മൊബൈലിലും കംപ്യൂട്ടറിലും തോണ്ടിയിരുന്ന് മണിക്കൂറുകൾ നഷ്ടപ്പെടുത്തുന്ന എത്രയോ പേരാണ് നമുക്ക് ചുറ്റും ജീവിക്കുന്നത്. സോഷ്യൽ മീഡിയയുടെ മായിക ലോകത്ത് പലപ്പോഴും സ്വന്തത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോൾ ക്വാളിറ്റി ടൈം എന്നത് കേവലം സ്വപ്നമായി മാറാം.
നമ്മുടെ എല്ലാവരുടെയും ജീവിതം വളരെ വേഗത്തിലാണ് കടന്നു പോകുന്നത്. ദിവസങ്ങളും മാസങ്ങളും വർഷങ്ങളുമൊക്കെ പൊടുന്നനെ കടന്നുപോകുന്നു. ജീവിതത്തിന്റെ ഓട്ടത്തിനിടയിൽ ഒന്നിനും സമയം കിട്ടുന്നില്ല എന്ന പരിഭവങ്ങളും പരിവേദനങ്ങളുമാണ് എല്ലാ കോണുകളിൽ നിന്നും ഉയരുന്നത്. നിരവധി പേരുടെ കുടുംബ ജീവിതവും പ്രൊഫഷനൽ ജീവിതവും അസ്വസ്ഥ ഭരിതമാകുന്നത് ഈ സമയമില്ലായ്മ കാരണമാണ്. എന്താണ് ഈ പ്രതിസന്ധിക്കൊരു പരിഹാരം എന്നന്വേഷിക്കുമ്പോഴാണ് ക്വാളിറ്റി സമയത്തെക്കുറിച്ച ചിന്ത നമ്മുടെ മനസ്സിലേക്ക് വരിക.
ജീവിതവും സമയവും ലോകത്തെ ഏറ്റവും മികച്ച അധ്യാപകരാണ്. സമയത്തെ നന്നായി പ്രയോജനപ്പെടുത്തുവാൻ ജീവിതം പഠിപ്പിക്കുന്നു. സമയം ജീവിതത്തിന്റെ മൂല്യത്തെക്കുറിച്ചും നമ്മെ പഠിപ്പിക്കുന്നു.തൊഴിലിൽ ക്വാളിറ്റി സമയം ചെലവഴിക്കുമ്പോഴാണ് പ്രവർത്തന മികവ് നേടുകയും പ്രൊഫഷനൽ വിജയം സ്വന്തമാക്കുകയും ചെയ്യാനാവുക. ജോലിയിൽ ശ്രദ്ധിക്കാനും വളർന്നു വികസിക്കാനും ക്വാളിറ്റി സമയം സഹായിക്കും. മാത്രമല്ല, ക്വാളിറ്റി സമയം ചെലവഴിച്ച് ഉത്തരവാദിത്തങ്ങളൊക്കെ ഭംഗിയായി നിർവഹിക്കുമ്പോൾ ലഭിക്കുന്ന തൊഴിൽ സംതൃപ്തിയും അവാച്യമായിരിക്കും.നിറഞ്ഞ മനസ്സോടെ ജോലി സ്ഥലത്തു നിന്നും വീട്ടിലേക്ക് പോകാൻ കഴിയുമ്പോൾ ആ സന്തോഷവും സംതൃപ്തിയും വീട്ടിലും പരത്താനും നിലനിർത്താനും കഴിയുമെന്നതാണ് യാഥാർഥ്യം. എന്നാൽ ജോലി സ്ഥലത്ത് ക്വാളിറ്റി സമയം ചെലവഴിക്കാതെയാണ് ഒരാൾ വീട്ടിലേക്ക് തിരിച്ചുപോകുന്നതെങ്കിൽ അവന്റെ ജീവിതം കുറ്റബോധവും അസ്വസ്ഥതകളും നിറഞ്ഞതായിരിക്കും. മനസ്സ് നിറഞ്ഞൊന്നു ചിരിക്കാൻ പോലും കഴിയാതെ അസ്വസ്ഥ ഭരിതരായ മനസ്സുകളും കുടുംബ ജീവിതവും നഷ്ടപ്പെടുത്തുകയാണ് ചെയ്യുക.
