ഇരുളില്‍ കുഴിച്ചാലേ വൈരക്കല്ല് കണ്ടെത്താനാകൂ; ആത്മാവിന്റെ അഗാധതയില്‍ തിരഞ്ഞാലേ സത്യം കണ്ടെത്താന്‍ കഴിയൂ..
സത്യത്തിനോടുചേര്‍ന്നു നില്‍ക്കാനായില്ല എങ്കില്‍, ജീവിതം നിത്യേനയെന്നോണം നമ്മെ ബലാത്‌കാരം ചെയ്യുന്നതു പോലെയാണ് അനുഭവപ്പെടുക.
സത്യവും നമ്മളുമായി ഗാഢമായൊരു ബന്ധമുണ്ട്, അതില്ലായിരുന്നുവെങ്കില്‍ നമ്മള്‍ നിലനില്‍ക്കുമായിരുന്നില്ല. എന്നാല്‍ മനുഷ്യന്‍റെ ഇപ്പോഴത്തെ സ്ഥിതിവിശേഷം ശ്രദ്ധിച്ചാല്‍, സത്യവുമായി യാതൊരുവിധ ബന്ധവുമില്ല എന്ന രീതിയിലാണവന്‍ ജീവിക്കുന്നത്. ഒരു ദിശയിലേയ്ക്ക് മാത്രം നീങ്ങുന്ന അതായത്, അവിടെനിന്നും ഇങ്ങോട്ടുമാത്രമായുള്ള ഒരുതരം പ്രേമബന്ധം, ഇപ്പോള്‍ സാധാരണമായി അതാണു കണ്ടു വരുന്നത്. ജീവിതത്തില്‍ എന്തെല്ലാം തന്നെ സംഭവിച്ചാലും സത്യവുമായുള്ള ബന്ധം ഒരിക്കലും കൈവിട്ടുകളയരുത്. സത്യത്തിനോടുചേര്‍ന്നു നില്‍ക്കാനായില്ല എങ്കില്‍, ജീവിതം നിത്യേനയെന്നോണം നമ്മെ അടിച്ചുപിഴിഞ്ഞ്, യാതൊന്നിനും കൊള്ളരുതാത്ത ജീവശ്ശവം കണക്കെ രൂപാന്തരപ്പെടുത്തുന്നതായാണ് അനുഭവപ്പെടുക.
സത്യം എന്നത് നമ്മുടെ സ്വന്തം സൃഷ്‌ടിയല്ല. എന്നാലും നമ്മളോടേറ്റവും അടുത്തു നില്‍ക്കുന്നത് അതാണെന്ന വസ്തുത മറക്കരുത്. ജീവിതത്തില്‍ ഏതെങ്കിലും ഒരാശയത്തോട് ഉറച്ച പ്രതിബദ്ധത ഉണ്ടായിരിക്കണം. അതില്ല എങ്കില്‍ മുന്നോട്ടുപോകാനാകാതെ ജീവിതം നിന്നിടത്തുതന്നെ ഉറച്ചുപോകും, ദുസ്സഹമായിത്തീരുകയും ചെയ്യും. രാവിലെ ഉണര്‍ഴുന്നേല്‍ക്കുന്നത് എന്തിനാണ് എന്നുപോലും സ്വയം ചോദിക്കുന്ന ഒരവസ്ഥയിലെത്തിച്ചേരും. അതേ സമയം, സത്യത്തിന്റെ നേരെ കൈ എത്തിക്കാനായാലോ, ജീവിതം അടിമുടി ചൈതന്യവത്താവുകയും ചെയ്യും. സത്യം എന്നത് നമ്മുടെ സ്വന്തം സൃഷ്‌ടിയല്ല. എന്നാലും നമ്മളോടേറ്റവും അടുത്തു നില്‍ക്കുന്നത് അതാണെന്ന വസ്തുത മറക്കരുത്.
