ഉണ്ണുക,ഉറങ്ങുക എന്നിവയിൽ മാത്രം ശ്രദ്ധയുള്ള ജീവികൾക്ക് അവസാനമില്ല.
എന്നാൽ, അവയിൽ വെച്ച് മനുഷ്യൻ വിശേഷബുദ്ധിയുള്ളവനത്രെ. മനുഷ്യ ജന്മം കിട്ടുന്നത് നന്നെ പ്രയാസമുള്ള കാര്യമാണ്. ഇത്തരം ജന്മം കിട്ടിയിട്ടും, മനുഷ്യൻ അവനവന് താൻ തന്നെ ശത്രുവായും വരാം, മിത്രമായും വരാം. ദൈവത്തിൽ മനസ്സുറപ്പിച്ച്, തന്റെ മുക്തിമാർഗത്തെ തേടുന്ന മനസ് തനിക്ക് മിത്രവും, അല്ലാത്തത് ശത്രുവുമാണത്രെ.
ആധുനിക മനശ്ശാസ്ത്രത്തോട് കിട പിടിക്കുന്ന ഈ ചിന്ത തീർത്തും യുക്തിസഹമാണ്. സത്യത്തിൽ നമുക്ക് ശത്രുക്കളില്ല. തനിക്ക് താൻ തന്നെയാണ് ശത്രു. ശത്രുതാ ഭാവം നമ്മുടെ മനസിൽ നിന്ന് പോകുമ്പോൾ ശത്രുവും നശിക്കുന്നു, ശത്രു മിത്രമായിത്തീരുന്നു.
ഒരു പക്ഷെ മറ്റൊരാളുടെ ശത്രുതാ ഭാവത്തെ നീക്കാനെളുപ്പമായിരിക്കാംനമ്മുടെ മനസിന്റെ ശത്രുതാ ഭാവത്തെ മാറ്റാൻ തന്നെയാണ് കഷ്ടപ്പാട്.ഈ ചീത്ത ഭാവം നീക്കിയാൽ കാണാം ഈശ്വരൻ അവിടെ വിളങ്ങുന്നത്.പിന്നെ ഈ ചൈതന്യം മതി ഏത് പ്രതിസന്ധിയിലും നമ്മെ കൈപിടിച്ച് നടത്താൻ ! ആ കൈത്താങ്ങ് ഒന്നനുഭവിച്ചറിയേണ്ടതു തന്നെയാണ്, സംശയമില്ല.
നല്ല പെരുമാറ്റം സൽസ്വഭാവത്തിന്റെ ലക്ഷണമാണ്, പരസ്പരം ഏറ്റവും ഹൃദ്യമായി പെരുമാറുന്ന തന്റെ അടിമകൾക്ക് ദൈവം പ്രത്യേക പദവികൾ തന്നെ വാഗ്ദാനം ചെയ്യുന്നു.
തനിക്ക് വേദനിച്ചാലും ശരി, മറ്റാരെങ്കിലും ആ വേദനയിൽ നിന്ന് മുക്തരാവണം എന്ന് ആഗ്രഹിക്കുന്നവർ ലോകത്തിന്റെ നിലനിൽപ്പിന്ന് അവരറിയാതെ കാരണമാകുന്നുണ്ട്.
ഓരോരുത്തരുടേയും ഹൃദയത്തിലുള്ള വിശ്വാസത്തിലേക്കാണ് ദൈവത്തിന്റെ നോട്ടം, അവന്റെ പ്രവർത്തികൾ അവന് എത്ര പ്രശസ്തി നൽകിയാലും ശരി.
പ്രസന്നത വ്യക്തിത്വത്തിന്റെ സൗന്ദര്യമാണ്.., നന്മ നിറഞ്ഞ മനസ്സുള്ളവര്‍ക്കേ പുഞ്ചിരിതൂകുന്ന മുഖം സാധ്യമാകൂ... പുഞ്ചിരി തൂകുന്ന അധരങ്ങള്‍ ആരിലും ആകര്‍ഷണവും സൗന്ദര്യവും വര്‍ധിപ്പിക്കും.
ഉള്ളിലെ കളകള്‍ പറിച്ചുകളഞ്ഞ് മനുഷ്യസ്‌നേഹത്തിന്റെ വിളകള്‍ അവിടെ നട്ടവര്‍ക്കേ ഒട്ടും കളങ്കമില്ലാതെ അന്യനെ സമീപിക്കാനാകൂ.., അങ്ങനെയുള്ളവര്‍ക്കേ ജീവിതം നിറയെ പ്രസന്നമായ വ്യക്തിത്വം നിലനിര്‍ത്താനാകൂ...