ടൈം ഈസ് മണി അഥവാ പണമാണ് സമയം എന്നാണ് സാധാരണ പറയാറുളളത്. എന്നാൽ പണത്തേക്കാളും അമൂല്യമാണ് സമയമെന്നാണ് നാം മനസ്സിലാക്കേണ്ടത് . പണം നഷ്ടപ്പെട്ടാൽ നമുക്ക് വീണ്ടെടുക്കാനായേക്കും. പോരാതെ വന്നാൽ മറ്റു വല്ലവരിൽ നിന്നും വായ്പ വാങ്ങാനും സാധിക്കും. എന്നാൽ നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചു കിട്ടാത്തതും തികയാതെ വന്നാൽ മറ്റാരിൽ നിന്നും വായ്പ വാങ്ങാൻ കഴിയാത്തതുമാണെന്ന കാര്യം സമയത്തെ അമൂല്യമാക്കുന്നു.
അതിനാൽ സമയത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് ക്വാളിറ്റി സമയം ഉപയോഗിക്കുവാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.സമയത്തിന്റെ മൂല്യം തിരിച്ചറിയുമ്പോൾ വ്യത്യസ്ത കാര്യങ്ങൾ ചെയ്യാൻ നമുക്ക് വേണ്ടത്ര സമയം ലഭിക്കാത്ത സാഹചര്യം ഉണ്ടാവില്ല.ഓരോ കാര്യങ്ങളും ചെയ്യാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ടോ എന്നതും നമ്മുടെ മുൻഗണനകളിൽ നിയന്ത്രണം ലോകത്ത് സ്ഥാനം ഉണ്ടോ എന്നതുമാണ് പ്രധാനം.
വായനയുടെയും കാഴ്ചയുടെയും ലോകം വളരെയധികം വികസിച്ച കാലത്താണ് നാം ജീവിക്കുന്നത്. മൊബൈലിലും കംപ്യൂട്ടറിലും തോണ്ടിയിരുന്ന് മണിക്കൂറുകൾ നഷ്ടപ്പെടുത്തുന്ന എത്രയോ പേരാണ് നമുക്ക് ചുറ്റും ജീവിക്കുന്നത്. സോഷ്യൽ മീഡിയയുടെ മായിക ലോകത്ത് പലപ്പോഴും സ്വന്തത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോൾ ക്വാളിറ്റി ടൈം എന്നത് കേവലം സ്വപ്നമായി മാറാം.
ശാസ്ത്ര സാങ്കേതിക വിദ്യയും സാമൂഹ്യ മാധ്യമങ്ങളുമൊന്നും നിരാകരിക്കുകയല്ല, ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.ഉപയോഗപ്പെടുത്തുമ്പോൾ ഏറെ സൂക്ഷ്മത ആവശ്യമാണെന്ന് മാത്രം. മുമ്പത്തേക്കാൾ കൂടുതൽ സൂക്ഷ്മത നമുക്കും നമ്മുടെ മക്കൾക്കും ഈ സൈബർ ലോകത്ത് ആവശ്യമായി വന്നിരിക്കുന്നു. കംപ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും ലോകത്ത് എപ്പോഴും ഒരു കണ്ണ് എല്ലാവരുടെ മേലും ഉണ്ടായിരിക്കണം. ഇലക്ട്രോണിക് മാലിന്യങ്ങളുടെ മലീമസമായ പരിസരങ്ങളല്ല, വിജ്ഞാനത്തിന്റെയും ഭാവനയുടെയും പരിമളമാണ് നമ്മുടെ ജീവിതം മനോഹരമാക്കുക.
പലരും ജീവിതത്തിൽ കഠിനാധ്വാനം ചെയ്തു പണമുണ്ടാക്കുന്നവർ ആയിരിക്കാം. എന്നാൽ പലപ്പോഴും അവരെ സ്നേഹിക്കുന്നവരോട്, അവരുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവരോടൊപ്പം ക്വാളിറ്റി സമയം ചെലവഴിക്കാൻ അവർ മറന്നു പോകുന്നു.ഇത് പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ്. ബിസിനസിന്റെയും ജോലിത്തിരക്കിന്റെയുമിടയിൽ ബന്ധപ്പെട്ടവർക്ക് ക്വാളിറ്റി സമയം കൊടുക്കാനാവാത്ത എത്ര പേരാണ് നമുക്ക് ചുറ്റും കഴിയുന്നത്. നമ്മുടെ കുട്ടികൾക്കും കുടുംബങ്ങൾക്കുമൊക്കെ നാം നൽകുന്ന ആഡംബരങ്ങളേക്കാളും ജീവിത സൗകര്യങ്ങളേക്കാളും ആവശ്യമുള്ളത് നമ്മുടെ സാന്നിധ്യവും സ്നേഹമസൃണമായ പെരുമാറ്റവുമാണെന്ന കാര്യമാണ് ഇത് അടയാളപ്പെടുത്തുന്നത്. അതിനാൽ കുടുംബത്തിന് മുൻതൂക്കം കൊടുത്തു ജോലി ചെയ്യുക. പണത്തിനു വേണ്ടി ജീവിക്കരുത്., ജീവിക്കാൻ വേണ്ടി പണം ഉണ്ടാക്കുക.
കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ച് വായിച്ചതോർക്കുന്നു. തിരക്കു പിടിച്ച എഴുത്തിന്റെയും വായനയുടെയും ദിനങ്ങളിൽ മകൾ സാമീപ്യം കൊതിച്ച് അദ്ദേഹത്തിന്റെ മുറിയിലേക്ക് എത്തി നോക്കാറുണ്ടായിരുന്നത്രേ. പക്ഷേ അപ്പോഴൊന്നും മോളെ താലോലിക്കുവാനോ അവളോടൊപ്പം സമയം ചെലവഴിക്കുവാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല . വളരെ ചെറുപ്രായത്തിലേ ആ മോൾ മരിച്ചു. മോളുടെ മൃതശരീരത്തിലാണത്രേ ആ അച്ഛൻ ആദ്യമായി ചുംബിച്ചത്.
സ്വന്തത്തിലേക്ക് ഉൾവലിയുന്ന കുട്ടികളാണ് മറ്റൊരു ഗുരുതരമായ പ്രതിസന്ധി. തങ്ങളുടെ ആശകളും ആശങ്കകളുമൊന്നും മാതാപിതാക്കളുമായി പങ്കുവെക്കാതെ വെർച്വൽ സൗഹൃദങ്ങളുടെ മായാലോകത്ത് ആനന്ദം കണ്ടെത്തുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുവെന്നാണ് സമകാലിക സംഭവ വികാസങ്ങൾ നൽകുന്ന സൂചന.
മുമ്പൊക്കെ സ്‌കൂളിൽ നിന്നും വന്നാൽ ഏറെ കൗതുകത്തോടെ അന്ന് നടന്ന ഓരോ കാര്യങ്ങളും പങ്കുവെക്കാറുണ്ടായിരുന്ന കുട്ടികൾ ഇപ്പോൾ ഏറെക്കുറെ നിശ്ശബ്ദമാവുകയും ഇന്റർനെറ്റിന്റെ പിടിയിലമരുകയും ചെയ്യുന്നു. വീടകങ്ങളിലെ പൊട്ടത്തരങ്ങളും പൊട്ടിച്ചിരികളുമൊക്കെ ക്രമേണ നഷ്ടപ്പെട്ട് മുതിർന്നവരും കുട്ടികളുമൊക്കെ മൊബൈലിൽ തോണ്ടി സമയം കഴിക്കുന്ന ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് നാം കടന്നുപോകുന്നത്.
കുട്ടികൾ വീടിന്റെ അലങ്കാരമാണ്. അവരുടെ കിന്നാരം കേൾക്കാൻ, അവരുടെ കൊച്ചുവർത്തമാനങ്ങൾ ആസ്വദിക്കുവാൻ, വീടകങ്ങളെ സജീവമാക്കാനുമൊക്കെ എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഓൺ ലൈൻ ക്ളാസുകളും ഇന്റർനെറ്റിന്റെ കമനീയതയുമൊക്കെ എല്ലാ സ്വപ്നങ്ങളെയും തകർത്താണ് നമ്മെ പരാജയപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് ക്വാളിറ്റി സമയമാണ് വിജയം സമ്മാനിക്കുക എന്ന ആശയത്തിന്റെ പ്രസക്തിയേറുന്നത്.
കാലം അതിൻ്റെ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും. ഒപ്പം നമ്മളും. അതുകൊണ്ടുതന്നെ, കഴിഞ്ഞുപോയത് എന്തും നമുക്ക് മനോഹരമാണ്.... പ്രത്യേകിച്ച് ബാല്യകാലം....ഇനി നമ്മൾ ചെയ്യേണ്ടത് ഒന്നുമാത്രം. നമ്മൾക്ക് കിട്ടുന്ന ഓരോ ദിനങ്ങളും ഓരോ നല്ല ഓർമ്മകളാക്കി മാറ്റുക.