സത്യം എത്രയോ ആഴത്തില്‍ കുഴിച്ചിട്ടാലും ഒരിക്കല്‍ അത് പുറത്തുവരും. ചിലപ്പോള്‍ കാലതാമസമുണ്ടാകുമെങ്കിലും അതിന്റെ തിളക്കം എപ്പോഴും സജീവമായിരിക്കുമെന്ന് വെളിപ്പെടുത്തുന്നതാണ് ടോള്‍സ്റ്റോയി എഴുതിയ ‘ഇവാന്റെ കഥ.’
വ്‌ളാഡിമിര്‍ എന്ന പട്ടണത്തിലാണു ഇവാന്റെ താമസം. ഇവാന്‍ അതിസുന്ദരനാണ്. അവന്റെ ഭാര്യയും, കുഞ്ഞുങ്ങളും അടങ്ങിയ ആ കുടുംബം വളരെ സന്തോഷമായാണ് ജീവിച്ചിരുന്നത്. വീട്ടിലും നാട്ടിലുമെല്ലാം നല്ല കുടുംബങ്ങളെ ചൂണ്ടിക്കാട്ടേണ്ടി വരുമ്പോള്‍ എല്ലാവരും ഉദാഹരിച്ചത് ഇവാന്റെ കുടുംബത്തെയായിരുന്നു.
അതിഥികള്‍ എപ്പോള്‍ ചെന്നാലും ഇവാന്‍ സന്തോഷത്തോടെ അവരെ സ്വീകരിക്കും. ഇവാന്റെ ഭാര്യ അവര്‍ക്ക് നല്ല ഭക്ഷണം വിളമ്പും.കുഞ്ഞുങ്ങള്‍ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ഇടപെടും. ഇതായിരിക്കാം നാട്ടിലെങ്ങും ഇവാനെ ചൂണ്ടിക്കാട്ടി," ഇവാനില്‍ നിന്നും പഠിക്കാം.." എന്നൊരു ശൈലി തന്നെ രൂപപ്പെട്ടത്.
ഒരിക്കലൊരു ഉത്സവസ്ഥലത്ത് കച്ചവടം നടത്താന്‍ വേണ്ടി ഇവാന്‍ പോകുകയായിരുന്നു. എന്നാല്‍ ശുഭകരമല്ലാത്ത ഏതോ സ്വപ്‌നം കണ്ട് അവന്റെ ഭാര്യ ആ യാത്ര വിലക്കാന്‍ നോക്കി. അവള്‍ പറഞ്ഞു.
”…അങ്ങ്, പട്ടണത്തില്‍ നിന്നു തിരിച്ചുവന്നപ്പോള്‍ അങ്ങയുടെ തലമുടി നരച്ചിരിക്കുന്നതായി ഞാനൊരു സ്വപ്‌നം കണ്ടു. അതുകൊണ്ട് അങ്ങ് വ്യാപാരത്തിന് പോകരുതെന്നാണ് എന്റെ അപേക്ഷ…” ഇവാന് അതുകേട്ടപ്പോള്‍ ചിരിയാണു തോന്നിയത്. അവന്‍ ഭാര്യയെ ധൈര്യപ്പെടുത്തി പറഞ്ഞു.
”നീ കണ്ടത് വെറുമൊരു സ്വപ്നമല്ലേ… അതു സ്വപ്നം മാത്രമായി ശേഷിക്കട്ടെ. ഞാന്‍ പോയിവരാം..”
ഇവാന്‍ യാത്ര പറഞ്ഞ് പോകുമ്പോള്‍ കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ചു. പിതാവ് പോകുന്നത് അവരെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ അനുഭവമാണ്. കാരണം അപ്പന്‍ പോയി വരുമ്പോഴാണ് അവര്‍ക്ക് നല്ല കളിപ്പാട്ടങ്ങളൊക്കെ കൊണ്ടുവരുന്നത്. അതുകൊണ്ട് കുട്ടികള്‍ ആഹ്ലാദത്തോടെയും ഇവാന്റെ ഭാര്യ ദുഃഖത്തോടെയും അയാളെ യാത്രയാക്കി.
