കാറിന് നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്പൻ; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വഴിക്കടവ്: യാത്രകാർക്കു നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്പന്‍. മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തിൽ ആണ് സംഭവം. റോഡിൽ ആന നിൽക്കുന്നത് കണ്ട കുടുംബം കാർ റോഡിനോട് ചേർന്ന് ഒതുക്കി നിർത്തുകയായിരുന്നു. എന്നാല്‍ കാറിന്റെ ചക്രങ്ങൾ മണ്ണിൽ ആഴ്ന്ന് പോവുകയായിരുന്നു. ഇതോടെ വാഹനം പിന്നോട്ട് എടുക്കാന്‍ പോലുമാവാത്ത കുടുങ്ങിയ നിലയിലായി.
കാട്ടാന പാഞ്ഞ് അടുക്കുക കൂടി ചെയ്തതോടെ കാറിലെ യാത്രക്കാർ ഇറങ്ങി ഓടി മറ്റ് വാഹനങ്ങളുടെ മറവിൽ നില്‍ക്കുകയായിരുന്നു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാര്‍ യാത്രക്കാരിലെ സ്ത്രീകളിലൊരാള്‍ റോഡില്‍ വീണിരുന്നു. യാത്രക്കാര്‍ പിന്നോട്ട് പോയതിനേ തുടര്‍ന്ന് വൻ ദുരന്തമാണ് ഒഴിവായത്. യാത്രക്കാര്‍ക്ക് ആര്‍ക്കും ഗുരുതര പരിക്കേറ്റിട്ടില്ല.