പ്രാര്‍ത്ഥനകള്‍ വിഫലം…ആന്‍ മരിയ യാത്രയായി
ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇടുക്കി ഇരട്ടയാര്‍ സ്വദേശിയായ ആന്‍മരിയ (17) അന്തരിച്ചു.
പള്ളിയില്‍ കുര്‍ബാനയ്ക്കിടെ ഹൃദയാഘാതമുണ്ടായ ആന്‍ മരിയയെ കട്ടപ്പനിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും ട്രാഫിക് വിഭാഗത്തിന്റെയും സംയുക്ത പരിശ്രമത്താൽ രണ്ടരമണിക്കൂറെടുത്ത് ആംബുലന്‍സില്‍ കോട്ടയം ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും സ്ഥിതി വഷളായതിനെ തുടർന്ന് ജൂലൈയിൽ കോട്ടയം കാരിത്താസിലേക്ക് മാറ്റുകയായിരുന്നു.
ആൻ മരിയയുടെ വിയോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അനുശോചനം രേഖപ്പെടുത്തി. ”നിനക്കായി നടത്തിയ പ്രാർത്ഥനകൾ വിഫലമായല്ലോ മോളെ … ജീവിതത്തിലേക്ക് മടങ്ങി വരാൻ നാട് വഴി ഒരുക്കിയെങ്കിലും വിധി അതിന് തടസ്സമായി. ആൻ മരിയ നിന്റെ പുഞ്ചിരി മനസ്സിൽ എന്നും മായാതെ നിൽക്കും … പ്രണാമം …”ഇങ്ങനെയാണ് അദ്ദേഹം കുറിച്ചത്. ആൻ മരിയയുടെ ചികിത്സയ്ക്ക് വേണ്ടുന്ന ക്രമീകരണങ്ങളിൽ മന്ത്രി റോഷി അഗസ്റ്റിൻ ഒപ്പമുണ്ടായിരുന്നു. മന്ത്രി ഇടപെട്ടാണ് ആംബുലൻസിന് വേഗത്തിൽ കൊച്ചിയിലെത്താൻ വഴിയൊരുക്കിയത്.
ഇടുക്കി കട്ടപ്പനയില്‍ നിന്ന് ആംബുലന്‍സില്‍ ആന്‍ മരിയയെ എറണാകുളത്തേക്ക് എത്തിച്ചപ്പോള്‍ കേരളത്തിന്റെ പ്രാര്‍ത്ഥനകളും ഒപ്പമുണ്ടായിരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എറണാകുളം അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആന്‍ മരിയ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ജൂണ്‍ 1നാണ് കുട്ടിയെ അടിയന്തര ചികിത്സക്കായി എറണാകുളത്തേക്ക് എത്തിച്ചത്.
പിന്നീട് ജൂലൈ മാസത്തില്‍ കോട്ടയം കാരിത്താസിലേക്ക് കുട്ടിയെ മാറ്റിയിരുന്നു.
2 മണിക്കൂര്‍ 45 മിനിറ്റ് മാത്രമെടുത്തായിരുന്നു കട്ടപ്പനയില്‍ നിന്ന് എറണാകുളത്തെ അമൃത ആശുപത്രിയില്‍ കുട്ടിയെ ആംബുലന്‍സില്‍ എത്തിച്ചത്. കട്ടപ്പനയില്‍ നിന്നും യാത്ര തുടങ്ങിയ ആംബുലന്‍സിന് വഴിയൊയൊരുക്കാന്‍ നാടും കേരള പൊലീസും മറ്റ് അധികൃതരും ഒന്നിച്ചു നിന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ അടക്കമുള്ളവര്‍ ആന്‍ മരിയയുടെ വിദഗ്ധ ചികിത്സയ്ക്കായി സഹായമൊരുക്കാന്‍ രംഗത്തുണ്ടായിരുന്നു. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് ഇരട്ടയാര്‍ സെന്റ് തോമസ് പള്ളിയില്‍ നടക്കും.