ഒരു ദിവസത്തെ പകല്‍ യാത്ര പിന്നിട്ടു. രാത്രിയില്‍ ഒരു സത്രത്തില്‍ അവന്‍ തങ്ങി. അവനോടൊപ്പം മറ്റൊരു കച്ചവടക്കാരനുമുണ്ടായിരുന്നു. പ്രഭാതത്തില്‍ ഇവാന്‍ എണീറ്റ് പാട്ടുംപാടി കുതിരപ്പുറത്ത് യാത്രയായി. അയാളുടെ ഹൃദയത്തില്‍ അതിരില്ലാത്ത സന്തോഷം. പുതിയ സ്ഥലത്ത് കച്ചവടം പൊടിപൊടിക്കാനുള്ള വഴികളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു.
കുറെ ദൂരം പോയിക്കാണും.ചില പോലീസുകാര്‍ ഇവാനെ തപ്പിവന്നു. അവര്‍ കനത്ത ശബ്ദത്തില്‍ അയാളുടെ പേര് ചോദിച്ചു. തങ്ങിയ സത്രമേതെന്ന് തിരക്കി. ഇവാന്‍ തെല്ലും സംശയം കൂടാതെ സത്യം തുറന്ന് പറഞ്ഞു. അതോടെ അവര്‍ ബലമായി അവന്റെ ഭാണ്ഡക്കെട്ടുകള്‍ പിടിച്ചുവാങ്ങി. ഇവാന്‍ അത്ഭുതപ്പെട്ടു. എന്തിനാണ് തന്റെ ബാഗുകള്‍ ഇവര്‍ ബലം പിടിച്ച് വാങ്ങുന്നത്. പോലീസുകാരിലൊരാള്‍ പറഞ്ഞു.”ഞങ്ങള്‍ ഒരു വിലപ്പെട്ട രേഖതേടിയാണ് വന്നത്.അത് താങ്കളുടെ ബാഗിലില്ലെങ്കില്‍ താങ്കള്‍ക്കു പോകാം…”
ഇവാന് ആ വാക്കുകളില്‍ വിശ്വാസം തോന്നി. അയാള്‍ ഉടന്‍ തന്നെ ബാഗുതുറന്ന് കൊടുത്തു. പോലീസുകാരില്‍ ഒരാള്‍ അതില്‍നിന്നും ചോരപറ്റിയ ഒരു കത്തി തപ്പിയെടുത്തു.
ഇവാന്‍ നടുങ്ങിത്തെറിച്ചുപോയി രാത്രിയില്‍ അദ്ദേഹത്തോടൊപ്പം തങ്ങിയ മറ്റൊരു കച്ചവടക്കാരനെ ആരോ കൊലപ്പെടുത്തി 8000 റൂബിള്‍സ് കരസ്ഥമാക്കിയിരിക്കുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവാനെ പ്രതിയാക്കി അവര്‍ ജയിലില്‍ അടച്ചു. വിവരം വീട്ടില്‍ അവര്‍ അറിയിക്കുകയും ചെയ്തു.
പാവം ഭാര്യ! താന്‍ കണ്ട ദുസ്വപ്‌നത്തിന്റെ ആന്തരികാര്‍ത്ഥം അവള്‍ മനസ്സിലാക്കുകയായിരുന്നു. അവള്‍ക്കുണ്ടായ വേദന വാക്കുകള്‍ക്കതീതമായിരുന്നു. ഇവാന്റെ കുഞ്ഞുങ്ങള്‍ തല തല്ലിക്കരഞ്ഞു.
ഇവാന്‍ ജയിലിലായതിനു ശേഷം 26 വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. അന്നൊരു ദിവസം ജയിലില്‍ തടിയനൊരുത്തന്‍ കുറ്റവാളിയായി എത്തി. ഒരു കുതിരമോഷണം നടത്തിയതാണു അവനെതിരെയുള്ള കുറ്റം. കൂടെയുള്ള കുറ്റവാളികളോട് അവന്‍ പഴയ കഥ പറയാന്‍ തുടങ്ങി.
