വിമർശിക്കപ്പെടാൻ ഏതെങ്കിലും ഒരു ഇരയുണ്ടെങ്കിൽ വിമർശിക്കുന്നവർക്ക് ഒരു ഹരമാണ് . പറയുന്നതിന്റെ ആധികാരികതയോ അതിൽ പതിയിരിക്കുന്ന അപകടമോ ഒന്നും ആർക്കും ഒരു പ്രശ്നമല്ല . സ്വന്തം അല്ലാത്ത ആരെക്കുറിച്ചും എന്തും പറയുന്നതിൽ എല്ലാവരും ഒരു സുഖം കണ്ടെത്തുന്നു.
നമ്മളെ വിമർശനങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുവാൻ നമുക്ക് ചുറ്റും ഒത്തിരി പേരുണ്ടാകും.എന്നാൽ ആ വിമർശനങ്ങളെ ആശംസകൾ ആയി ഉൾക്കൊള്ളാൻ ഒരു നല്ല മനസ്സും നല്ല പ്രവൃത്തിയും മാത്രം മതി .
വ്യക്തികളെ വിമർശിക്കുമ്പോൾ സ്വരം ഉയർന്നു പൊങ്ങും. ആശയങ്ങളെ എതിർക്കുമ്പോഴാകട്ടെ അഭിപ്രായങ്ങളാവും ഉയരുക .എല്ലാ
വിമർശനങ്ങളും ശ്രദ്ധാപൂർവ്വം കേൾക്കുക . അന്തിമതീരുമാനം നമ്മുടേതായിരിക്കണം.
പരിഹാസങ്ങളും വിമർശനങ്ങളും ഒറ്റപ്പെടുത്തലുകളും ജീവിതത്തിൽ ഉണ്ടാകുമ്പോൾ ഒരിക്കലും നാം തളർന്നു പോകരുത്. കാരണം മധുരമുള്ള ഫലവൃക്ഷങ്ങൾക്ക് നേരെയാണ് ഏറ്റവും കൂടുതൽ കല്ലേറുകൾ ഉണ്ടാവുക.
സ്വയം വിമർശനം നടത്തി പക്വതയോടെ സ്വന്തം തെറ്റും ശരിയും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നവർക്ക് മാത്രമേ മറ്റുള്ളവരെ വിമർശിക്കുവാൻ അർഹതയുള്ളൂ. നമ്മളെ
വിമർശിക്കുന്നവരുടെ വിമർശനം ശ്രദ്ധിച്ചു കേൾക്കുക. അതിനെ നിങ്ങളുടെ യുക്തിക്ക് വിധേയമാക്കി നിഷ്പക്ഷമായി വിലയിരുത്തുക. ശരിയാണെന്ന് നിങ്ങൾക്ക് തോന്നുന്ന പക്ഷം മാറ്റത്തിന് വിധേയനാകാൻ ശ്രമിക്കുക .
ആശ്വാസ വാക്കുകൾ തോറ്റു പോകുന്ന ചില സന്ദർഭങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാം. അവിടെ കരഞ്ഞുതീർത്തു തന്നെ സമാധാനം കണ്ടെത്തണം.നമ്മളെ മനസ്സിലാക്കാത്തവരുടെ മുന്നിൽ ദുഃഖം എന്ന പുസ്തകം ഒരിക്കലും തുറന്നു പോകരുത്. കാരണം പരിഹാസം എന്ന് അർത്ഥമെ ആ വരികൾക്ക് ഉണ്ടാകൂ..
✍🏻:അശോകൻ.സി.ജി