വിഡിയോ കാണല്‍ മാത്രമല്ല, യൂട്യൂബില്‍ ഇനി ഗെയിമും കളിക്കാം
യൂട്യൂബിലെ മൊത്തം ട്രാഫിക്കിന്റെ 15 ശതമാനവും, വീഡിയോ ഗെയിം ലൈവ് സ്ട്രീം ചെയ്യുന്നവരുടെ സംഭാവനയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ...?
അതെ, ഗെയിമിങ്ങില്‍ അതിവിദഗ്ധരായ വിരുതൻമാര്‍ അത് യൂട്യൂബില്‍ ലൈവായി സ്ട്രീം ചെയ്ത് ലക്ഷങ്ങളാണ് ഉണ്ടാക്കുന്നത്. ഗെയിമര്‍മാരുടെ പ്രധാന വരുമാന മാര്‍ഗവും സ്ട്രീമിങ്ങാണ്. ഓണ്‍ലൈൻ സ്ട്രീമിങ് രംഗം കീഴടക്കാനാണ് യൂട്യൂബ് ശ്രമിക്കുന്നത്. എന്നാലിപ്പോള്‍ വിഡിയോകള്‍ക്കൊപ്പം യൂട്യൂബില്‍ ഗെയിമുകളും അവതരിപ്പിക്കാൻ പോവുകയാണ്.
'പ്ലേയബിള്‍സ്' എന്ന പേരില്‍ ഹോംപേജില്‍ പുതിയ ടാബ് പരീക്ഷിക്കുകയാണ് യൂട്യൂബ്. അതിലൂടെ ആപ്പിനുള്ളില്‍ ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാതെ കളിക്കാൻ സാധിക്കും. HTML5 അടിസ്ഥാനമാക്കിയുള്ള 3ഡി ബാള്‍ ബൗണ്‍സിങ് ഗെയിമായ 'സ്റ്റാക്ക് ബൗണ്‍സ്' പോലുള്ള ഗെയിമുകളാണ് നിലവില്‍ യൂട്യൂബ് പരീക്ഷിക്കുന്നത്. ഇപ്പോള്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കിടയില്‍ മാത്രം പരീക്ഷിക്കുന്ന സേവനം യൂട്യൂബ് വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും വൈകാതെ ലഭിക്കും.
നെറ്റ്ഫ്ലിക്സും ടിക്ടോകും അവരുടെ പ്ലാറ്റ്ഫോമുകളില്‍ നേരത്തെ തന്നെ ഗെയിമുകള്‍ പരീക്ഷിക്കാൻ തുടങ്ങിയിരുന്നു. ആളുകളെ കൂടുതല്‍ നേരം പിടിച്ചിരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.