പണ്ട് അവനൊരു സത്രത്തില്‍ വെച്ച് ഒരു കൊലപാതകം നടത്തിയത്രേ. എന്നിട്ട് അവിടെ കിടന്നുറങ്ങിയ ഏതോ ഒരുത്തന്റെ ബാഗില്‍ ചോരപുരണ്ട കത്തിയെടുത്തുവെച്ചു. പോലീസുകാര്‍ ആയാളെ പിടിച്ചുകൊണ്ടുപോയി. പിന്നെ എത്രയെത്ര മോഷണങ്ങള്‍. ഇതുവരെ ആരും അറിഞ്ഞിട്ടില്ല. ഇപ്പോഴിതാ നിസാരമായ ഒരു കാര്യത്തിന് എന്നെ പിടിച്ചിരിക്കുന്നു. ഇതില്‍ നിന്നും എനിക്ക് രക്ഷപെടാന്‍ വളരെ എളുപ്പമാണ്. അന്ന് കൊലപാതകം നടത്തി രക്ഷപെട്ടപോലെ ഇവിടെയും ഞാനൊരു വളഞ്ഞ വഴി സ്വീകരിക്കും..ഹ…ഹ…ഹ” അയാള്‍ പൊട്ടിച്ചിരിച്ചു.
ഇവാന്‍ ഉള്‍ക്കിടിലത്തോടെ ആ തടിയനെ നോക്കി. തന്റെ ജീവിതം നശിപ്പിച്ച കശ്മലനാണു ഇതെന്നു അവനു മനസ്സിലായി. ഇവാന്റെ ചിന്തകള്‍ കുഴഞ്ഞുമറിഞ്ഞു.
അവനെതിരെ പ്രതികാരം ചെയ്യാന്‍ മനസ്സ് വെമ്പല്‍കൊണ്ടു. രണ്ടാഴ്ച കഴിഞ്ഞിട്ടുണ്ടാവും. ഒരുദിവസം ആരോ മണ്ണുവാരുന്ന ശബ്ദം കേട്ടു. സൂക്ഷിച്ചു നോക്കിയ ഇവാന്‍ ഞെട്ടി. ഒടുവില്‍ ജയിലിലെത്തിയ ആ തടിയനാണ്. അവന്‍ തടവുചാടി രക്ഷപ്പെടാനുള്ള ഒരുക്കത്തിലാണ്. ഇവാനെ കണ്ടതും, അവന്റെ മുഖം വിളറിവെളുത്തു. ഇക്കാര്യം ജയിലധികൃതരോട് പറഞ്ഞാല്‍ ഇവാനെ തട്ടിക്കളയുമെന്നു അയാള്‍ ഭീക്ഷണിപ്പെടുത്തി. ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും കയ്പുനീര്‍ കുടിച്ച ഇവാന് അക്കാര്യത്തില്‍ തെല്ലും ഭയം തോന്നിയില്ല. പക്ഷെ ഇതെല്ലാം നേരിട്ട് കണ്ട ചില തടവുപുള്ളികള്‍ സത്യം മറച്ചുവെച്ചു.
അടുത്ത ദിവസം തടവുമുറികള്‍ പരിശോധിച്ച പോലീസുകാര്‍ മണ്ണുനീക്കി തടവറ തുറന്നതു കണ്ടുപിടിച്ചു.
കോപാക്രാന്തരായിത്തീര്‍ന്ന പോലീസുകാര്‍ തടവുപുള്ളികളെ മൈതാനിയില്‍ നിരത്തിനിര്‍ത്തി. ആരും സത്യം പറയുന്നില്ല. പോലീസുകാര്‍ ഇവാനെ വിളിപ്പിച്ചു. ജയിലില്‍ വന്ന അന്നുമുതല്‍ സത്യത്തിലും വിനയത്തിലും അഗ്രഗണ്യനായ നല്ലൊരു മനുഷ്യനാണയാള്‍…. എല്ലാവരും ആകാംക്ഷയോടെ ഇവാനെത്തന്നെ ഉറ്റുനോക്കി. ഇവാന്‍ സാവധാനം പറഞ്ഞു.
