ലക്ഷ്യം ശക്തമാണെങ്കിൽ എത്ര തടസ്സങ്ങൾ ഉണ്ടായാലും നമ്മുടെ മുന്നിൽ മാർഗ്ഗം തെളിയും.മുന്നോട്ടുപോകാനുള്ള ധൈര്യം മാത്രം ഉണ്ടായാൽ മതി . ആയിരം ആൾക്കാർ തളർത്താൻ ഉണ്ടായാലും തളരില്ല എന്നുള്ള മനസ്സ് മതി . എങ്കിൽ വിജയം നിങ്ങൾക്കൊപ്പം ഉണ്ടാകും
നമ്മൾ ഒരു യാത്ര ചെയ്യുമ്പോൾ പല വളവുകളും തടസ്സങ്ങളും നേരിട്ടു കൊണ്ടായിരിക്കും ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേരുന്നത്. ഇതുപോലെ തന്നെയാണ് നമ്മുടെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും സഫലമാക്കാൻ പല തടസ്സങ്ങളും മറികടക്കേണ്ടതായി വരും . നമുക്ക്
വിജയിക്കണമെങ്കിൽ നമ്മുടെ പാതയിലെ തടസ്സങ്ങൾ മറികടക്കാനുള്ള പോംവഴികൾ അറിഞ്ഞിരിക്കണം.
സമയമാകട്ടെ അപ്പോൾ പരിഹരിക്കാം എന്ന ചിന്തയാണ് എല്ലാറ്റിനും തടസ്സമായി നില്ക്കുന്നത്.സമയം .. അത് നമ്മുടെ കൈയിൽ തന്നെയാണ്.
ലക്ഷ്യത്തിൽ നിന്നും ശ്രദ്ധ മാറുമ്പോൾ കാണുന്ന കാഴ്ചകളാണ് തടസ്സങ്ങൾ.തടസ്സങ്ങൾ നേരിട്ടാൽ പരിഹരിക്കാൻ ഏതറ്റംവരെയും പോവുകയെന്നതാണ് യഥാർത്ഥ കർത്തവ്യം.
നമ്മുടെ മുന്നിൽ കാണുന്നതിൽ പലതും യഥാർത്ഥത്തിൽ തടസ്സങ്ങൾ അല്ല ..
മുന്നിലത് കാണുമ്പോൾ നമ്മുടെ മനസ്സിനുള്ളിൽ മെനയുന്ന ചിന്തകൾ ആണ് നമുക്ക് തടസ്സങ്ങളായി തോന്നുന്നത്.
അംഗീകരിക്കാൻ മടിയുള്ളവരുടെ കൂട്ടത്തിലേക്ക് നമ്മുടെ കഴിവുകളെ എറിഞ്ഞു കൊടുക്കുന്നതും വളരാനുള്ള വഴികളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നു.
ജീവിതയാത്രയിൽ നമുക്കെന്നും ഊർജ്ജമായിട്ടുണ്ടാവുക നമ്മളെ സ്നേഹിക്കുന്നവരൊ, സ്വപ്നം കാണാൻ പഠിപ്പിച്ചവരോ ആകണമെന്നില്ല. നിങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിൽ തടസ്സം സൃഷ്ടിച്ചവരാണ് .. അവരേല്പിച്ച മുറിവുകളാണ്. അവ തരുന്ന ഊർജ്ജത്തോളം വരില്ല വേറെ ഒന്നും.
നമ്മുടെ വഴിയിൽ തടസ്സം നിൽക്കുന്നവരെ കുതറിത്തെറിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകണ്ട .പകരം ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ക്ഷമയോടെ കാത്തിരിക്കുക തടസ്സം നിൽക്കുന്നവർ വഴി മാറുക തന്നെ ചെയ്യും .
✍️: അശോകൻ .സി .ജി