നമ്മളെല്ലാവരും വ്യത്യസ്തരായ മനുഷ്യരാണ്. പക്ഷേ നമ്മുടെ എല്ലാം ഹൃദയങ്ങൾ ഒരുപോലെയാണ് ഹൃദയത്തിലെ ഭാവങ്ങൾ ഒരുപോലെയാണ് ഹൃദയത്തിൻറെ ഭാഷ ഒരുപോലെയാണ് എല്ലാ ഹൃദയങ്ങൾക്കും മനസ്സിലാകുന്നത് ഒരേ ഭാഷയാണ് സ്നേഹത്തിൻറെ ഭാഷ. സ്നേഹത്തിന്റെ ഭാഷയിലെ ആദ്യത്തെ വാക്കാണ് പുഞ്ചിരി.
ഫ്രഞ്ചുകാരനായ ആൻഡൻ ഡി സാൻഡസ് ബുരയുടെ മനോഹരമായ ഒരു ചെറുകഥയാണ് _"ദ സ്മൈയിൽ അഥവാ പുഞ്ചിരി" സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് ശത്രുക്കളുടെ പിടിയിൽ പെട്ട് ജയിലിലായി അവിടെ വധ ശിക്ഷ കാത്തു കിടക്കുമ്പോൾ ആൻഡൻ എഴുതിയ ഈ കഥ ആത്മകഥാപരമാണെന്നും പറയപ്പെടുന്നു. ജയിലിൽ വധശിക്ഷയ്ക്ക് കാത്ത് കിടക്കുന്ന ആൻഡൻ ഒരു ദിവസം അദ്ദേഹത്തിൻറെ മനസ്സിൽ വല്ലാതെ ഭയം കടന്നുകൂടി കാരണം അടുത്ത ദിവസം വധശിക്ഷ നടപ്പാക്കും. ഇനിയും തനിക്ക് തൻറെ കുടുംബത്തെയോ അല്ലെങ്കിൽ തന്റെ ജീവിതത്തെയോ തിരികെ പിടിക്കാൻ സാധിക്കില്ലല്ലോ എന്നോർത്തപ്പോൾ അദ്ദേഹത്തിൻറെ മനസ്സിൽ വീണ്ടും ഭയം നിറഞ്ഞു. അപ്പോൾ മനസ്സിൽ കുന്നുകൂടിയ ഈ ഭയത്തിൽ നിന്ന് അല്പം ഒരു ആശ്വാസത്തിനു വേണ്ടി ഒരു സിഗരറ്റ് വലിച്ചേക്കാം എന്ന് ഓർത്തിട്ട് അദ്ദേഹം ഉടുപ്പിന്റെ പോക്കറ്റിൽ തപ്പി അദ്ദേഹം ഒരു സിഗരറ്റെടുത്തു പക്ഷേ തെളിയിക്കാൻ ലൈറ്റർ ഇല്ല. സെല്ലിന് പുറത്ത് വരാന്തയുടെ അറ്റത്തായി നിന്ന ജെയിലറെ അദ്ദേഹം വിളിക്കുകയാണ്. ഒരു ലൈറ്റർ തരുമോ എന്നറിയാൻ വേണ്ടി. ആജാനുബാഹുവായ വളരെ ഗൗരവ പ്രകൃതിക്കാരനായ ഈ ജെയ്ലർ അടുത്തേക്ക് വന്ന് ആൻഡണ് ലൈറ്റർ കത്തിച്ചു കൊടുക്കുകയാണ്. തന്റെ ഭയത്തിൽ നിന്നും രക്ഷപ്പെടാനെന്നവണ്ണം ആൻഡൻ ഈ ഗൗരവക്കാരനായ ജെയ്‌ലറെ നോക്കി പുഞ്ചിരിക്കുന്നു. ആൻഡനെ അത്ഭുതപ്പെടുത്തികൊണ്ട് ജെയ്ലറും അദ്ദേഹത്തിന് തിരികെ ഒരു പുഞ്ചിരി സമ്മാനിക്കുന്നു. സിഗരറ്റൊക്കൊ കത്തിച്ച് കഴിഞ്ഞിട്ട് ആൻഡന്റെ സെല്ലിന്റെ വെളിയിൽ തന്നെ ഈ ജെയിലർ നിലയുറപ്പിക്കുന്നു. അല്പം കഴിഞ്ഞപ്പോൾ അയാൾ ആൻഡനോട് ചോദിക്കുകയാണ് നിങ്ങൾക്ക് കുടുംബം ഒക്കെ ഉണ്ടോ?
