ഒറ്റപ്പെടരുത്,ആരെയും ഒറ്റപ്പെടുത്തരുത്..
ഒറ്റപ്പെടൽ ഒരു വേദനയാണ്. ഒരുപക്ഷേ മനുഷ്യൻ ഏറ്റവും കൂടുതൽ ഭയക്കുന്നതും അതിനെയാകാം. ജനിച്ചനാൾ മുതൽ നമുക്ക് ചുറ്റിനും ഒരുപാട് പേരുണ്ട്. മാതാപിതാക്കൾ, സുഹൃത്തുക്കൾ. അങ്ങനെ പ്രിയ്യപ്പെട്ടവരായി മാറുന്ന കുറെ മനുഷ്യർ.
പക്ഷെ പെട്ടന്ന് ഒരു ദിവസം ഇവരെല്ലാം ചുറ്റിനും ഉണ്ടായിട്ടു പോലും ഒറ്റപ്പെടലിന്റെ ശൂന്യതയിലേക്ക് കൂപ്പ് കുത്തുന്നൊരു അവസ്ഥ. ചിരി നിറഞ്ഞ കുറെ മുഖങ്ങൾക്കിടയിൽ വിരസമായി മാറുന്നൊരു മുഖം. കുന്നോളം സംസാരിക്കാൻ നാവ് വെമ്പൽ കൊള്ളുമ്പോഴും അതിന് സാധിക്കാത്ത അവസ്‌ഥ.
ചിലർ പറയാറുണ്ട് ആസ്വദിക്കാൻ മനസ്സുണ്ടെങ്കിൽ ഒറ്റപ്പെടലും ഒരു തരം ആനന്ദമാണ്, എന്നാൽ ഒരു പരിധിയിൽ കവിഞ്ഞു ആർക്കും ആ ഒറ്റപ്പെടൽ ആസ്വദിക്കാൻ കഴിയില്ല എന്നതാണ് സത്യം. പതിയെ ആ ഒറ്റപ്പെടൽ നമ്മളെ കാർന്നു തിന്നാൻ തുടങ്ങും.
ചുറ്റിലും ഒരുപാട് പേരുണ്ടായിട്ടും ആരാലും പരിഗണിക്കപ്പെടാതെ പോകുന്നതാണ് ഇതിലെ ഏറ്റവും വേദനാജനകമായ കാര്യം. അങ്ങനെ സംസാരിക്കാൻ ആരുമില്ലാതെ, ഒരു ചിരി സമ്മാനിക്കാൻ ആരുമില്ലാതെ, ഒറ്റയ്ക്കിങ്ങനെ തള്ളി നീക്കുന്ന ജീവിതം.
മടുത്തു പോകും അങ്ങനെയൊരു ജീവിതം.ഒറ്റയ്ക്ക് ഇരിക്കാനാണ് ഇഷ്ട്ടം എന്ന് പറയുന്ന ഭൂരിഭാഗം പേരും പ്രിയ്യപ്പെട്ടൊരാളുടെ വിളിക്ക് കാതോർക്കുന്നവരാകും..പലർക്കും ഒറ്റപ്പെടൽ ഒരു നിസഹായതയാണ്. തന്നെ താനേ പോലും അതിൽ നിന്ന് പുറത്ത് കടക്കാൻ ആവാത്തൊരു അവസ്‌ഥ.
എങ്ങനയെന്നോ എന്താണെന്നോ അറിയാൻ കഴിയാതെ ശൂന്യതയുടെ ഒരു ഗർത്തത്തിൽ വീണത് പോലെ. അതിൽ നിന്ന് കര കയറാൻ മറ്റൊരാളുടെ സഹായത്തിന് വേണ്ടി അവർ ആഗ്രഹിക്കുന്നുണ്ടാവുംഅവർക്ക് ഒരു സഹായമാകുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന വലിയൊരു കാര്യം. പറ്റുമെങ്കിൽ ഒരു കേൾവിക്കാരനാവുക. അതും മനോഹരമായൊരു ചേർത്തു പിടിക്കലാണ്.
ഇന്ന് എന്തെങ്കിലും രോഗത്തിന്റെ പേരിലോ മറ്റോ ആളുകളെ ഒറ്റപ്പെടുത്തി കൊണ്ടിരിക്കുന്നു. യഥാർത്ഥത്തിൽ ഇത്തരം ഒറ്റപ്പെടുത്തലുകൾ ആണ് ഇവരുടെ രോഗം മൂർച്ഛിക്കുവാനും, അങ്ങനെ മരണപ്പെടാനും കാരണമാകുന്നത്. ഒരു നല്ല മനുഷ്യൻ എങ്ങനെയാണ് ഒരാളെ ഒറ്റപ്പെടുത്താൻ സാധിക്കുന്നത്.
ഒരു വശത്ത് മൗനം ആണെങ്കിൽ പോലും അതും ഒരു ആശ്വാസമാണ്.
ഒറ്റപ്പെടരുത്,ആരെയും ഒറ്റപ്പെടുത്തരുത്..!