ്റി തട്ടിപ്പ്
സ്വർണം വീട്ടിൽ സൂക്ഷിക്കും, പവന് പലിശ ആയിരം രൂപ.! ആഭരണങ്ങൾ തട്ടിയെടുക്കാൻ ഹൈറുന്നീസയുടെ വെറൈറ്റി തട്ടിപ്പ്; ഒടുവിൽ കണ്ണൂരിൽ വീട്ടമ്മ കുടുങ്ങിയത് ഇങ്ങനെ..
കണ്ണൂർ : സ്വർണം വീട്ടിൽ സൂക്ഷിച്ച് വാഗ്ദാനം നൽകി ആഭരണങ്ങൾ തട്ടിയെടുത്ത വീട്ടമ്മ പിടിയിൽ. എം.കെ ഹൈറുന്നീസ(41) ആണ് പിടിയിലായത്. വീട്ടിൽ സൂക്ഷിക്കുന്ന സ്വർണത്തിൽ ഒരു പവന് മാസം 1000 രൂപ വച്ച് തരാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
കണ്ണൂർ മുണ്ടേരിയിലെ വീട്ടമ്മയായ റഹീമ(34)യുടെ 34 പവന്റെ ആഭരണങ്ങൾ തട്ടിയെടുത്ത ശേഷം വഞ്ചിച്ച കേസിലാണ് യുവതിയെ പോലൂസ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷം മുമ്പാണ് റഹീമയുടെ 34 പവൻ സ്വർണം വാങ്ങി മാസം പവന് ആയിരം രൂപ പലിശ നൽകാമെന്ന് വാഗ്ദാനം നൽകി ആഭരണങ്ങൾ തട്ടിയെടുത്തത്. തുടക്കത്തിൽ പണം നൽകിയെങ്കിലും പിന്നീട് ഇവർ വിളിച്ചാൽ ഫോൺ പോലും എടുക്കാതായി. നിരന്തരം ബന്ധപ്പെട്ടപ്പോൾ പണം എത്തിക്കാമെന്ന് പറയുമെങ്കിലും പിന്നെയും മുങ്ങി നടക്കുകയായിരുന്നു. തുടർന്നാണ് പോലിസിൽ പരാതി നൽകിയത്.
അന്വേഷണത്തിൽ ആഭരണങ്ങൾ കണ്ണൂർ ടൗണിലെ ജ്വല്ലറികളിൽ വിൽപന നടത്തിയതായി കണ്ടെത്തി. ഇത്തരത്തിൽ നിരവധി പേരിൽ നിന്നും ആഭരണങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്നും മൂന്നു പരാതികൾ കൂടി സ്റ്റേഷൻ പരിധിയിൽ നിന്നും എത്തിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. വീട്ടമ്മമാരോട് പലിശ വാഗ്ദാനം നൽകി വാങ്ങിയ ആഭരണങ്ങൾ കണ്ണൂർ ടൗണിലെ വിവിധ ജ്വല്ലറികൾക്ക് പ്രതി കൈമാറിയതായും ആഭരണങ്ങൾ ജ്വല്ലറിക്കാർ വിറ്റ് പണം കൈപറ്റിയതായും പോലിസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.