ആൻഡൻ ഒട്ടും മടിച്ചില്ല തന്റെ പോക്കറ്റിൽ കിടന്ന ഫാമിലി ഫോട്ടോ എടുത്തു ജെയ്‌ലറെ കാണിക്കുന്നു. അദ്ദേഹം അതു നോക്കി അല്പ നേരം നിന്നു അതിനുശേഷം തൻറെ പേഴ്സിലുണ്ടായിരുന്ന സ്വന്തം കുടുംബ ഫോട്ടോ ആൻഡനേയും കാണിച്ചു കൊടുക്കുന്നു. ആൻഡന് തന്റെ ഫാമിലി ഫോട്ടോയിൽ നോക്കി കൊണ്ട് നിന്നപ്പോൾ ഇനി തൻറെ മകളെ ഒന്ന് ചേർത്ത് പിടിക്കാനോ തന്റെ ഭാര്യയുടെ കൂടെ നിൽക്കാനോ സാധിക്കില്ലല്ലോ എന്നോർത്തപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. അത് കണ്ട ജെയിലറുടെ മനസ്സ് വല്ലാതെ പിടഞ്ഞു.അയാൾ അന്നു രാത്രി തന്നെ ആ ജെയിലിൽ നിന്ന് രക്ഷപ്പെടാനും തുടർന്ന് ആ നഗരത്തിൽ നിന്ന് തന്നെ രക്ഷപ്പെടാനും ആൻഡന് വേണ്ട സാഹചര്യം ഒരുക്കി കൊടുക്കുകയാണ്.
ഇതേക്കുറിച്ച് തന്റെ ഈ കഥയിൽ ആൻഡൻ എഴുതുന്നത് ഇപ്രകാരമാണ് "ഒരു പുഞ്ചിരി എന്റെ ജീവിതത്തെയും ജീവനെയും രക്ഷപ്പെടുത്തി"
നമ്മളെല്ലാവരും വ്യത്യസ്തരായ മനുഷ്യരാണ്. പക്ഷേ നമ്മുടെ എല്ലാം ഹൃദയങ്ങൾ ഒരുപോലെയാണ് ഹൃദയത്തിലെ ഭാവങ്ങൾ ഒരുപോലെയാണ് ഹൃദയത്തിൻറെ ഭാഷ ഒരുപോലെയാണ് എല്ലാ ഹൃദയങ്ങൾക്കും മനസ്സിലാകുന്നത് ഒരേ ഭാഷയാണ് സ്നേഹത്തിൻറെ ഭാഷ. സ്നേഹത്തിന്റെ ഭാഷയിലെ ആദ്യത്തെ വാക്കാണ് പുഞ്ചിരി അപ്പോൾ ഹൃദയത്തിൽ നിന്ന് സ്വാഭാവികമായി ഉയരുന്ന ഈ പുഞ്ചിരിയെ നാം നിർബന്ധമായി തടഞ്ഞു വെയ്ക്കേണ്ട കാര്യമില്ല. ഒരു പുഞ്ചിരിയുടെ പ്രാധാന്യം നമ്മിൽ വളരെക്കുറച്ചു പേർക്കു മാത്രമേ മനസ്സിലാവുകയുള്ളൂ അല്ലെങ്കിൽ മനസ്സിലാക്കിയിട്ടുള്ളൂ എന്നതാണ് വാസ്തവം നമ്മുടെ ഹൃദയങ്ങളിൽ നിന്നുയരുന്ന പുഞ്ചിരി സ്വാഭാവികമാണെന്നും അത് നിഷ്കളങ്കം ആണെന്നും നമുക്ക് ഉറപ്പു വരുത്താം മറ്റുള്ളവർക്ക് ഒരു പുഞ്ചിരി സമ്മാനിക്കുമ്പോൾ ഒരുപക്ഷേ അത് അവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഏറെയായിരിക്കും.
'‘ഞാൻ നിങ്ങളെ സഹർഷം സ്വാഗതം ചെയ്യുന്നു. സന്തോഷത്തോടെ വന്നാലും!’’ എന്നാണു പറയാത്ത വാക്കുകളാൽ ആ പുഞ്ചിരി വെളിപ്പെടുത്തുന്നത്. യാതൊരു ഭാവഭേദവുമില്ലാതെയോ ദുർമുഖത്തോടുകൂടിയോ ഇരിക്കുന്ന ഒരാളെ കാണുമ്പോൾ എന്തായിരിക്കും നമ്മുടെ വിചാരം? വല്ലതും ആവശ്യപ്പെടാനാണ് അയാളെ സമീപിക്കുന്നതെങ്കിൽ ആ ആവശ്യം പറയാൻ തന്നെ നാം മടിക്കും. അങ്ങോട്ടു പോകേണ്ടിയിരുന്നില്ല എന്നു തോന്നിപ്പോവും. തനിക്കും മറ്റുള്ളവർക്കും സന്തോഷമുണ്ടാക്കുന്ന ഒന്നാണ് പുഞ്ചിരി. എങ്കിലും എത്ര ചുരുക്കം പേരിൽ മാത്രമേ നല്ലൊരു പുഞ്ചിരി നാം കാണുന്നുള്ളൂ.
