മലപ്പുറം ജില്ലയില്‍ ഒരു വര്‍ഷത്തിനിടെ കാണാതായവര്‍ 540; സംസ്ഥാനത്ത് 5878; ഒരു വിവരവുമില്ലാത്ത കേസുകളും നിരവധി..
മലപ്പുറം ജില്ലയില്‍ ഒരു വര്‍ഷത്തിനിടെ കാണാതായവര്‍ 540; സംസ്ഥാനത്ത് 5878; ഒരു വിവരവുമില്ലാത്ത കേസുകളും നിരവധി..
2021 ആഗസ്റ്റ് 14നാണ് അരീക്കോട് വെറ്റിലപ്പാറ സ്വദേശിയായ 15കാരനെ കാണാതാവുന്നത്. വീട്ടില്‍നിന്ന് അപ്രതീക്ഷിതമായി കാണാതായ ഭിന്നശേഷിക്കാരനായ കുട്ടിക്കായി ഒരു നാടു മുഴുവൻ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ട് വര്‍ഷമായിട്ട് പൊലീസിന് കേസില്‍ ഒരു തുമ്പും കിട്ടിയിട്ടില്ല.
കുട്ടിയുടെ തിരിച്ചുവരവും കാത്ത് കുടുംബവും നാടും ഇന്നും കാത്തിരിപ്പ് തുടരുകയാണ്. ഇതുപോലെ പ്രായഭേദമന്യേ കാണാമറയത്തേക്ക് പോവുന്ന നിരവധി കേസുകളാണ് കേരളത്തില്‍ ഒരോ ദിനവും രജിസ്റ്റര്‍ ചെയ്യുന്നത്. ഇതില്‍ സ്വമേധയാ നാടുവിടുന്നവയും തട്ടിക്കൊണ്ടുപോകുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യുന്ന മിസിങ് കേസുകളില്‍ ഭൂരിഭാഗവും കണ്ടെത്തുന്നുണ്ടെങ്കിലും ഒരു വിവരവുമില്ലാത്ത കേസുകളും നിരവധിയാണ്.
ഈ വര്‍ഷം ജൂണ്‍ വരയെുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 5878 മിസിങ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഓരോ ദിനവും ചുരുങ്ങിയത് മൂന്ന് പേരെയെങ്കിലും കേരളത്തില്‍ കാണാതാവുന്നുണ്ട്. മാനസിക പ്രശ്നങ്ങള്‍ക്ക് കൊണ്ട് വീട് വിട്ടിറങ്ങുന്നവരും പ്രണയത്തിന്‍റെ പേരില്‍ നാട് വിടുന്നവരും അപ്രതീക്ഷിതമായി കാണാതാവുന്നവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.
വിവരാവകാശ രേഖകള്‍ പ്രകാരം മലപ്പുറം ജില്ലയില്‍ ഒരു വര്‍ഷത്തിനിടെ 540 മിസിങ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇക്കാലയളവില്‍ ജില്ലയില്‍ 308 സ്ത്രീകളെയും (പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ) 232 പുരുഷന്മാരെയും (ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ) കാണാതായിട്ടുണ്ട്. 2021ല്‍ 576 മിസിങ് കേസുകളും 2020ല്‍ 502 കേസുകളും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2012ന് ശേഷം കാണാതായ 148 പേരെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 2019ലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 2019ല്‍ 736 മിസിങ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.