വ്യക്തിത്വമാണ് ഒരാളുടെ മനസ്സ്.മനസ്സാണ് ധൈര്യം .അവനവന്റെ വ്യക്തിത്വത്തിൽ അഭിമാനം കൊള്ളുന്നിടത്തോളം പതറില്ല ആരുടെയും മുന്നിൽ.വേറിട്ട അനുഭവങ്ങളിൽ നിന്നാണ് വേറിട്ട ചിന്തകൾ ഉണ്ടാകുന്നത് . വേറിട്ട ചിന്തകളാണ് വ്യത്യസ്തമായ ഒരു വ്യക്തിത്വം നമുക്ക് സമ്മാനിക്കുന്നത് . സാഹചര്യങ്ങൾ മാറി മാറി വരും . പക്ഷേ വ്യക്തിത്വം .. അതൊരിക്കലും മാറരുത് . നിങ്ങൾ എന്ന് വ്യക്തിയെ അല്ല.., നിങ്ങളിലെ വ്യക്തിത്വത്തെ ആയിരിക്കും കാലം ഓർത്തിരിക്കുക.
ഓരോ വ്യക്തിയുടെയും വ്യക്തിത്വം വളരെ വ്യത്യാസമുള്ളതാണ് . വ്യക്തിയുടെ സ്വഭാവനിരൂപണത്തിന്റെ പ്രധാന ഘടകമാണ് സ്വന്തം വ്യക്തിത്വം . അനുഭവങ്ങളിൽ നിന്നും നേടിയെടുക്കുന്ന സമ്പത്താണത്.ജന്മം കൊണ്ട് സൗന്ദര്യം നേടാത്തത് മനുഷ്യന്റെ തെറ്റല്ല .സ്വഭാവം കൊണ്ടും വ്യക്തിത്വം കൊണ്ടും സുന്ദരനാകാത്തത് അവന്റെ മാത്രം തെറ്റാണ് . വ്യക്തിത്വവളർച്ചയിലൂടെ സ്വന്തം ഗുണനിലവാരങ്ങൾ ഉയർത്തുക .
നമ്മുടെ വ്യക്തിത്വത്തെ സ്വയം നിർമ്മിക്കണം. അത്തരം പ്രവർത്തനങ്ങൾ മാത്രമാണ് നമ്മളിൽ ആന്തരിക പരിവർത്തനം സാധ്യമാക്കുന്നത്.
നമ്മളിൽ അടിമുടി മാറ്റം സൃഷ്ടിക്കാൻ സഹായിക്കുന്നതും അതാണ്...
ആരുടെ മുന്നിലായാലും എന്തിന് വേണ്ടിയാണെങ്കിലും സ്വന്തം വ്യക്തിത്വം അടിയറ വക്കാതെ ഇരിക്കുക. വ്യക്തിത്വം നഷ്ടപ്പെട്ട മനുഷ്യൻ പ്രകാശം നഷ്ടപ്പെട്ട മിന്നാമിനുങ്ങിനെ പോലെയാണ്.
ഒരു വ്യക്തിയുടെ വ്യക്തിത്വം.. സ്വഭാവം, എന്താണെന്നറിയാൻ അയാളുടെ ശീലങ്ങൾ.. ഇഷ്ടങ്ങൾ ,വീക്ഷിച്ചാൽ മാത്രം മതി. അതു തന്നെയായിരിക്കും അയാൾ.തെറ്റ് പറ്റിയെന്ന്
ബോധ്യമായാൽ ഉടൻ തന്നെ മാപ്പ് പറയുക. അതിൽ അഭിമാനം നഷ്ടപ്പെടുകയില്ല പകരം വ്യക്തിത്വം ഉണ്ടാവുന്നു.
ജീവിതത്തിൽ എപ്പോഴും ഒരു നല്ല വ്യക്തിയാവുക. നാം അതു മറ്റുള്ളവരെ ധരിപ്പിക്കേണ്ടതില്ല. മനസ്സിൽ നന്മയുള്ളവർ തീർച്ചയായും അത് തിരിച്ചറിയുക തന്നെ ചെയ്യും. നമ്മുടെ വ്യക്തിത്വം മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ അത് അഭിനയമായി മാറും.
✍️: അശോകൻ.സി.ജി.