നാം ഒന്ന് അകത്തേക്ക് നോക്കണം. നമ്മുടെ മൂല്യം നാം മനസ്സിലാക്കണം.
നമ്മുടെ തന്നെ അകത്തേക്കൊന്നു സൂക്ഷിച്ചു നോക്കാനും സ്വന്തത്തെ വീണ്ടെടുക്കാനുമുള്ള ശ്രമങ്ങളാണ് നമുക്ക് വേണ്ടത്.
ഒരു ആലയിൽ ഇരിക്കുന്ന ഇരുമ്പിന്റെ മൂല്യം എന്ന് പറയുന്നത് അത് പിന്നീട് ആയിത്തീരുന്ന രൂപ വ്യതിയാനങ്ങളെ ആശ്രയിച്ചാണ് നിശ്ചയിക്കാൻ സാധിക്കൂ. ആ ഇരുമ്പ് ഒരു ആണിയാകുമ്പോൾ ഉണ്ടാകുന്ന മൂല്യം ആവില്ല അത് ഒരു യന്ത്ര ഭാഗം ആവുമ്പോൾ ഉണ്ടാവുന്നത്. എല്ലാം ഇരുമ്പ് തന്നെ ആണെങ്കിലും അതിന്റെ വില നിശ്ചയിക്കുന്നത് അത് ഏത് രൂപത്തിൽ ആണെന്നതാണ്. അത് പോലെ തന്നെയാണ്,മനുഷ്യനും . നാം എന്തായി തീരുന്നുവോ അതിനനുസരിച്ചായിരിക്കും നമ്മുടെ മൂല്യം. നാം തന്നെ ആണ് നമ്മുടെ മൂല്യം നിശ്ചയിക്കേണ്ടത്.
പഴയൊരു വാച്ചിന്റെ കഥയുണ്ട്. തലമുറകളായി കാത്തുവെച്ചത്. എത്ര പഴക്കമുണ്ടെന്ന് ഒരു നിശ്ചയവുമില്ല. അച്ഛൻ പറഞ്ഞു കൊടുത്തു:‘മോനേ ഇത് നീ പൊന്നുപോലെ സൂക്ഷിക്കണം. നിന്റെ മകനോടും പറയണം.നമ്മുടെ ഏതോ മുത്തശ്ശന് കിട്ടിയ സമ്മാനമാണ്’
എറ്റുവാങ്ങി, തിരിച്ചും മറിച്ചും നോക്കിയിട്ടും മകന് ഒരു പുതുമയും തോന്നിയില്ല. പണ്ടെന്നോ നിലച്ചു പോയ ഒരു പൊട്ടവാച്ച്!
അവന്റെ പരിഹാസച്ചിരി അച്ഛന് പിടുത്തംകിട്ടി. ‘നിനക്ക് വേണ്ടേ? എന്നാൽ നമുക്കിത് വിൽക്കാം.’
രണ്ടാളും അങ്ങാടിയിൽപ്പോയി. വാച്ച് നന്നാക്കുന്ന കടയിൽക്കാണിച്ചു. കയ്യിലെടുത്തു നോക്കീട്ട് അയാൾ പറഞ്ഞു: ‘ഇതൊന്നിനും പറ്റില്ല. വാച്ച് സമയമറിയാനല്ലേ. നന്നാക്കിയെടുക്കാൻ പൊലും പറ്റാത്തത്രയും പുരാതനം. എനിക്കു വേണ്ട’ . മകൻ അച്ഛനെ നോക്കി ചിരിച്ചു.
അച്ഛൻ പറഞ്ഞു, എന്നാൽ പണയം വെക്കുന്നിടത്തു ചോദിക്കാം. പക്ഷേ, അവിടുന്നും നിരാശപ്പെടുത്തുന്ന മറുപടി: ‘ഇതോ! എനിക്കുവേണ്ട.പത്തുരൂപയുടെ മൂല്യം പോലും കാണാനില്ല.’
