റോക്കറ്റ് കണക്കേ കുതിച്ചുയർന്ന് സാധനങ്ങളുടെ വില; ഇത്തവണ ഓണത്തിന് പോക്കറ്റ് കീറും; വില്പനയിലും ഇടിവ്..
റോക്കറ്റ് കണക്കേ കുതിച്ചുയർന്ന് സാധനങ്ങളുടെ വില; ഇത്തവണ ഓണത്തിന് പോക്കറ്റ് കീറും; വില്പനയിലും ഇടിവ്..
ഓണത്തിന് ഇത്തവണ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകുമെന്ന് ഉറപ്പായി. വിപണിയിൽ പച്ചക്കറി ഉൾപ്പെടെ സാധനങ്ങൾക്ക് വില ഉയർന്ന് തന്നെ നിൽക്കുകയാണ്. ജൂൺ മാസത്തോടെ വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കുറയാതെ നിൽക്കുന്നത് സാധാരണക്കാരുടെ നെഞ്ചിൽ തീയായി മാറിക്കഴിഞ്ഞു. വില ക്രമാതീതമായി ഉയർന്നതോടെ മാർക്കറ്റിൽ വിൽപനയിലും ഇടിവ് വന്നിട്ടുണ്ട്.
നേരത്തേ തക്കാളി, ഇഞ്ചി, ചെറിയ ഉള്ളി എന്നിവക്ക് ഏറെ ആവശ്യക്കാരുണ്ടായിരുന്നെങ്കിലും വർധന വന്നതോടെ ആളുകൾ വാങ്ങാതെ മടങ്ങുകയാണ്. സാധാരണ ഗതിയിൽ ഓണം സീസൺ വരുന്നതോടെ മാത്രമേ വില ഉയരാറുള്ളു. എന്നാൽ, ഇത്തവണ നേരത്തേ തന്നെ വില ഇരട്ടിയിലധികം ഉയർന്ന് ആളുകളുടെ നടുവൊടിക്കുന്ന നിലയിലായി.
ഇഞ്ചി, തക്കാളി, ചെറിയ ഉള്ളി, വെളുത്തുള്ളി, പച്ചമുളക് എന്നിവക്കാണ് വില വലിയ തോതിൽ ഉയർന്ന് നിൽക്കുന്നത്. കൂടാതെ പയർ, ബീറ്റ് റൂട്ട്, കാരറ്റ് എന്നിവക്കും താരതമ്യേന വിലയുണ്ട്. പച്ചക്കറി ഉൽപാദന സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥയാണ് വില കൂടാൻ കാരണമായതെന്ന് കച്ചവടക്കാർ. വിപണിയിൽ ഇഞ്ചിക്ക് 300-320 വരെയാണ് വില, വെളുത്തുള്ളിക്ക് 180-200, ചെറിയ ഉള്ളിക്ക് 130-150, തക്കാളിക്ക് 110 -120 , പച്ചമുളക് 90-100 എന്നിങ്ങനെയാണ് വില. നിലവിൽ വില ഇനിയും ഉയരുമോ എന്ന ആശങ്കയിലാണ് ജനം.