മകന്‍ മരിച്ചതറിയാതെ അമ്മ മൃതദേഹത്തിന് കാവലിരുന്നു
മകൻ മരിച്ചതറിയാതെ മൃതദേഹത്തിന് കാവല്‍ നിന്ന അമ്മ കോഴിക്കോട് വളയം നിവാസികളുടെ നൊമ്ബരമായി. വളയത്തെ മൂന്നാം കുനി രമേശനാണ് മരിച്ചത്, അമ്മയുടെ വാര്‍ധക്യ കാല പെൻഷൻ എത്തിക്കാനെത്തിയ ആളാണ് സംഭവം ആദ്യം അറിഞ്ഞത്.
വളയം കല്ലുനിരയില്‍ മൂനാം കുനി രമേശൻ (45) എന്നയാളാണ് വീട്ടിനകത്ത് കട്ടിലില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയാണ് മൃതദേഹം കണ്ടത്. അമ്മ മന്ദിക്ക് പെൻഷൻ നല്‍കാൻ രാവിലെ സ്ഥലത്തെത്തിയ ജീവനക്കാരനാണ് വീട്ടിനകത്ത് കട്ടിലില്‍ മരിച്ച് കിടക്കുന്ന മകനെയും ഒപ്പമിരിക്കുന്ന അമ്മയെയും കണ്ടത്. അമ്മ കട്ടിലിന് സമീപമിരുന്ന് മൃതദേഹത്തിലുണ്ടായ ഈച്ചയെ മാറ്റുകയായിരുന്നു.
വിവരമറിയിച്ചതോടെ വളയം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. അമ്മയും മകനും മാത്രമേ ഈ വീട്ടില്‍ താമസക്കാരായി ഉണ്ടായിരുന്നുള്ളൂവെന്ന് അയല്‍വാസികള്‍ പറഞ്ഞു. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിവരം.