എല്ലാ ആഘോഷങ്ങൾക്കും ഒരു പിറ്റേന്ന് ഉണ്ട് എന്ന ബോധ്യം...
എല്ലാം ആഘോഷങ്ങൾക്കും ഒരു ആഘോഷ പിറ്റേന്ന് കാണും.
പച്ചപ്പിന് തീർച്ചയായും ഒരു വരൾച്ച ഉണ്ടാകും .
യുവത്വത്തിന് തീർച്ചയായും ഒരു വാർദ്ധക്യവും കാണും..
ഈ വിചാരമുള്ളവന് ആഘോഷങ്ങളിൽ ഒരു പരിധി വിട്ട് ആഹ്ലാദിക്കാൻ ആവില്ല....ജീവിതത്തിലും അവൻ സൂക്ഷ്മാലുവായിരിക്കും..ഈ യുവത്വം നാളെ കെട്ടടങ്ങുമെന്ന് അവന് നല്ല ബോധ്യം ഉണ്ടാകും...,യുവത്വമേ…നാം എടുത്ത് വെക്കുന്ന ഓരോ ചുവടുകളും ചുളിവ് വീഴുന്ന വരണ്ട പാടങ്ങളിലേക്കാണെന്ന് ഓർമ്മ വേണം.
ഒരിക്കൽ യുദ്ധത്തിനൊരുങ്ങിയ ബ്രിട്ടൺ, രാജ്യത്തെ ഏറ്റവും വലിയ ശാസ്ത്രജ്ഞനെ വിളിച്ചു വരുത്തി. ശത്രുനാടിനെ മുഴുവൻ തകർക്കുന്ന വിഷവാതകം നിർമിക്കാൻ നിർദേശിച്ചു. വൻ പ്രതിഫലവും വാഗ്ദാനം ചെയ്തു.
പക്ഷേ അദ്ദേഹം അതനുസരിച്ചില്ല. ഇങ്ങനൊരു കത്തെഴുതി സർക്കാരിനു കൊടുത്തു: 'ഉറുമ്പുകൾ ഭക്ഷണം കൊണ്ടുപോകുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. ഞാൻ ശ്രദ്ധിക്കാറുണ്ട്. ഒരുപാട് കഷ്ടപ്പെട്ട് ഓരോ ഭക്ഷണപദാർത്ഥങ്ങൾ മാളത്തിനരികിലേക്ക് അവർ വലിച്ചു കൊണ്ടുവരും. എന്നാലോ, ആ മാളത്തിന് ചെറിയൊരു സുഷിരമേ കാണൂ. കഷ്ടിച്ച് ഒരുറുമ്പിന് പ്രവേശിക്കാനേ കഴിയൂ. എത്രയോ ദൂരെനിന്ന് ഒരുപാട് കഷ്ടപ്പെട്ട് വലിച്ചു കൊണ്ടുവന്ന ആ ഭക്ഷണം പക്ഷേ മാളത്തിന്റെ വാതിലിനരികിൽ ഉപേക്ഷിക്കാൻ മാത്രമേ ഉറുമ്പിനു കഴിയൂ. നമ്മൾ മനുഷ്യരുടെ കാര്യവും ഇത്രേയുള്ളൂ. ആയുസ്സ് നീളെ കഷ്ടപ്പെട്ടും അർഹമല്ലാതെയും പണം വാരിക്കൂട്ടുന്നു. എന്നാൽ അവസാന യാത്രയിൽ ഇതൊന്നും കൊണ്ടുപോകാനാകാതെ മരണത്തിന്റെ പടിവാതിൽക്കൽ ഉപേക്ഷിക്കുന്നു. മനുഷ്യരെ കൊല്ലുന്ന വിഷവാതകം കണ്ടുപിടിച്ചാൽ നിങ്ങളെനിക്ക് തരുന്ന പണംകൊണ്ട് എനിക്കൊരു ഗുണവുമില്ല. ആരുടേയും ജീവൻ തകർക്കാൻ എനിക്കാവില്ല.’
മൈക്കൽ ഫാരഡേ ആയിരുന്നു മനുഷ്യപറ്റുള്ള ആ ശാസ്ത്രജ്ഞൻ.
കൗതുകങ്ങളുടെ പിന്നാലെയുള്ള നമ്മുടെ ഓട്ടങ്ങളെയെല്ലാം എത്ര ലളിതമായാണ് അദ്ദേഹം ചെറുതാക്കിക്കളഞ്ഞത്. ഒന്നു കണ്ണടച്ച് ആലോചിക്കുമ്പോൾ വലുതെന്ന് തോന്നിയതെല്ലാം ചെറുതാകുന്നു. ഇഷ്ടങ്ങളായും തീരാത്ത കൊതികളായും മനസ്സ് പലതിന്റേയും പിന്നാലെ ഒച്ചവെച്ചോടുന്നുണ്ട്. ജയിച്ചെന്നു പറയുന്ന മനുഷ്യരെ നോക്കി അസൂയപ്പെടുന്നുണ്ട്. കൂടെ ഉണ്ടായിരുന്ന സൗഭാഗ്യങ്ങൾ എല്ലാം അർത്ഥം ഇല്ലാത്തവയായിരുന്നു എന്ന് തിരിച്ചറിയാൻ ഒരുപാട് വൈകിപ്പോകുന്ന ആയുസ്സിന്റെ പേരാണീ നമ്മൾ.
എല്ലാ ഉത്സവങ്ങളും പെരുന്നാളുകളും നമ്മെ കൂടുതൽ ജീവിക്കാൻ കൊള്ളാവുന്നവരും ഉന്നതമായ ചിന്തകളോടെ ജീവിതത്തെ നോക്കി കാണാൻ പ്രാപ്തരാക്കുകയും ചെയ്യുന്നുണ്ട്.. എല്ലാ ആഘോഷങ്ങളും എല്ലാവരുടെതുമാകുന്ന ലോകത്തിലെ ഏക ഇടം നമ്മുടെ ഈ കൊച്ചു കേരളം ആയിരിക്കും.ഓണവും ക്രിസ്തുമസും റംസാനും എല്ലാം നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ അഭിവാജ്യ ഘടകങ്ങൾ ആണ്. നാനാ ജാതി മതസ്ഥർ ഒത്തു ചേരുന്ന പൂക്കള മത്സരങ്ങളും ഇഫ്താർ വിരുന്നുകളും ഒരു മതേതരമായ ഒരിടം എന്നും സൂക്ഷിച്ചിരുന്നു. ആ മതനിരപേക്ഷ ഇടങ്ങളിലാണ് പ്രബുദ്ധ കേരളം നട്ടു നനച്ചു വളർത്തപ്പെട്ടത്.
മലയാളിയുടെ നീതി ബോധവും സമദര്‍ശിത്വവും ഇന്ത്യയിലെയും ലോകത്തിലെയും മറ്റിടങ്ങള്‍ക്ക് എന്നും മാതൃകയായിരുന്നു.*_ _*കള്ളവും ചതിയും ഇല്ലാതെ എല്ലാമനുഷ്യരും ഒന്നു പോലെ ജീവിക്കുന്ന ഒരു സമൂഹമെന്ന സങ്കല്‍പ്പം മലയാളിയുടെ മഹത്തായ നീതി ബോധത്തിന്റെ പ്രതിഫലനമാണ്.
മതത്തിന്റെ, ജാതിയുടെയും പേരിലുള്ള വർഗീയവേർതിരിവുകളുടെ വേലിക്കെട്ടുകള്‍ പൊളിച്ചു നീക്കി അതിനപ്പുറം എല്ലാവരുടേതുമായ ഒരിടം സൃഷ്ടിക്കുക എന്നതായിരുന്നു നമ്മുടെ ആഘോഷവേളകളുടെ അന്തര്‍ധാര. വിഭാഗീയതയും, വര്‍ഗീയതയും, ലഹരിയും ആഘോഷങ്ങളുടെ നിറം കെടുത്തുക മാത്രമല്ല അവയുടെ ആഹ്ലാദത്തെ ചുരുക്കിക്കെട്ടുകയും ചെയ്യും. അത് കൊണ്ട് തന്നെ നമ്മുടെ ആഘോഷങ്ങളും, ഉത്സവങ്ങളും വിഭാഗീയതയുടെയും, അക്രമത്തിന്റെയും ലഹരിയുടെയും കരിനിഴലുകള്‍ക്ക് പുറത്തായിരിക്കട്ടെ...എല്ലാ ആഘോഷങ്ങളും മനുഷ്യനെ കൂടുതല്‍ ചേര്‍ത്ത് നിര്‍ത്താന്‍ വേണ്ടിയുള്ളതാകട്ടെ.