അച്ഛനു നിരാശയായി. ഇനി ഒരേയൊരു വഴിയേ ഉള്ളു; വല്ല മ്യൂസിയത്തിലും കൊണ്ടുപോയി നമുക്കിത് കൊടുക്കാം. നഗരത്തിൽ ഒരു മ്യൂസിയമൂണ്ട്.അവർ അങ്ങോട്ടുവിട്ടു.അവിടെയായിരുന്നു അത്ഭുതം; ‘ഇതെവിടുന്നു കിട്ടി! അമൂല്യമാണ് ഇത്. ഇങ്ങനൊന്ന് ലോകത്തു വേറെയില്ല. എത്ര പണം വേണം, എത്ര വേണേലും തരും. പ്ലീസ്, ഞങ്ങൾക്കിതു തന്നൂടേ..’ മ്യൂസിയം മാനേജർ പറഞ്ഞു.
ഇല്ല. കൊടുത്തില്ല. അതു വിൽക്കാനുള്ളതല്ല.
തിരികെപ്പോരുമ്പോൾ അച്ഛൻ പറഞ്ഞു കൊടുത്തു: ‘എടാ, വാച്ച് നന്നാക്കുന്നയാൾ അതിന്റെ പാർട്ട്സ് മാത്രേ നോക്കിയുള്ളൂ. നന്നാക്കാൻ പറ്റില്ലാന്ന് മനസ്സിലായപ്പോൾ അയാൾക്കിതു വേണ്ട. പണയമെടുക്കുന്ന ഇപ്പോൾ ഇപ്പോൾ മൂല്യമുള്ള വസ്തുക്കൾ മാത്രം. അയാൾക്കൊന്നും ഇതിന്റെ വില മനസ്സിലാവൂല്ല. കാരണം ഈ വാച്ചിന്റെ ശരിക്കുള്ള ഇരിപ്പിടം മ്യൂസിയത്തിലാണ്. അവർക്കേ ഇതിന്റെ മൂല്യം മാനസ്സിലാവൂ.
എനിക്കു വയസ്സായി. ഇനിയെത്രകാലം ഉണ്ടാകുമെന്ന് അറിയില്ല.ഈ വാച്ചിന്റെ മൂല്യം നീ അറിഞ്ഞാലും ഇല്ലെങ്കിലും നിന്റെ മൂല്യം നീ അറിയാതെ പോകരുത്. നിനക്കു വിലയില്ലാത്ത ഇടങ്ങൾ നിന്റേതല്ലാത്ത ഇടങ്ങളാണ്. ധീരമായി ഇറങ്ങിപ്പോരണം. അന്തസ്സായി ജീവിക്കണം. സ്വന്തത്തെ വീണ്ടെടുക്കലാണ് ഏറ്റവും വലിയ വിപ്ലവപ്രവർത്തനം!'
ഇനി പറയുന്നത് ഒരു കഥയല്ല, ഒരിക്കൽ റഷ്യൻ പ്രധാനമന്ത്രിയായിരുന്ന ഒരാൾ പാരീസ് സന്ദർശിക്കുന്ന സമയം. പ്രസിദ്ധമായ ആർട്ട് ഗാലറിയിൽ ചിത്രങ്ങൾ കാണാൻ കേറി. ഒരു ചിത്രത്തിലേക്കു ചൂണ്ടിയിട്ട് ചോദിച്ചു:ഇതെന്താ സംഭവം? എനിക്കൊന്നും മനസിലാവുന്നില്ല. വിരൂപമായി തോന്നുന്നു’
‘അയ്യോ! ഇത് മഹത്തായ ചിത്രമാണ്. ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കലാകാരൻ വരച്ചതാണ്. കേട്ടിട്ടില്ലേ, പിക്കാസോ എന്നാണു പേര്.’
മുന്നോട്ടു നീങ്ങുമ്പോൾ അടുത്ത ചിത്രത്തെ നോക്കി അദ്ദേഹം വീണ്ടും ചോദിച്ചു.: ‘ഇതും മൂപ്പർ വരച്ചതാണോ?’
‘അയ്യോ അല്ല! ഇത് അങ്ങയുടെ മുഖമല്ലേ. ഇതൊരു കണ്ണാടിയാണ് സാർ!'
നാം ഒന്ന് അകത്തേക്ക് നോക്കണം. നമ്മുടെ മൂല്യം നാം മനസ്സിലാക്കണം.
നമ്മുടെ തന്നെ അകത്തേക്കൊന്നു സൂക്ഷിച്ചു നോക്കാനും സ്വന്തത്തെ വീണ്ടെടുക്കാനുമുള്ള ശ്രമങ്ങളാണ് നമുക്ക് വേണ്ടത്.