”അതാരാണെന്നു ഞാന്‍ പറയില്ല സാര്‍…..അതാണു ദൈവനിശ്ചയം……”
ഇവാനെ കൂടുതല്‍ ചോദ്യം ചെയ്തിട്ടും പ്രതി ആരാണെന്നു അയാള്‍ വ്യക്തമാക്കിയില്ല. അതാണ് ദൈവഹിതമെന്നു അയാള്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. പോലീസുകാര്‍ പിന്നീട് ആ വൃദ്ധനോട് ചോദ്യങ്ങളൊന്നും ചോദിച്ചില്ല. അന്നുരാത്രി ഇവാന്‍ ഉറങ്ങാന്‍ ഭാവിക്കുമ്പോള്‍ ഒരു പാദസ്പര്‍ശം അയാള്‍ കേട്ടു. തലയുയര്‍ത്തി നോക്കി. ആ തടിയനാണ്. അയാള്‍ നേരെ വന്നു ഇവാന്റെ കാല്‍ക്കല്‍വീണു.
”എന്നോട് ക്ഷമിക്കണം.”
കണ്ണീരോടെ അയാള്‍ തുടര്‍ന്നു.
”നിങ്ങളുടെ ജീവിതം നശിപ്പിച്ചത് ഞാനാണ്. അന്ന് സത്രത്തില്‍വെച്ച് ആ കച്ചവടക്കാരനെ കൊന്നത് ഞാനാണ്…..” ഇവാന്‍ നടുങ്ങിയില്ല.
അയാള്‍ എത്രയോ മുമ്പ് ഇതു മനസ്സിലാക്കിയിരുന്നു. ”എന്നോട് ക്ഷമിച്ചെന്നു പറയൂ….” അയാള്‍ കെഞ്ചി.
ഇവാന്‍ ഒന്നും മിണ്ടിയില്ല.
സന്തോഷമായി കഴിഞ്ഞുവന്ന പഴയനാളുകളായിരുന്നു അയാളുടെ മനസ്സില്‍. കണ്ണുനിറഞ്ഞു മിഴിനീര്‍ ചാലിട്ടൊഴുകി. ആ തടിയന്‍ കരുണക്കുവേണ്ടി ഇവാന്റെ കാല്‍ക്കല്‍, തലയിട്ടുതല്ലി. കരഞ്ഞുകരഞ്ഞ് ആ മനുഷ്യന്റെ മുഖം വീര്‍ത്തിരുന്നു. അതു കണ്ടപ്പോള്‍ ഇവാന്‍ അയാളെ പിടിച്ചുയര്‍ത്തി. അവനെ കെട്ടിപ്പിടിച്ചുകൊണ്ട് ഇവാന്‍ പറഞ്ഞു. ”ദൈവം തന്നോട് ക്ഷമിക്കും സഹോദരാ.. തീര്‍ച്ച….”
ആ തടിയന് എന്നിട്ടും ദുഃഖം തീര്‍ന്നില്ല. അയാള്‍ ചെന്ന് ജയിലധികൃതരോട് കുറ്റം ഏറ്റുപറഞ്ഞു. ‘ഇവാന്‍ നിരപരാധിയാണ് അയാളെ വിട്ടയക്കുക’ എന്നുള്ള ഓര്‍ഡറുമായി അയാള്‍ ഓടിവന്നപ്പോഴേക്കും സന്തോഷചിത്തമായ മുഖത്തോടെ ഇവാന്‍ തറയില്‍ മരിച്ചു കിടക്കുന്ന കാഴ്ചയാണ് കണ്ടത്.
ഇരുളില്‍ കുഴിച്ചാലേ വൈരക്കല്ല് കണ്ടെത്താനാകൂ; ആത്മാവിന്റെ അഗാധതയില്‍ തിരഞ്ഞാലേ സത്യം കണ്ടെത്താന്‍ കഴിയൂ.