പുഞ്ചിരി കോപത്തെയകറ്റും, നൈരാശ്യത്തെ നശിപ്പിക്കും, ആത്മവിശ്വാസം ഉളവാക്കും.ഒരു പുതിയ ബന്ധു നമുക്കുണ്ടായി എന്ന തോന്നലും ജനിപ്പിക്കും.യാതൊരു നഷ്ടവും അതു നമുക്കു വരുത്തുകയില്ല. ഏറെ ലാഭം കൈവരുത്തുകയും ചെയ്യും.പിന്നെ എന്തുകൊണ്ട് ആ സ്വഭാവം ശീലിച്ചുകൂടാ? സന്ദർശകരെ നല്ലൊരു പുഞ്ചിരിയോടെ സ്വീകരിക്കുന്ന ആകർഷകമായ ആ സ്വഭാവം.
പുഞ്ചിരിക്കു വലിയൊരു അർഥമുണ്ട്. ‘‘എന്റെ കാര്യത്തിൽ മാത്രം നിമഗ്നനായി ഇരിക്കുന്നവനല്ല ഞാൻ. എനിക്കു നിങ്ങളുടെ കാര്യത്തിലും താൽപര്യമുണ്ട്. നിങ്ങൾക്ക് എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ, അതിനു ഞാൻ സന്നദ്ധമാണ്.’’ എന്നു സന്ദർശകരെ അറിയിക്കുകയാണ് പുഞ്ചിരികൊണ്ടു നാം ചെയ്യുന്നത്.
മറ്റുള്ളവരുടെ ആത്മാർഥ പുഞ്ചിരി നമ്മിലുണ്ടാക്കുന്ന സന്തോഷത്തെപ്പറ്റി നമുക്കെല്ലാവർക്കുമറിയാം. എന്തുകൊണ്ട് മറ്റുള്ളവർക്കും ആ തരത്തിലുള്ള അനുഭവം നമുക്കു സമ്മാനിച്ചുകൂടാ – നമ്മുടെ ആത്മാർഥമായ പുഞ്ചിരി കൊണ്ട്. ചുറ്റുപാടും സൗഹാർദം പരത്താനുള്ള കഴിവു പുഞ്ചിരിക്കുണ്ട്. അതു മറ്റുള്ളവരെ സന്തോഷിപ്പിക്കുമ്പോൾ ആ സന്തോഷം നമ്മെയും ആനന്ദഭരിതരാക്കും. സുഹൃത്തുക്കൾ നിറഞ്ഞ ഒരു ലോകമാണിത് എന്ന ബോധം നമ്മിലുളവാക്കുകയും ചെയ്യും.
മഞ്ഞുമൂടലുള്ള ഒരു പുലരിയിൽ സൂര്യൻ ഉദിച്ചുയരുമ്പോൾ അതെല്ലാം ഒഴിഞ്ഞുപോകുന്നു. അതുപോലെയാണ് പുഞ്ചിരി കാണുമ്പോൾ നിരാശയും സംഘർഷവും എല്ലാം മാറിപ്പോകുന്നത്.
ഹൃദയത്തിൽ കൗടില്യവും വിദ്വേഷവും തിന്മയും പേറിക്കൊണ്ടു നടക്കുന്നവരിൽ നിന്ന് ആത്മാർഥത നിറഞ്ഞ പുഞ്ചിരി ഉണ്ടാവുകയില്ല. ഹൃദയത്തിന്റെ ഭാവമാണു മുഖത്തു പ്രതിഫലിക്കുന്നത്. ഹൃദയം നിർമലവും സ്നേഹനിർഭരവുമെങ്കിൽ മുഖത്ത് അതിന്റെ പ്രതിഫലനം പ്രത്യക്ഷപ്പെടും . നൈർമല്യത്തിന്റെ പുഞ്ചിരി. അതു വരുത്തുന്ന മാറ്റങ്ങൾ വിസ്മയകരമായിരിക്കും.